32/365 ഒത്തുചേരലും വേർപിരിയലും

പല ഒത്തുചേരലുകളുടെയും ഭാഗമായി ലോകത്തിന്റെ നാനാ ഭാഗത്തുള്ള സുഹൃത്തുക്കളെ വിളിക്കുകയും കൂടെ ആരെങ്കിലും ഈ ONV വരികൾ ചൊല്ലുകയും ചെയ്യാറുണ്ട്… ഒരു പതിവാണ്…

വേര്‍പിരിയുവാന്‍ മാത്രമൊന്നിച്ചു കൂടി നാം വേദനകള്‍ പങ്കുവെക്കുന്നു ഈ വേദനകള്‍ ഏറ്റുവാങ്ങുന്നു കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നു കവിതയുടെ ലഹരി നുകരുന്നു…
കൊച്ചുസുഖദുഃഖ മഞ്ചാടിമണികള്‍ ചേര്‍ത്തുവെച്ചു പല്ലാങ്കുഴി കളിക്കുന്നു വിരിയുന്നു കൊഴിയുന്നു യാമങ്ങള്‍ നമ്മളും പിരിയുന്നു യാത്രതുടരുന്നു യാത്രതുടരുന്നു യാത്രതുടരുന്നു

മായുന്ന സന്ധ്യകള്‍ മടങ്ങി വരുമോ പാടി മറയുന്ന പക്ഷികള്‍ മടങ്ങി വരുമോ എങ്കിലും സന്ധ്യയുടെ കൈയ്യിലെ സ്വര്‍ണ്ണവും പൈങ്കിളിക്കൊക്കില്‍ കിനിഞ്ഞ തേന്‍തുള്ളിയും പൂക്കള്‍ നെടുവീര്‍പ്പിടും ഗന്ധങ്ങളും മൗനപാത്രങ്ങളില്‍ കാത്തു വെച്ച മാധുര്യവും മാറാപ്പിലുണ്ടെന്റെ മാറാപ്പിലുണ്ട് അതും പേറി ഞാന്‍ യാത്രതുടരുന്നു യാത്രതുടരുന്നു യാത്രതുടരുന്നു…..

മൂന്ന് ദിവസമായി ഞങ്ങൾ ലാസ് വേഗസിലാണ്… കോളേജിൽ ഒരേ കാലത്ത് പഠിക്കുകയും ജീവിക്കുകയും ചെയ്ത ഒരു കൂട്ടം ചങ്ങായിമാർ… വരാൻ ആഗ്രഹിച്ചിരുന്ന ചിലർക്ക് വരാൻ കഴിഞ്ഞില്ല…. അങ്ങനെ 12 പേരെന്ന് കരുതി…. ഞങ്ങൾ 9 പേർക്ക് എത്തി ചേരാനും ഒത്തു കൂടാൻ കഴിഞ്ഞു…

ലാസ് വേഗസ് സ്ട്രിപ്പിൽ തന്നെയുള്ള 16 പേർക്ക് ഒരുമിച്ച് കുത്തി മറയാൻ കഴിയുന്ന ഒരു ഫ്ലാറ്റ് എടുത്തായിരുന്നു ഒത്തു കൂടൽ… മായാത്ത ഓർമ്മകൾ മദ്യം ചേർത്തും ചേർക്കാതെയും അന്യോന്യം കൈ മാറി….

വേഗസ് സ്ട്രിപ്പിൽ കൂടി നടന്നു… രാവിലെ ഒരുമിച്ചു ഓംലറ്റും ബ്രെഡും ഉണ്ടാക്കി കഴിച്ചു… ചീട്ട് കളിച്ചു… ഉറങ്ങാതെ രാത്രികൾ റോഡുകളിലും കാസിനോകളിലും ക്ലബുകളിലും ബാറുകളിലും നടന്നു….

അമ്പതുകളിൽ ഇരിക്കുന്നവരുടെ ഇരുപതുകളിലെ മനസ്സുകൾ മുഖം മൂടികളില്ലാതെ വേഗസിൽ വിലസി നടന്നു…

പിന്നെ ആളുകൾക്ക് പോകാൻ സമയമായി… രാവിലെ 6 മണി തൊട്ട് ഓരോരുത്തരായി യാത്ര പറഞ്ഞിറങ്ങി…. ഞാനും മറ്റൊരു സുഹൃത്തും മാത്രമാണ് അവസാനം മുറിയും പൂട്ടി ഇറങ്ങിയത്…

രാവിലെ തൊട്ട് ചങ്കിന്റെ ഓരോ ഭാഗം പറച്ചു കളയുന്നത് പോലെ ഓരോരുത്തരെ കെട്ടി പിടിച്ചു യാത്ര പറഞ്ഞു… “ന്നാപ്പിന്നെ പോട്ടെടാ…കാണാം…” എന്ന് നിർത്തിയും ഒഴുകിയും ഓരോരുത്തർ പറഞ്ഞൊപ്പിച്ചു പിരിഞ്ഞു…..

ഞാൻ ഫ്‌ളൈറ്റ് ബോർഡ് ചെയ്യാനിരിക്കുമ്പോൾ കൂടെ ധാരാളം ഓർമ്മകളും കോഴിക്കോട്ടെ ആ കോളേജിലേക്ക് (NIT) ഒന്നും കൂടി പോയത് പോലുള്ള അനുഭവം…

കൂടെ പഠിച്ച് ഇന്ന് ഞങ്ങൾക്കിടയിൽ ഇല്ലാത്ത പലരെയും ഓർത്തു സംസാരിച്ചു…. രാഷ്ട്രീയം പറഞ്ഞു…. ജീവിതത്തെ കുറിച്ചും അതിൽ ഇതുപോലുള്ള കൂടിക്കാഴ്ച്ചകളുടെ പ്രസക്തിയും ചർച്ച ചെയ്തു.. ഇനിയും ഈ ഒത്തുചേരൽ വേണമെന്ന് തീരുമാനിച്ചു…

എല്ലാവർക്കും ഒരുപോലെ ഇഷ്ടമല്ലാത്ത ചിലരെ കുറിച്ച് ദുഷിപ്പ് പറഞ്ഞു… അവരുടെ ആഭാവത്തിൽ അവരെ കളിയാക്കി ചിരിച്ചു…

ഫ്ളൈറ്റിൽ തിരിച്ചു പോകുമ്പോൾ കാലവും ദേശവും മറികടന്ന് ഓരോരുത്തർക്കും അവരവരുടെ ഓർമ്മകളിലേക്ക് പോകാനുള്ള അവസരമുണ്ടായി കാണണം…

എനിക്ക് ഈ കുറിപ്പ് പങ്കു വയ്ക്കുന്നതിലും

സ്നേഹം 🥰🙏
പഹയൻ



Categories: 365 Days Writing Project, Memories

Leave a comment