40/365 ബഹള ലോകം

നിങ്ങൾക്ക് എപ്പോഴെങ്കിലും ജീവിതം ഒരു ബഹളമായി തോന്നാറുണ്ടോ..? എനിക്ക് പതിവുണ്ട്. ഇടയ്ക്ക് ഞാനാണ് ആ ബഹളം മുഴുവൻ ഉണ്ടാക്കുന്നത്. ഇടയ്ക്ക് ഞാൻ ഒരു ശബ്ദം പോലുമുണ്ടാക്കുന്നില്ല.

ഇടയ്ക്ക് ബഹളം വയ്ക്കാൻ ശ്രമിച്ചിട്ട് പറ്റാതെ പോകുന്നതാണ്… മറ്റു ചില സമയത്ത് ഞാൻ മനപ്പൂർവ്വം ഒരു നിശബ്ദത അനുഭവിക്കുകയാണ്.

എന്റെ ചുറ്റും ആളുകൾ ബഹളം വച്ച് കൊണ്ടിരിക്കുന്നു. അതിന്റെ ഇടയ്ക്ക് ചില നിശ്ശബ്ദതകൾ എനിക്കും വീണ് കിട്ടുന്നുണ്ട്. ഇല്ലെന്നല്ല… ബഹളത്തിൽ നിന്നും ശ്വാസം വലിക്കാൻ ചെറിയൊരു സമയം എല്ലാവരും ഒരുമിച്ച് പ്ലാൻ ചെയ്ത് എടുക്കുന്ന പോലെ.

ബഹളങ്ങളുടെ തിരമാലകൾ പോലെ. ബഹളത്തിന്റെ ഒരു വലിയ കടൽ തന്നെ.. അതിന്റെ തീരത്ത് അടുത്ത തിരയും നോക്കി നിൽക്കുന്ന ഞാൻ…. ഈ ബഹളം എന്ന് പറയുമ്പോൾ പലപ്പോഴും എന്റെ ഉള്ളിൽ മാത്രമാണ് എന്നതാണ് രസം.. ആളുകൾക്ക് life as usual തന്നെ….

ഇന്റർനെറ്റിന്റെ ബഹളം ജോലിയുടെ ബഹളം സമൂഹത്തിലെ കലഹങ്ങളുടെ ബഹളം.. ആഗ്രഹങ്ങളുടെ ബഹളം… അനുരാഗങ്ങളുടെ ബഹളം… കാമത്തിന്റെ ബഹളം… സ്വപ്നങ്ങളുടെയും വിജയങ്ങളുടെയും പരാജയങ്ങളുടെയും കണ്ടെത്തലുകളുടെയും എത്തിപ്പിടിക്കലുകളുടെയും ഒക്കെ ബഹളം… ബഹളം… ബഹളം… ബഹളം…

നിശബ്ദത അനുഭവിക്കാൻ ഒരു കുന്നുംപുറത്ത് പോയാലും രക്ഷയില്ല എന്ന പോലുള്ള ബഹളം. അത് കൊണ്ടാവാം കുന്നിന്റെ മുകളിൽ പോകുന്നവർ താഴേക്ക് നോക്കി അലറുന്നതും ആരെയോ വിളിക്കുന്നതും കൂവുന്നതും ഒക്കെ.

കുന്നിൻപുറത്ത് പോയി ഒറ്റക്ക് ആരും കാണാതെ കരയുന്നവരും ഉണ്ടെന്ന് കേട്ടിട്ടുണ്ട്… അറിയില്ല… ആരും കാണാതെ കരഞ്ഞെങ്കിൽ നമ്മൾ എങ്ങനെ അറിയും അല്ലെ…?

ബഹളങ്ങൾ ഇല്ലാത്തൊരു ലോകം എനിക്ക് അന്യമാണ് എന്ന് തന്നെ പറയാം. ഇന്ന് അല്പം ബഹളം കുറഞ്ഞപ്പോൾ ഇങ്ങനെ ബഹളത്തെ കുറിച്ച് എഴുതുകയും ചെയ്തു.

ഒരു കാര്യവുമില്ല ബഹളത്തിലേക്ക് എന്റെ ചെറിയ സംഭാവനകൾ 🙏

സ്നേഹം 🥰
പഹയൻ



Categories: 365 Days Writing Project

Tags: , , ,

Leave a comment