മ – എന്നൊരെഴുത്ത്

ഒരെഴുത്ത് മാത്രം മതിയെന്നാണ്…

അക്ഷരങ്ങൾ ഒന്നൊന്നായി വച്ച്
കൂടി ചേരുന്ന വാക്കുകൾ പറയും
അടുത്തത് എന്തെഴുതണം എന്ന്

എഴുതാനായി എഴുതാൻ കഴിയില്ല
അതിനിരുന്നാൽ പിന്നെ ശൂന്യതയാണ്
വാക്കുകൾ വരും
എന്തെങ്കിലുമൊക്കെ ആശയമായി
അവ മാറിയെന്നുമിരിക്കും..
പക്ഷെ പൂർണ്ണതയെത്താൻ കഴിയില്ല

എന്റെ കാര്യമാണ് പറയുന്നത്

നിങ്ങൾ ഒന്നെഴുതി തരുമോ
എന്ന് ചോദിക്കുന്നിടത്താണ്
എന്റെ എഴുത്തവസാനിക്കുന്നത്

ഏറെ വിഷമമുള്ളൊരു സംഭവമാണ്…
ഭാഷയോടുള്ള അതിയായ സ്നേഹവും
അതാവശ്യത്തിന് അറിയില്ല എന്നതിന്റെ
വലിയ വിഷമവും കുറച്ചിലും ചേർന്നുള്ള
തീർത്തും അസഹ്യമായൊരു അവസ്ഥ…

ഒറ്റക്ക് മാത്രം നിൽക്കാനും ജീവിക്കുവാനും
കഴിയുന്നതായി മാറിയിരിക്കുന്നു എന്റെ എഴുത്ത്
മറ്റെതൊരെഴുത്തിന്റെ കൂടെ വച്ചാലും
ഉരുകി ഇല്ലാതാവും അത്…
അക്ഷരങ്ങളും അർത്ഥങ്ങളും ആശയങ്ങളും

ഒരുമിച്ചു ജീവിക്കാൻ എന്റെഴുത്തിന് അറിയില്ല
അത് ഒറ്റപ്പെട്ട് കിടക്കുന്നു
ലോകത്തിലെ അനേകായിരം മനുഷ്യരെ പോല
ഒറ്റപ്പെട്ടു കിടക്കുന്നു…
കോൺഫോം ചെയ്യാൻ വിസമ്മതിക്കുന്നു

അതിന് ശൈലിയില്ല രീതിയില്ല…
എന്നെ പോലെ എനിക്ക് തന്നെ
മനസ്സിലാക്കാൻ കഴിയാത്തതാണതും

നല്ലതും ചീത്തയും അല്ല
ലോകത്തിന് അർത്ഥശൂന്യവും
എനിക്ക് അർത്ഥവത്താവുന്നതുമാണത്

എഴുത്തുകാരനല്ല ഞാൻ….

എനിക്ക് മാറ്റാൻ കഴിയാത്ത
ഒരു തരം ഇമ്പോസ്റ്റർ സിൻഡ്രോം
ഒരു ആത്മവിശ്വാസം ഇല്ലായ്മ..
അതെന്റെ എല്ലാ എഴുത്തിലും കാണും..

നിങ്ങൾ കണ്ടില്ലെങ്കിലും
എനിക്കവയിൽ അത് മാത്രമേ കാണാൻ കഴിയുള്ളു….

ആർക്കും കാണാത്ത ഒന്ന്
പക്ഷെ അതിലുണ്ട്..

ഒരു മലയാളി….
ഓരോ വാക്കിലും…
ലോകം വിലയിരുത്തും എന്ന് ഭയന്ന്
ശരിയായ മലയാളം എഴുതാൻ ശ്രമിച്ച്
വീണ്ടും വീണ്ടും പരാജയപ്പെടുന്ന
ഒരു ലോക മലയാളിയെ…

കഷമിക്കണം…..
ഒന്നും എഴുതാൻ കഴിയുന്നില്ല…

-പഹയൻ-
Categories: Malayalam Poems

Tags: , , , , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: