പണ്ട് ചെറിയുള്ളി പൊതിഞ്ഞു കിട്ടിയ പത്രത്തിന്റെ കഷ്ണത്തിലാണ് അവളെ പറ്റി ആദ്യം വായിച്ചത്. അല്പം മങ്ങിയതെങ്കിലും ഒരു ഫോട്ടോ പേരിന്റെ അടുത്ത് കൊടുത്തിരുന്നു. അതില്‍ അവള്‍ക്ക് കണ്ണടയുണ്ടായിരുന്നോ എന്നോര്‍ക്കുന്നില്ല. ഉണ്ടായിരുന്നിരിക്കണം…
പിന്നീട് പലപ്പോഴും കണ്ടപ്പോള്‍ കണ്ണട ധരിച്ചിരുന്നു. അതെ കണ്ണടയുണ്ടായിരുന്നു. ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു പത്രം… പത്രത്തില്‍ അവളുടെ പേര്.
കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി തമ്മില്‍ വളരെ അടുത്തറിഞ്ഞതാണ്. പിന്നെ എപ്പോഴോ ആ ബന്ധവും അവസാനിച്ചു. അല്ല അവസാനിപ്പിച്ചു. ആര് എന്നത് ഇന്ന് പ്രസക്തമല്ല.
പിന്നൊരിക്കല്‍ പത്രത്തില്‍ വീണ്ടും ഒരു വാര്‍ത്ത….. അത് തീരെ പ്രതീക്ഷിച്ചതല്ല. വാര്‍ത്തക്കൊപ്പം കൊടുത്തിരുന്ന ആളുടെ ചിത്രം ഓര്‍മ്മയുണ്ട്. അതില്‍ കണ്ണടയുണ്ടായിരുന്നില്ല.
ലേസര്‍ ചെയ്യണം എന്ന് പറയാറുണ്ടായിരുന്നു. പക്ഷെ ഞാന്‍ തന്നെയാണ് വിലക്കിയത്. കണ്ണട വയ്ക്കുമ്പോള്‍ കാണാന്‍ കൂടുതല്‍ ചന്തമുണ്ടായിരുന്നു എന്നായിരുന്നു എന്റെ വാദം. മറ്റൊരാളുടെ മുഖം അവരുടെ കാഴ്ച്ച ഇഷ്ടം സൗകര്യം… എന്നിട്ടും വിലക്ക് നമ്മുടെ വകയും… എന്തൊരു അല്പന്‍.. ലേസര്‍ ചെയ്താലും കണ്ണട വയ്ക്കാമല്ലൊ എന്ന മറുവാദം ഇങ്ങോട്ട് പറഞ്ഞില്ല… എന്തു കൊണ്ടായിരിക്കും…?
ആ ചിത്രത്തില്‍ അന്ന് കണ്ണടയുണ്ടായിരുന്നില്ല. ശരിയാണ്.. ഇനി ചിത്രത്തിന് വേണ്ടി കണ്ണട ഊരി വച്ചതായിരിക്കുമോ… ആര്‍ക്കറിയാം…?
അങ്ങിനെ ഓര്‍ത്തോര്‍ത്തു പത്രത്തില്‍ വന്ന വാര്‍ത്ത എന്തായിരുന്നെന്ന് പോലും ഇന്ന് മറന്നു പോയി…. അല്ലെങ്കിലും ഇന്നൊക്കെ വാര്‍ത്തയില്‍ എന്തിരിക്കുന്നു…..
കണ്ണട വച്ചിരുന്നില്ല. അത് മാത്രമേ മനസ്സില്‍ തങ്ങി നില്‍ക്കുന്നുള്ളൂ. കണ്ണട വച്ചിരുന്നില്ല….കണ്ണട വച്ചിരുന്നില്ല…..
-പഹയന്‍-
Categories: Malayalam Stories
Leave a Reply