അങ്ങനെ ഒരു അധ്യാപക ദിനം കൂടി കടന്ന് പോകുന്നു… സോഷ്യൽ മീഡിയയിൽ അധ്യാപകരെ നന്ദി പറഞ്ഞും അധ്യാപകരുടെ പ്രശനങ്ങൾ ചുണ്ടി കാട്ടിയും പോസ്റ്റുകൾ കടന്ന് പോകുന്നു…. ഇവിടെ ഇപ്പോഴാണ് സെപ്റ്റംബർ അഞ്ചായത്… അതാണ് അവനെ അധ്യാപക ദിനം തീരുന്ന നേരം പോസ്റ്റുമായി വരുന്നത്…
ഈ പോസ്റ്റിൽ ഞാൻ എന്റെ ഒരു അധ്യാപകരെയും ടാഗ് ചെയ്യുന്നില്ല, മുന്പൊക്കെ പതിവുണ്ട്…. വായിക്കുന്നവർക്ക് അറിയാം…. എന്റെ അധ്യാപകർക്കും എനിക്ക് അവരോടുള്ള ബഹുമാനമറിയാം…. ടാഗ് ചെയ്യുന്നില്ല…
കഴിഞ്ഞ രണ്ടു വർഷത്തിൽ അഭിപ്രായങ്ങൾ പറഞ്ഞതിന് ധാരാളം സുഹൃത്തുക്കളെയും ശത്രുക്കളെയും ലഭിച്ചിട്ടുണ്ട്…. ഇനി എനിക്ക് വളരെ വേണ്ടപ്പെട്ട അധ്യാപകരെ ടാഗ് ചെയ്ത് “നിന്നെയൊക്കെ പഠിപ്പിച്ചത് ഇവരാണല്ലേ എന്നിട്ടും നീയെന്താ ഇങ്ങനെ” എന്ന പ്രബുദ്ധ മലയാളികൾ ചിലരുടെ കമന്റ് കാണണ്ട എന്ന് തോന്നി…
സത്യത്തിൽ ഞാൻ ഇങ്ങനെ ആയതിൽ എന്നെ പഠിപ്പിച്ചവർക്ക് വലിയ പങ്കുണ്ട്…പഠിപ്പിക്കാത്തവർക്കും ഉണ്ട്… പക്ഷെ ഇന്ന് തിരിഞ്ഞ് നോക്കുന്പോൾ നല്ല ഓർമ്മകൾ മാത്രമാണ് അധ്യാപകരെ കുറിച്ച് മനസ്സിൽ… അത് ഞാൻ വളരെ നല്ലൊരു കുട്ടിയായിട്ടൊന്നുമല്ല…. ‘ശിക്ഷ’ എന്ന വാക്കിന് മലയാളത്തിലും ഹിന്ദിയിലും രണ്ടർത്ഥമാണ്.. രണ്ടും നന്നായി ലഭിച്ചിട്ട് തന്നെയാണ് ഇങ്ങനെയൊക്കെയായത്… അതായത് പഴയ ശിക്ഷാ നടപടി നല്ലതാണെന്നാണ്…. അത് മോശമായിരുന്നു എന്ന് തന്നെയാണ് വിശ്വാസം….
പഠിപ്പിക്കാൻ അറിയാത്ത പഠിപ്പിക്കാൻ ഇഷ്ടമില്ലാത്ത ആരും ഇയാളെ പഠിപ്പിച്ചിട്ടില്ലേ എന്ന ചോദ്യം വരാം… ഉണ്ടല്ലോ…. പഠിപ്പിക്കാൻ അറിയാത്തതിന് നമുക്ക് കുറ്റം പറയാൻ കഴിയുമോ….? അറിയില്ല….
പഠിപ്പിക്കാതെ മറ്റു കാര്യങ്ങളിൽ താല്പര്യം കാണുന്ന അധ്യാപകരെ കുറ്റം പറയാൻ കഴിയുമായിരിക്കും… പക്ഷെ അങ്ങനെയുള്ള ആരും എനിക്ക് മനസ്സിൽ വരുന്നില്ല…
മാത്രമല്ല അധ്യാപകരെ അങ്ങനെ വിലയിരുത്താൻ അന്ന് വലിയ പഠിപ്പ് പ്രിയനൊന്നുമായിരുന്നില്ല ഞാൻ…. അധ്യാപകർ എന്തെങ്കിലും കാരണങ്ങളാൽ സ്കൂളിൽ വന്നില്ലെങ്കിൽ സന്തോഷിക്കുകയും ഫ്രീ പീരിയഡ് കൊളമാക്കാൻ കയറി വരുന്ന അധ്യാപകരെ പ്രാകുകയും ചെയ്ത ഒരു മാതൃകാ
വിദ്യാർത്ഥിയായിരുന്നു ഞാൻ… ഞാനാര് അധ്യാപകരെ അളക്കാൻ..
ഇരുപതാം വയസ്സിൽ അധ്യാപകനാവണം എന്ന ചിന്ത മനസ്സിൽ തീരെ ഉണ്ടായിരുന്നില്ല…. പഠിക്കുക എന്നത് വലിയൊരു കാര്യമായി തോന്നിയില്ല (മാർക്കൊക്കെ കിട്ടാറുണ്ടായിരുന്നെങ്കിലും)…. അധ്യാപക ജീവിതം ആണ് ശ്രേഷ്ഠം എന്നും തോന്നാഞ്ഞത് കൊണ്ടുമാകണം… ജീവിതത്തെ കുറിച്ച് വലിയ സങ്കല്പങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല താനും…. ഒരു ‘also ran’ വിദ്യാർത്ഥിയായിരുന്നു…. ഒരു പ്രത്യേകതയും പറയത്തക്ക കഴിവും ഇല്ലാതെ പഠിക്കുന്ന കാലത്ത് ഒരു കാര്യത്തിലും ഒരു പ്രൈസ് പോലും ലഭിക്കാത്ത ഒരുത്തൻ…. 🙂
പക്ഷെ അന്പതിനോട് അടുക്കുന്പോൾ ഇന്ന് മുന്നോട്ടുള്ള ജീവിതത്തിൽ ആകെ കാണുന്ന റോൾ അധ്യാപകന്റേതാണ്….. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആ പദവി ഇല്ലെങ്കിലും ചെയ്യുന്ന ജോലി ഒരു തരം പഠിക്കലും പഠിപ്പിക്കലും തന്നെ… വിദ്യാർത്ഥിയും അധ്യാപകനും ചേർന്നുള്ള ഒരു ജീവിതം… ഒരിക്കലും പ്രതീക്ഷിച്ചതല്ല.. പക്ഷെ അതാണ് ഇപ്പോൾ… ഇനിയങ്ങോട്ടും…
കഴിഞ്ഞ ഏതാനും വർഷങ്ങൾ മനസ്സിൽ ഞാൻ ഇരുന്ന ക്ളാസ്സുകളിലേക്ക് തിരിച്ച് പോയിട്ടുണ്ട്.. ഓർമ്മകളിൽ നിന്നും പല മാഷുമ്മാരുടെയും ടീച്ചർമാരുടെയും കാര്യങ്ങൾ ഓർമ്മിച്ചെടുക്കാൻ ശ്രമിച്ചിട്ടുണ്ട്…. വീണ്ടും അധ്യാപനത്തെ കുറിച്ച് പഠിക്കാൻ പറ്റിയിട്ടുണ്ട്…. അതിൽ ചെയ്യാൻ പാടുള്ളതും പാടില്ലാത്തതും മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്…
എന്റെ ഇന്നത്തെ ചിന്തകൾക്ക് എന്നെ പഠിപ്പിച്ചവർക്കും പഠിപ്പിക്കാത്തവർക്കും പങ്കുണ്ട്…. സ്കൂളിലും കോളേജിലും ക്ളാസ് മുറികളിലല്ലാതെ ജീവിതത്തിൽ പഠിപ്പിച്ചവർക്കും പങ്കുണ്ട്….
പക്ഷെ ഇന്ന് അധ്യാപനം മാറുന്നുണ്ട്…. എന്റെ മകൻ വെൻട്രിലോക്വിസം (Ventriloquism) എന്ന പാവകളെ കൊണ്ട് സംസാരിച്ച് കാണിക്കുന്ന ഒരു കല പഠിക്കുന്നുണ്ട്… അവന്റെ ഗുരു യൂട്യൂബിലുള്ള ഡാർസി ലിന്നാണ്… ആ കുട്ടിക്കും ഏതാണ്ട് അവന്റെ പ്രായം….. മാത്രമല്ല ഇന്ന് അവൻ അവന്റെ സ്കൂളിൽ ഒരു വെൻട്രിലോക്വിസം ക്ലബ്ബ് തുടങ്ങി കുട്ടികളെ വെൻട്രിലോക്വിസം പഠിപ്പിക്കുന്നു… ഇപ്പോൾ zoom വഴിയും ക്ലാസ്സുകൾ നടത്തുന്നു…
ആർക്കും അധ്യാപകരാവാൻ കഴിയുന്ന കാലമാണ് ഇത്… കുട്ടികൾക്കും മുതിർന്നവർക്കും… അതിനോട് പലർക്കും എതിർപ്പുണ്ടാവാം കാരണം ആർക്കും ഡോക്ടർ ആവാൻ കഴിയില്ലെങ്കിൽ എങ്ങനെ ആർക്കും അധ്യാപകരാവാൻ കഴിയുന്നു…. ന്യായമായ ചോദ്യമാണ്….
പക്ഷെ ഡോക്ടർ പോട്ടെ എഞ്ചിനീയറുടെ കാര്യമെടുക്കാം…. എഞ്ചിനീയറിങ് കഴിഞ്ഞവരാണോ ഇവിടെ സോഫ്ട്വെയർ ഉണ്ടാക്കുന്നത്…? എന്റെ 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഞാൻ പല തരം സോഫ്ട്വെയർ എഞ്ചിനിയർമാരെയും കണ്ടിട്ടുണ്ട്… വളരെ നല്ല പല സോഫ്ട്വെയർ എൻജിനീയർമാരും പഠിച്ചത് എഞ്ചിനീയറിങ്ങല്ല… വക്കിൽപ്പണിക്ക് പഠിച്ചവർ… കോളേജിൽ പോകാത്തവർ… സംഗീതം പഠിച്ചവർ.. സൈകോളജി പഠിച്ചവർ… അങ്ങനെ പോകുന്നു…
പഠിപ്പിക്കാൻ താല്പര്യമില്ലാത്തവരും പഠിപ്പിക്കാൻ അറിയാത്തവരും അദ്ധ്യാപകരാവുന്നു എന്നതും ഇന്ന് ഒരു യാഥാർഥ്യമാണ്…. നന്നായി സോഫ്ട്വെയർ എഴുതാൻ കഴിയാത്തവർ സോഫ്ട്വെയർ എൻജിനീയറിങ് പദവി അലങ്കരിക്കുന്ന പോലെ… കംപ്യുട്ടർ എഞ്ചിനീയറിങ് കഴിഞ്ഞിട്ട് അതുമായി ഒരു ബന്ധമില്ലാത്തവർ മറ്റു പണിക്ക് പോകുന്ന പോലെ..
നമ്മൾ എന്ത് പഠിക്കുന്നു നമ്മൾ ജീവിതത്തിൽ എന്താവുന്നു എന്നത് തമ്മിൽ വലിയ ബന്ധമില്ലാത്ത ഒരു കാലത്ത് കൂടിയാണ് ഇന്ന് നമ്മൾ പോകുന്നത്….. അവിടെ അദ്ധ്യാപകർ വിദ്യാർത്ഥികൾ ഒക്കെ ആരാണ്…..
ക്ലാസ്സ് മുറികളിലേക്കാൾ കൂടുതൽ അറിവ് പുറത്തുള്ള കാലമാണ് ഇന്ന്… ഈ മാറി വരുന്ന ലോകത്ത് പഠനവും അധ്യാപനവും അധ്യാപകവൃത്തിയും വിദ്യാലയവും വിദ്യാർത്ഥിയും ഒക്കെ പുനർവിചിന്തനം ചെയ്യപ്പെടുന്നു…. ആഴത്തിലുള്ള വിദ്യാഭ്യാസം കുറയുന്നതും കാണാം….
ഇത്രയും എഴുതിയത് മലയാളം എഴുതി പഠിക്കാൻ വേണ്ടിയാണ്…. വെറും നാല് വർഷം മാത്രം മലയാളം പഠിച്ച എനിക്ക് എന്തെങ്കിലും ചെറിയതായി അക്ഷരത്തെറ്റോട് കൂടി വലിയ സങ്കോചമില്ലാതെ എഴുതാൻ കഴിയുന്നത് വായിച്ച പുസ്തകങ്ങളിൽ നിന്നുള്ള പ്രചോദനമാണ്…. അപ്പോൾ ആ പുസ്തകങ്ങളുടെ എഴുത്തുകാരും അധ്യാപകരല്ലേ….?
അധ്യാപനം ഒരു തൊഴിലാണ്…. ശരിയാവാം പക്ഷെ എനിക്ക് ഇന്ന് അധ്യാപനം ഒരു ജീവിത രീതിയാണ്….
കുട്ടികളുടെ ഭാവിക്ക് കുട്ടികളെ പഠിപ്പിക്കാൻ പഠിപ്പിക്കേണ്ട കാലമാണ് ഇന്ന്…. നിങ്ങൾ അറിയാതെ അധ്യാപകവൃത്തി ചെയുന്ന കാലമാണ് ഇത്…
എത്ര പഠിച്ചിട്ടും പോരാതെ വാട്ട്സാപ്പ് യൂണിവേഴ്സിറ്റിയിൽ പഠിപ്പിച്ചും പഠിച്ചും ജീവിക്കുന്നവരുടെ ലോകത്ത് ഒരു അധ്യാപക ദിനത്തിന്റെ പ്രസക്തി എന്താണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു…
ഇതൊക്കെ തന്നെ ചില അധ്യാപക ദിന ചിന്തകൾ…..
മർത്ത്യൻ
Categories: Memories
Leave a Reply