
പിന്നെ എപ്പോഴോ മെസെഞ്ചർ വഴി സംസാരിച്ചിട്ടുണ്ട് എന്നായിരുന്നു ഓർമ്മ… നാട്ടിൽ വരൂന്പോൾ കാണണം എന്നും പറഞ്ഞുറപ്പിച്ചിരുന്നു എന്നും ഒരോർമ്മ…
FBയിൽ മുല്ലനേഴിയുടെ ഇന്ത്യൻ റുപ്പിയിലെ ‘ഈ പുഴയും..’ ലൂയി ആലപിച്ചപ്പോൾ ആ വരികളിൽ ഞാൻ പങ്കെടുത്ത ചില സായാഹ്ന സദസ്സുകളും ഓർമ്മ വന്നു… ആ സദസ്സുകളിൽ എവിടെയോ ലൂയിയുമുണ്ടായിരുന്നുവോ? എന്നും ചിന്തിച്ചിരുന്നു…..
ന്യുസ് ഫീഡിൽ വരുന്ന ലൂയിയുടെ പോസ്റ്റുകൾ കാണുന്പോൾ ഒക്കെ വായിക്കാറുമുണ്ട്…. ഇന്ന് ലൂയി വിട പറഞ്ഞ വാർത്ത അറിഞ്ഞപ്പോൾ ഫേസ്‌ബുക്കിൽ പോയി… ലൂയിയുടെ പ്രൊഫൈൽ…. പണ്ട് മെസഞ്ചറിൽ ചാറ്റ് ചെയ്തിരുന്നു എന്ന ഓർമ്മയിൽ മെസ്സഞ്ചർ തുറന്നു… ഇല്ല… സംസാരിച്ചിട്ടില്ല… തോന്നിയതാണ്….
2016 ജനുവരി രണ്ടിന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചതിന് ഒപ്പം ഒരു മെസെജുമയച്ചിരുന്നു…. 23ന് ഒരു ഫോളോ അപ്പ് ‘നമസ്കാരണ്ട്’ എന്നും പറഞ്ഞിരുന്നതായി കണ്ടു… ലൂയി റിപ്ലൈ ചെയ്തിരുന്നില്ല…. പിന്നെ 2017 ജൂൺ 28ന് ‘യാരത്?’ എന്നൊരു മെസേജ് മാത്രമേ ലുയിയിൽ നിന്നും ഉണ്ടായിരുന്നുള്ളു… അത് ഞാൻ ശ്രദ്ധിച്ചും ഇല്ല…
അപ്പോൾ മെസഞ്ചറിൽ സംസാരിച്ചിരുന്നു എന്ന് എനിക്ക് തോന്നിയത്….? വെറുതെ തോന്നിയതാവണം… അങ്ങനെ ഉണ്ടാവാം…. നമുക്ക് വേണമെന്ന് തോന്നുന്നത് പിന്നീട് നമ്മൾ തന്നെ ഓർമ്മകളായി മിനഞ്ഞെടുക്കാറുണ്ട് എന്നാരോ പറഞ്ഞ് കേട്ടിട്ടുണ്ട്…. അതാവാം….
വീണ്ടും പ്രൊഫൈലിൽ പോയി ഈ പടം നോക്കി…. കഴിഞ്ഞ വെള്ളിയാഴ്ച്ച 24ന് അവസാനമായി ഇട്ട പോസ്റ്റ് കണ്ണിൽ പെട്ടു… അതിൽ ലൂയിയുടെ പുതിയ ഫോൺ നന്പർ പോസ്റ്റ് ചെയ്തിരുന്നു… ലോകത്തിന് ലൂയിയെ വിളിക്കാനായി….
ഇപ്പോഴാണ് ആ പോസ്റ്റ് കണ്ടത്…. ഇല്ലെങ്കിൽ ഒന്ന് വിളിക്കാമായിരുന്നു…. പരിചയപ്പെടാമായിരുന്നു…. വിളിക്കുമായിരുന്നോ…? അറിയില്ല… എങ്കിലും അങ്ങനെ കരുതാനാണ് ഇപ്പോൾ തോന്നുന്നത്…
സ്വന്തം നന്പർ ലോകത്തിന് മുന്നിൽ തുറന്ന് കൊടുത്തിട്ട് ആരും വിളിച്ചാൽ കിട്ടാത്തൊരിടത്തേക്ക് പോകുന്നതിന് മുൻപ് ഒന്ന് പരിചയപ്പെടാമായിരുന്നു… വെറുതെ… എഴുതാത്ത കവിതകൾ ബാക്കി വച്ചല്ലെ എല്ലാ കവികളും പോകാൻ കഴിയു… അറിയാം… എങ്കിലും…..
ആദരാഞ്ജലികൾ
മർത്ത്യൻ
Categories: Memories
Leave a Reply