നീ നിന്റെ അപ്പന്റെ മേലാണ് ചവുട്ടി നിൽക്കുന്നത്,
അമ്മ പറഞ്ഞു
ശരിയാണല്ലൊ…
ഞാനതിന്റെ ഏതാണ്ട് നടുവിൽ തന്നെയാണ്
നല്ലവണ്ണം വെട്ടി നിരത്തിയ ഒരു പുൽമെത്തയുടെ
അപ്പന്റെ കുഴിമാടമാകണം ഇത്…
പക്ഷെ ഉറപ്പ് വരുത്താൻ അവിടെ കൊത്തിവച്ച കല്ലൊന്നും കണ്ടില്ല..
നിന്റെ അപ്പന്റെ മുകളിലാണ് നീ ചവുട്ടി നിൽക്കുന്നത്,
അവർ ആവർത്തിച്ചു..
ഇത്തവണ അല്പം ഉച്ചത്തിൽ തന്നെ…
പക്ഷെ അതും അല്പം വിചിത്രമായി തോന്നി.
അമ്മയും മരിച്ചിരിക്കുന്നല്ലോ…
ഡോക്ടർ ശരി വച്ചതാണല്ലോ…
ഞാനേതായാലും ഒരോരത്തേക്ക് ഒരൽപം നീങ്ങി നിന്നു
എന്റെ അപ്പൻ അവസാനിക്കുന്നിടത്ത്…
അമ്മ തുടങ്ങുന്നിടത്ത്..
ശ്മശാനം നിശ്ശബ്ദമായിരുന്നു…
മരങ്ങളിലൂടെ കാറ്റടിക്കുന്നുണ്ട്;
കേൾക്കാം, വളരെ പതുക്കെ..
അല്പം മാറി ഏതാനും നിരകൾക്കപ്പുറം ഒരു തേങ്ങലിന്റെ ശബ്ദവുമുണ്ട്
അതിനുമപ്പുറം, ഒരു നായയുടെ ഓരിയിടലും…
ശബ്ദങ്ങൾ മെല്ലെ നിലച്ചപ്പോൾ… ഞാനോർത്തു..
എന്നെ… ഇങ്ങോട്ട്… ഈ ശേമിത്തേരിയെന്ന് തോന്നുന്നിടത്തേക്ക്
എന്താണ് എന്നെ ഇവിടെയെത്തിച്ചത്?
ഓർമ്മ വരുന്നില്ല…
ചിലപ്പോൾ മനസ്സിൽ മാത്രമേ ഇതൊരു ശേമിത്തേരിയായി നിൽക്കുന്നുണ്ടാവുള്ളു..
ചിലപ്പോൾ ഒരു പാർക്കാവാം…
പാർക്കല്ലെങ്കിൽ ഒരു പൂന്തോട്ടം
സുഗന്ധം പരത്തുന്ന..
ചിലപ്പോൾ ഒരന്തപ്പുരവുമാകാം..
ഇപ്പോൾ ചിലതൊക്കെ വ്യക്തമാകുന്നുണ്ട്…
റോസാപ്പൂക്കളുടെ ഗന്ധം…
അല്ലലില്ലാതെ ജീവിതം ചുറ്റും നിറയുന്നു…
ജീവിക്കുന്നതിന്റെ ആ മധുരം…
അവർ പറയുന്നപോലെ…
എപ്പോഴെങ്കിലും എല്ലാവരും ഇവിടെയെത്തും..
പെട്ടന്ന് ഒറ്റക്കാണെന്നൊരു തോന്നൽ വന്നു….
അവരൊക്കെ എവിടെപ്പോയി..?
എന്റെ അനിയത്തിയും കൂട്ടുകാരിയും…
കേയിറ്റലിനും ആബിഗെയിലും…
ഇരുട്ടാൻ തുടങ്ങിയിരിക്കുന്നു…
ഞങ്ങളെ വീട്ടിലേക്ക് കൊണ്ടു പോകാനുള്ള കാറെവിടെ…?
ഏതായാലും ഞാൻ മറ്റൊരു വഴിയന്വേഷിക്കാൻ തുടങ്ങി..
അല്പം അസ്വസ്ഥയുമായി തുടങ്ങി…
അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്ന
ഒരുതരം ആകുലതയെന്ന് വേണമെങ്കിൽ പറയാം.
അവസാനം അല്പം ദൂരത്ത് നിർത്തിയിട്ട ചെറിയൊരു തീവണ്ടി കണ്ടു
ഇലകളുടെ മറവിൽ… വാതിലിനോട് ചാരി
അതിന്റെ കണ്ടക്ടർ സിഗരറ്റ് വലിച്ച് നിൽക്കുന്നു…
“എന്നെ കുട്ടാൻ മറക്കരുതേ” എന്നും ഉച്ചത്തിൽ കരഞ്ഞ്
ഞാൻ അങ്ങോട്ടോടി…
പല കുഴിമാടങ്ങളുടെയും മുകളിലൂടെ..
പല അമ്മമാരുടെയും അച്ഛന്മാരുടെയും മുകളിലൂടെ…
“എന്നെ കുട്ടാൻ മറക്കരുതേ”
അവസാനം അയാളുടെ അടുത്തെത്തിയപ്പോൾ
ഞാൻ ഉറക്കെ കരഞ്ഞു…
“മാഡം” അയാൾ റെയിൽ പാളങ്ങൾ ചൂണ്ടിക്കാട്ടി പറഞ്ഞു..
നിങ്ങൾക്ക് മനസ്സിലായിക്കാണും എന്ന് കരുതുന്നു…
ഇതിവിടെ അവസാനിക്കുകയാണ്…
മുന്നോട്ടിനി വഴിയില്ല…
അയാളുടെ വാക്കുകൾ കഠിനമായിരുന്നെങ്കിലും കണ്ണുകളിൽ അനുകമ്പയുണ്ടായിരുന്നു…;
അതെനിക്ക് വീണ്ടും ആവശ്യപ്പെടാൻ ധൈര്യം തന്നു..
“പക്ഷെ അവ തിരിച്ച് പോകുന്നുണ്ടല്ലോ” ഞാൻ പറഞ്ഞു..
ഇതിന് മുൻപും തിരികയാത്രകൾ ഉണ്ടായിട്ടുണ്ടെന്ന പോലെ,
നിങ്ങൾക്കറിയുമോ? അയാൾ ചോദിച്ചു..
ഞങ്ങളുടെ ജോലി വളരെ ബുദ്ധിമുട്ടുള്ളതാണ്..
ഞങ്ങൾ എത്രമാത്രം ദുഃഖവും നിരാശയും നേരിടുന്നുണ്ടെന്നറിയുമോ..?
കാപട്യമില്ലാത്ത… ഒരു തുറന്നുപറച്ചിലിന്റെ ഗൗരവത്തിൽ അയാളെന്നെ നോക്കി
ഞാനും ഒരിക്കൽ നിങ്ങളെ പോലെയായിരുന്നു…
കലഹങ്ങളും കോളിളക്കങ്ങളുമായുള്ള നിരന്തര പ്രണയത്തിൽ..
അപ്പോൾ ഞാനയാളോട് ഒരു സുഹൃത്തിനെ പോലെ സംസാരിക്കാൻ തുടങ്ങി;
അതിനെന്താ..? നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇവിടം വിടാമല്ലോ…
നിങ്ങൾക്ക് വീട്ടിൽ പോകാനൊരാഗ്രഹവുമില്ലേ..
ആ നഗരമൊന്നു കാണാൻ…?
ഇതാണെന്റെ വീട് അയാൾ പറഞ്ഞു
നഗരം… ഈ നഗരത്തിലാണ് ഞാൻ അപ്രത്യക്ഷമാവുന്നത്…
ലൂയിസ് ഗ്ലക്ക്
പരിഭാഷാ ശ്രമം – മർത്ത്യൻ
Categories: Malayalam translation, Uncategorized
Leave a Reply