30/365 രാഹുലന്റെ നടത്തവും അരിശവും

രാഹുലൻ ദിവസവും രാവിലെ എഴുന്നേറ്റ് നടക്കും… നടത്തം ആരോഗ്യത്തിനു നല്ലതാണത്രേ.. ആരും പറഞ്ഞിട്ടല്ല… രാഹുലൻ തന്നെ ജീവിത പരിചയം കൊണ്ട് മനസ്സിലാക്കിയെടുത്തതാണ്.. നടക്കുമ്പോൾ ചെറിയൊരു മുടന്ത് ഉള്ളത് കാലിന് പണ്ട് പറ്റിയൊരു പരുക്കാണ്… മുടന്തുണ്ടങ്കിലും നടത്തം മുടക്കരുത്….

നടക്കുമ്പോൾ സ്ഥിരം കാണാറുള്ള മുഖങ്ങൾ നോക്കി രാഹുലൻ പരിചയം നടിക്കാറുണ്ട്.. പക്ഷെ അന്ന് അങ്ങനെ ചെയ്യാൻ തോന്നിയില്ല… എല്ലാവരോടും ഒരു അമർഷം.. എല്ലാവരോടും എല്ലാത്തിനോടും… അരിശം….

കാലിന് അല്പം വേദനയുള്ളത് കൊണ്ടാവാം… രാഹുലൻ സ്വതവേ അമർഷവും ദേഷ്യവും പതിവില്ലാത്ത ആളാണ്. അത് പരിചയക്കാരോടായാലും അല്ലെങ്കിലും…

ദിവസവും അഞ്ച് കിലോമീറ്റർ നടക്കുക എന്നതാണ് പതിവ്. ഇടയ്ക്ക് അത് രണ്ടിൽ ചുരുക്കും. അതിന് കാരണങ്ങൾ പലതാവും.

ഏതായാലും അന്ന് എല്ലാവരെയും കണ്ട് പരിചയം നടിക്കുന്ന രാഹുലന്റെ അമർഷം നിറഞ്ഞ നോട്ടം കണ്ട് ഒരാൾ ചോദിച്ചു.. “വാട്ട്‌ ഹാപ്പണ്ട് ബ്രോ”

ഒരാൾ എന്ന് പറയാൻ കാരണം നടക്കുമ്പോൾ കാണാറുള്ള ആരുടേയും പേര് രാഹുലന് അറിയില്ല… ചോദിക്കാറില്ല… മുഖപരിചയത്തിൽ നിന്നും പേരിലേക്ക് പുരോഗമിക്കാത്ത ഒന്നായിരുന്നു രാഹുലൻ ഈ മുഖങ്ങൾ… രണ്ടു കാലുകളിലും ഇടക്ക് ഒരു വടി കുത്തിയും നടക്കുന്ന മനുഷ്യമുഖങ്ങൾ….

“നൺ ഓഫ്‌ യുവർ ഫക്കിങ് ബിസിനസ്സ്” കുശലം ചോദിച്ചവനെ നോക്കുക പോലും ചെയ്യാതെ രാഹുലൻ തിരിച്ചും പറഞ്ഞു.

അയാൾ നടത്തം നിർത്തി രാഹുലനെ നോക്കി. തിരിച്ചെന്തെങ്കിലും പറയണം എന്നയാളുടെ മനസ്സിൽ തോന്നിയിരിക്കണം. പിന്നെ മുടന്തി നടക്കുന്ന രാഹുലനെ കുറച്ചു നേരം നോക്കി നിന്നപ്പോൾ അങ്ങനെ പറയാൻ അയാൾ മടിച്ചിരിക്കണം..

വർഷങ്ങളായി ആ റൂട്ടിൽ നടക്കുന്ന രാഹുലനെ കാണുന്ന അയാൾ ആദ്യമായാവണം രാഹുൽനോട് ഒരു കുശലം ചോദിച്ചത്… രാഹുലന്റെ പേര് എന്താണെന്ന് പോലും അയാൾക്ക് അറിയില്ലായിരിക്കാം..

പേരുകൾ എത്ര അപ്രസക്തമാണ് അല്ലെ… ആ ദിവസത്തിന് ശേഷം അയാൾ രാഹുലനെ പറ്റി ചിന്തിക്കുമ്പോൾ എന്തെങ്കിലും ഒരു പേര് അയാളുടെ മനസ്സിൽ വരുമോ… ആദ്യമായി ഒരു കുശലം അന്വേഷിച്ചപ്പോൾ തിരിച്ചു തെറി പറഞ്ഞ പേരറിയാത്തയാൾ എന്നാവുമോ അയാളുടെ മനസ്സ് രാഹുലനെ വരക്കുക….

അന്ന് അയാളോട് അങ്ങനെ പ്രതികരിച്ചത് കൊണ്ട് രാഹുലന് അല്പം സമാധാനം തോന്നി കാണുമോ..? രാഹുലന്റെ വാക്കുകൾ കേട്ട അയാൾ അന്ന് വേറെ ആരോടെങ്കിലും പോയി തട്ടി കയറി കാണുമോ?

അന്ന് രാഹുലൻ രണ്ടു കിലോമീറ്ററേ നടന്നുള്ളു… കാരണം അറിയില്ല… നടക്കാൻ തോന്നിയില്ല… അഞ്ചു കിലോമീറ്റർ നടക്കുന്ന രാഹുലൻ ചില ദിവസം രണ്ടു കിലോമീറ്റർ മാത്രം നടക്കുന്നത് ഒരേ കാരണം കൊണ്ടല്ല…

അയാളും അന്ന് പതിവിൽ കുറവേ നടന്നു കാണുള്ളൂ എന്നുണ്ടോ..? അതോ അയാൾ അന്ന് ദിവസവും ചെയ്യുന്നതിനേക്കാൾ കൂടുതൽ വ്യായാമം ചെയ്ത് കാണുമോ..?

മനുഷ്യർ അവരോട് മറ്റു മനുഷ്യർ പെരുമാറുന്നതിനെ പല രീതിയലാണ് കാണുക.. അത് അവരുടെ ജീവിതത്തെ പല രീതിയിലാണ് ബാധിക്കുക.. രാഹുലന് മുടന്തുള്ളത് കൊണ്ടാണോ അയാൾ അന്ന് രാഹുലനെ തിരിച്ചു തെറി പറയാഞ്ഞത്. അല്ല അത് അയാളുടെ സ്വഭാവമാണോ…?

ഇനിയൊരു ദിവസം അവർ തമ്മിൽ കാണുമ്പോൾ ഇതിന്റെ തുടർച്ചയുണ്ടാവുമൊ..? അയാളുടെ പേരറിഞ്ഞിരുന്നെങ്കിൽ രാഹുലൻ അങ്ങനെ പ്രതികരിക്കില്ലായിരുന്നോ?

എന്താ രാഹുലന് പറ്റിയത് എന്നയാൾ ചിന്തിക്കുമോ… അടുത്ത ദിവസം നടക്കുമ്പോൾ രാഹുലന്റെയും അയാളുടെയും കണ്ണുകൾ അന്യോന്യം തിരയുമോ..? അല്ല അവരത് പാടെ മറക്കുമോ…?

മനുഷ്യരുടെ കാര്യമല്ലേ ഓരോരുത്തരും എങ്ങനെ പെരുമാറും എന്ന് ആർക്കും പറയാൻ കഴിയില്ലല്ലോ..

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അയാൾ മരിച്ചു… രാഹുലൻ അറിയില്ല… പക്ഷെ രാഹുലന്റെ കണ്ണുകൾ അയാളെ തിരയാറുണ്ടാവും… ചിലപ്പോൾ ഒരു സോറി പറയാനാവണം…

രാഹുലൻ ഇപ്പോഴും രാവിലെ നടക്കാൻ ഇറങ്ങും… ആരും രാഹുലനോട് പിന്നെ ഇത് വരെ കുശലം പറഞ്ഞിട്ടില്ല… ആരെങ്കിലും കുശലം പറഞ്ഞാൽ രാഹുലൻ അയാളെ ഓർക്കുമോ?

ആർക്കറിയാം.. നമ്മൾ മനുഷ്യരുടെ കാര്യമല്ലേ… നമ്മൾ എന്ത് എപ്പോൾ ചിന്തിക്കും പറയും ചെയ്യും എന്നൊക്കേ ആർക്കറിയാം

സ്നേഹം 🥰🙏
പഹയൻ



Categories: 365 Days Writing Project, Malayalam Stories

Leave a comment