എനിക്ക് ബോറടിക്കാറുണ്ടെന്ന് നിങ്ങൾക്കറിയുമോ ?
അല്പം വിചിത്രമാണെന്നറിയാം
വിരസത ഇന്നൊരു സംഭവമല്ലല്ലോ
വിരസതയെ നമ്മൾ മൊബൈൽ ആപ്പുകൾക്കുള്ളിൽ കുഴിച്ചിട്ടില്ലേ…?
ചില നേരം വിരസത തോന്നാറുണ്ട്..
മൊബൈൽ ഫോണിന്റെ ചാർജ് നഷ്ടപ്പെടുമ്പോഴല്ല
തൊട്ടടുത്ത് മൊബൈൽ ഫോണുണ്ടാവും
പക്ഷെ വിരസത വന്ന് വരിഞ്ഞു മുറുക്കും
വിരസതയുടെ അടിത്തട്ടിലേക്ക് ഒന്ന് പോയി
ഭൂതകാലത്തെവിടെയോ ചെന്നെത്തി
അവൻ കളിക്കാൻ വരാതിരുന്ന ആ ഒരു ദിവസത്തേക്ക്
ഒരു മനുഷ്യ കുട്ടി… പത്തു വയസ്സ് പ്രായം
മജ്ജയും മാംസവും ജീവനും ഒക്കെയുള്ള
ഒരു നിറഞ്ഞ പുഞ്ചിരിയായിരുന്നു അവൻ
വൈകീട്ട് അഞ്ചു മണിയോടടുത്തു
ഒരേയൊരു സുഹൃത്ത്….
അന്ന് കളിക്കാൻ അവനില്ല
തിരക്കാൻ വീട്ടിലേക്ക് ഞാനും ഓടി.
സുഖമില്ലെന്ന് അവന്റെ ആരോ പതിയെ പറഞ്ഞു
ആശുപത്രിയിലെക്ക് കൊണ്ടു പോയെന്ന്
വാതിൽപ്പടിയിൽ പുറത്തേക്ക് നോക്കി ഞാനും ഇരുന്നു
കൈയ്യിലെ പന്തിലേക്കും ബാറ്റിലേക്കും മാറി മാറി നോക്കി
അവ തിരിച്ചെന്നെയും….
അവയും അവനെ അന്വേഷിക്കുന്നുണ്ടോ…?
ഗേറ്റിന് പുറത്തേക്ക് മെല്ലെ നടന്നു
പന്ത് കൈയ്യിലും ബാറ്റ് പിന്നിൽ ഉരച്ചും
അവന് ബാറ്റ് നിലത്തുരയ്ക്കുന്നത് ഇഷ്ടമല്ല
ബാറ്റ് കക്ഷത്തിലേക്ക് മാറ്റി
സ്വന്തമായി ഒന്ന് കളിക്കാൻ ശ്രമിച്ചു
പന്തും ബാറ്റും എല്ലാം ഇന്നെന്റെത് മാത്രമായിരിക്കുന്നു.
പക്ഷേ അവനില്ല….
അവനില്ലാതെ എന്ത് കളി
ഇന്നും ചിലപ്പോൾ മടുപ്പ് തോന്നാറുണ്ട്
ഒരുപക്ഷേ അവനെ വല്ലാതെ ഓർമ്മ വരുന്നുണ്ടാവാം
ചിലപ്പോൾ…
എനിക്ക് വീണ്ടും പത്ത് വയസ്സാവുന്നതാവാം
സമയം എവിടെയോ കുടുങ്ങി കിടക്കുന്ന പോലെ
വർഷങ്ങൾക്ക് ശേഷവും അതേ ആ തോന്നൽ…
ഒരു പത്തു വയസ്സുകാരൻ ആശുപത്രിയിൽ നിന്ന് ഇറങ്ങി വരുമെന്ന്
ഞാൻ കാത്തിരിക്കുന്നു…
വരുന്ന വിരസതകളെ ഓമനിച്ചു കൊണ്ട്…
ഭാവിയിൽ ഒരു ദിവസം… എന്നെങ്കിലും…
ചിലപ്പോൾ…..
ഞാൻ അവന്റെ അടുത്തേക്ക് നടന്നു പോവും
-വിനോദ്-
Categories: കവിത
Leave a Reply