ഏപ്രിൽ മാസം അമേരിക്കയിൽ ദേശീയ കവിതാ മാസത്തിന്റെ തുടക്കമാണ്… മുൻപൊക്കെ എല്ലാ ദിവസവും ഒരു കവിതയെഴുതി ആഘോഷിക്കാറുണ്ട്… ഇപ്പോൾ വർഷങ്ങളായി അത് നിന്നിട്ട്… ഈ വർഷം വീണ്ടും അത് തുടങ്ങണം എന്ന് തോന്നി….
ഇംഗ്ലീഷിലാണ് എഴുത്ത് പതിവ്… എന്നാൽ അത് മലയാളത്തിലേക്കും മാറ്റിയെഴുതിയാലോ എന്നോർത്തു….
ഇതാ ഈ വർഷത്തെ കവിതാ മാസത്തിലെ ആദ്യത്തെ കവിത… കൂടെ ഒരു സെൽഫിയും
വാക്കുകൾ വറ്റി പോകുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
ഒരു പുഴ വറ്റി പോകുന്ന പോലെ
ചില വാക്കുകൾ ചേർത്തുവെച്ചാൽ ഒരു കവിതയാവില്ലെ…?.
അപ്പോൾ കവിത വാക്കുകളുടെ ഒരു പുഴയല്ലേ ?
ചിലപ്പോൾ വാക്കുകൾ വായ്ക്കുള്ളിൽ വച്ച് വരണ്ടുപോകും.
ചിലപ്പോൾ അവ അവിടെ വച്ച് മരണമടയും…
എന്താണ് ഒരു വാക്കിന്റെ ജീവിതം?
ഒരു കവിതയിലെ അവസാന വാക്കായി മാറുമ്പോൾ അത് മരിക്കുമോ?
ഒരു വാക്ക് കവിതയിൽ ഉപയോഗിച്ചാൽ, അത് ജനിച്ചുവെന്നാണോ അർത്ഥം?
ഒരു വാക്ക് ഒന്നിലധികം തവണ ഉപയോഗിച്ചാൽ, അതിനെ നമ്മൾ എന്ത് വിളിക്കും?
കവിതകൾക്ക് വാക്കുകളുടെ ആവശ്യമില്ലെന്ന് തോന്നാറുണ്ട്..
ചില മുഖങ്ങളിൽ കവിത ജനിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്
ചിലരുടെ നോട്ടങ്ങളിലും കവിതകൾ കണ്ടിട്ടുണ്ട്
പുഞ്ചിരിയിൽ എത്രയോ കവിതകൾ വിടരാറുണ്ട്
ഒരു കുഞ്ഞിന്റെ കാലടിയിൽ ഒരിക്കൽ ഒരു കവിത ഞാൻ കണ്ടു
ജീവിതത്തിൽ എല്ലായിടത്തും ഞാൻ കവിത കണ്ടെത്തിയിട്ടുണ്ട്.
ഇത്രയും വായിച്ച നിങ്ങളുടെ കണ്ണുകളിലും ഞാൻ കവിത കാണുന്നു.
നിങ്ങൾ ഇപ്പോൾ അനക്കിയ ആ വിരലിലും ഉണ്ടല്ലോ ഒരു കവിത…
നിങ്ങളുടെ മനസ്സിൽ ഇപ്പോൾ ഒരു കവിത ഉദിക്കുന്നതും ഞാൻ അറിയുന്നുണ്ട്
പിന്നെ…
ഞാൻ എഴുതാൻ ആഗ്രഹിച്ച കവിത നിങ്ങളാണെന്ന് എനിക്ക് തോന്നുന്നു
ഇല്ല, വാക്കുകൾ വറ്റി പോകാറില്ല, കവിതകളും !
അവ ഒഴുകി കൊണ്ടിരിക്കുന്നു, അവയുടെ ജന്മം തന്നെ ഒഴുകാൻ വേണ്ടിയാണ്….
-വിനോദ്-
Categories: കവിത
Leave a Reply