അതൊരു ഭയങ്കര വേദനയാണ്
മുറിയുടെ ഒരു മൂലയിൽ നിന്നാണ് അതിന്റെ വരവ്
അതിന് ഉറക്കം തൂങ്ങിയ കണ്ണുകളാണ്
ഞാൻ അത്ര കാര്യമാക്കുന്നില്ല
അതിന് കാലുകളില്ല.
ഒരു ചക്രം മാത്രമുണ്ട്
അതിന്റെ പുറകിൽ ഘടിപ്പിച്ചിരിക്കുന്നു
അതിന് ഭാഷയൊന്നും മനസ്സിലാവില്ല
കുറെ നാളായി അതവിടെ ഉണ്ടായിരുന്നിരിക്കണം
ചിലപ്പോൾ ഒരു ദശലക്ഷം വർഷം പഴക്കമുണ്ടാവണം
തനിച്ചാണോ അതവിടെ എന്നറിയില്ല
അതിന് ഒരു കുടുംബം ഉണ്ടായിരിക്കുമോ?
അത് അവിടെയുണ്ടോ എന്ന് കൃത്യമായി കാണാൻ കഴിയില്ല
പക്ഷെ എനിക്ക് അതിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുന്നുണ്ട്
മുറിയിൽ ഒരുതരം മണവുമുണ്ട്
ഇത്രയും കാലം അതെന്റെ മണമാണെന്നാണ് കരുതിയത്
എന്നാൽ അത് ഞാനല്ലെന്ന് ഇപ്പോൾ മനസ്സിലായി
മണം അപരിചിതമല്ല
ചിലപ്പോൾ എനിക്കങ്ങനെ തോന്നുന്നതാവാം.
ഇരുണ്ട മുറികളിലെ എല്ലാ മണവും
തിളങ്ങി നിറഞ്ഞു നിൽക്കും
അതൊരു ഭയങ്കര വേദനയാണ്
അതെ, അതെന്റെ നേരെ നടന്നടുക്കുന്നുണ്ട്.
അല്ല, എന്റെ നേരെ ഉരുണ്ടു വരുന്നുണ്ട്..
ഞാൻ അവിടെ ഉണ്ടെന്ന് അതിനറിയില്ലെന്ന് എനിക്കറിയാം
ഞാനിവിടെ തന്നെ നിൽക്കുന്നുണ്ട്
അതിനെ കാത്തു കൊണ്ട്…
അതൊരു ഭയങ്കര വേദനയാണ്
-വിനോദ്-
Categories: കവിത, Malayalam Poems
Leave a Reply