2020 തുടങ്ങിയത് ബാംഗ്ളൂരിലാണെങ്കിലും ഒന്നാം തിയതി തന്നെ കേരളത്തിലെത്തി…. വൈകീട്ട് ലോക കേരളാ സഭയുടെ ഉദ്ഘാടന ചടങ്ങ് ആയതിനാൽ അവിടേക്ക് വച്ച് പിടിച്ചു…. ഡെലിഗേറ്റ് ആയിരുന്നില്ലെങ്കിലും പല സുഹൃത്തുക്കളും അവിടുണ്ടായിരുന്നു…. കുറെ പേരുമായി സംസാരിച്ചു… കോളേജ് കാലത്ത് നിന്നുമുള്ള പരിചയങ്ങൾ അങ്ങനെ നിശാഗന്ധി ഓഡിറ്റോറിയം വളപ്പിൽ അങ്ങനെ…. അധികം ഫോട്ടോകൾ എടുക്കാൻ മറന്നു…. പക്ഷെ ഇങ്ങനൊരു ബൈറ്റ് എടുത്തത് പോസ്റ്റ് ചെയ്തത് ഇന്ന് കണ്ടു…. അപ്പോൾ അതും വച്ചാകാം ഈ പോസ്റ്റ്…..
ഇന്ന് സമൂഹത്തിൽ സംവാദങ്ങൾക്കിടങ്ങൾ കുറവാണ്… ഉള്ള ഇടങ്ങൾ സംവാദങ്ങളിൽ നിന്നും മാറി തർക്കങ്ങളിലേക്കും പോരിലേക്കും വഴുതി പോകുന്നു…. കൂടുതൽ ഇടങ്ങൾ നവീന രീതിയിൽ സംവാദങ്ങളാക്കായി തുറന്നു വരുന്നത് എപ്പോഴും നല്ലതാണ്…. അതായിരിക്കാം ഡെലിഗേറ്റാവാത്ത മ്മളുടെ ബൈറ്റും ഇങ്ങനെ വന്നത്… മ്മളോടും അഭിപ്രായം ചോദിച്ചതിൽ നന്ദി….
നവീനമായ കാര്യങ്ങൾ പരീക്ഷണാർത്ഥമെങ്കിലും നടത്തേണ്ടത് ആവശ്യമാണ്…. അവിടെയാണ് ഞാൻ ഈ ലോക കേരളാ സഭയുടെ പ്രസക്തി കാണുന്നത്… ഛിന്നഭിന്നമായി കിടക്കുന്ന പല ലോക മലയാളികളെയും ഒന്നിപ്പിക്കുന്നത് കേരളം എന്ന ആ ആശയമാണ്… ഒരു അമേരിക്കൻ മലയാളിക്കും ഒസ്‌ട്രേലിയൻ മലയാളിക്കും ഗൾഫ് മലയാളിക്കും പ്രവാസ ജീവിതത്തിലും ആകുലതകളിലും ആവശ്യങ്ങളിലും സംഭാവനകളും പല വ്യത്യസ്തതകൾ ഉണ്ടായേക്കാമെങ്കിലും ബന്ധിപ്പിക്കുന്ന ആ ‘മലയാളി’ എന്ന കണ്ണി വഴി കൂടുതൽ അടുക്കാനും സംവദിക്കാനും ഈ വേളകൾ ഉപകാരപ്പെടും….
എനിക്ക് വ്യക്തിപരമായി അനുഭവപ്പെട്ട ഒന്ന് ഇതാണ്…. സോഷ്യൽ മീഡിയയിൽ മാത്രം പരിചയപ്പെട്ട പലയിടത്തുമുള്ള മലയാളികളെ ഒരിടത്ത് വച്ച് കാണാൻ കഴിഞ്ഞു… ലോക കേരളാ സഭയിൽ ഡെലിഗേറ്റ് ആയി വന്നവരിൽ നിന്നും മാത്രമല്ല ഓപ്പൺ ഫോറമുകളിൽ പങ്കെടുക്കാൻ വന്ന എന്നെ പോലുള്ള വരും…
ഏതായാലും ഇന്നലെ (രണ്ടാം തീയതി) നടന്ന ഓപ്പൺ ഫോറമിൽ സച്ചിദാന്ദൻ മാഷുടെയും റസൂൽ പൂക്കുട്ടിയുടെയും പി.ടി കുഞ്ഞു മുഹമ്മദിന്റെയും കൂടെ സ്റ്റേജിൽ സംസാരിക്കാനായി മ്മക്കും ചാൻസ് കിട്ടി…. വിഷയം ‘ഇന്ത്യൻ ജനാധിപത്യവും കുടിയേറ്റവും’. അതിന്റെ ഫോട്ടോ വീഡിയോ ഒന്നുമില്ല…. കിട്ടിയാൽ ഇടാം… ഏതായാലും പറഞ്ഞതിന്റെ ഉള്ളടക്കം ഇതാണ്.. കൃത്യമായി ഇങ്ങനെയല്ല സംസാരിച്ചത് എങ്കിലും…
കുടിയേറ്റത്തെ കുറിച്ച് മനസ്സിലാക്കാൻ നമ്മൾ ഓരോരുത്തരും ആദ്യം ഒരു കുടിയേറ്റക്കാരനാണെന്ന സാമാന്യ ബോധമെങ്കിലും നമുക്ക് ഉണ്ടാവണം… പലർക്കും അതില്ല എന്നതാണ് ഇന്നത്തെ പ്രശ്നം.. ഞാൻ ഒരു കുടിയേറ്റക്കാരനല്ല എന്ന് പറയുന്പോഴും ‘നീ പിന്നെ ആരാണെടാ’ എന്ന് ചോദിക്കുന്ന പൂർവ്വികരാണ് നമുക്കെല്ലാവർക്കും ഉള്ളത്… അത് മറന്ന് ഒരു ഒറിജിനൽ ആണെന്ന മിഥ്യധാരണ വേണ്ട… കുടിയേറ്റമാണ് ലോകത്തിലെ ഒരേയൊരു ഒറിജിനൽ കാര്യം… അല്ലാതെ ഒരു വിഭാഗത്തിന് മാത്രം അവകാശപ്പെട്ട കെട്ടു കഥകളല്ല… ആ ഒറിജിനാലിറ്റിയുമായി നീതി പുലർത്താൻ ശ്രമിക്കണം…. അതാണ് ഏതൊരു പൗരന്റെയും ധർമ്മം.. നമുക്ക് വേണ്ടതും പൗരനിൽ നിന്നും കുടിയേറ്റക്കാരനിലേക്കുള്ള ഒരു ഘർ വാപ്പസിയാണ്…
പിന്നെ ജനാധിപത്യം അതിന്റെ അടിസ്ഥാനം നിങ്ങൾക്കും എനിക്കും ഒരു പങ്കുണ്ട് എന്നതാണ്… അത് തുല്യ പങ്കാണെന്നതും… അല്ലാതെ ചിലർക്ക് അര പങ്കും ചിലർക്ക് മുഴു പങ്കും എന്നല്ല…. ജനാധിപത്യം തുല്യതയുടെ ഒരു പൗരാവകാശമാണെങ്കിൽ അഭ്യർത്ഥികളും കുടിയേറ്റക്കാരും തുല്യരാവണം ജാതി മത വ്യത്യാസങ്ങളില്ലാതെ… ജനാധിപത്യത്തിൽ അര പങ്കും മുഴു പങ്കും ഉണ്ടാവരുത് എന്നത് പോലെ… കുടിയേറ്റത്തിലും കാൽ അവകാശവും അര അവകാശവും മുഴു അവകാശവും അതും മതാടിസ്ഥാനത്തിൽ എങ്ങനെ ശരിയാവും…?
ഏതായാലും വരും ദിവസങ്ങളിൽ മറ്റു പലയിടത്തും മ്മക്ക് നേരിട്ട് കാണാം സംസാരിക്കാം..
ന്നാപ്പിന്നങ്ങന്യാക്കാം
മർത്ത്യൻ (പഹയൻ)
Categories: Articles and Opinions
Leave a Reply