
ഇന്ന് നാട്ടിൽ വിഷുവാണ്….
നാട്ടിലെ പോലെ പ്രവാസികളുടെ ഇടയിലും വിഷുവും ഓണവും വലിയ സംഭവങ്ങളാണ്…. മുൻപൊരിക്കൽ നാട്ടിൽ നിന്നും ആരോ വന്നിട്ട് ഇവിടുത്തെ വിഷു പരിപാടിയിൽ പങ്കെടുത്തിട്ട് പറഞ്ഞു…
“എടൊ ഇവിടെ നാട്ടിനെക്കാളും വലിയ വിഷുവാണല്ലോ… അവിടെ ഇപ്പോൾ ഷോപ്പിംഗ് ആണ് വിഷുവിന്റെ ഹൈലൈറ്റ്”
“ഇവിടെയും ഷോപ്പിംഗ് ആണ് മോനെ പക്ഷെ അത് ക്രിസ്ത്മസിനും താങ്ക്സ് ഗിവിങ്ങിനും ഒക്കെയാണെന്ന് മാത്രം…. പക്ഷെ വിഷുവും ഓണവും മലയാളികൾക്ക് സ്വന്തം…. ഷോപ്പിംഗ് ഇല്ല ബഹളമില്ല സ്വകാര്യത മാത്രം… “
ഇന്ന് എല്ലായിടത്തും വിഷു സ്വകാര്യതയുടെ ഭാഗമാണ്…
പക്ഷെ ഈ വർഷം വിഷു വളരെ വിഷമം നൽകുന്നതാണ്… ഇന്ന് കിട്ടിയൊരു മെസേജിൽ കൊറോണാ സംബന്ധമായി ലോകത്തിൽ ഏറ്റവും കൂടുതൽ മലയാളികൾ മരിച്ചത് ഇവിടെ അമേരിക്കയിൽ ആണെന്ന് പറഞ്ഞു കേട്ടു…
പരിചയമുള്ള ആരുമില്ലെങ്കിലും പരിചയമുള്ളവർക്ക് പരിചയമുള്ള പലരും തന്നെയാണ് ഈ ലോകത്തിൽ നിന്നും കഴിഞ്ഞ ആഴ്ച്ചകളിൽ പോയത് …
കുറച്ച് ആഴ്ച്ചകൾക്ക് മുൻപ് വരെ പലർക്കും സിഗരറ്റ് വലി പോലെയായിരുന്നു ഇതിനെയും കണ്ടിരുന്നുന്നത്.. വെറും ഒരു “സ്റ്റാച്യുറ്ററി വാണിംഗ്’ പോലെ… ഉണ്ട് പക്ഷെ എന്തോ നമുക്ക് പ്രശ്നങ്ങൾ വരില്ലെന്ന പോലെ…. ഇവിടെ കാലിഫോർണിയയിൽ ന്യൂയോർക്ക് പോലെയില്ലെങ്കിലും ന്യൂയോർക്കിലെ വിശേഷങ്ങൾ അറിയുന്നുണ്ട്…
സുഹൃത്തുക്കളുടെ ഫേസ്‌ബുക്ക് പോസ്റ്റുകളും വാർത്തകളും ഒക്കെ കേൾക്കുന്നതിന്റെ കൂടെ ജീവിതം പ്രശ്നമില്ലാത്ത പോലെ ജോലിയിൽ ലയിപ്പിച്ച് കഴിയണം… കുട്ടികൾക്ക് മുൻപിൽ പ്രശ്നമില്ല എന്നും കാട്ടി തമാശ കളിച്ചും പറഞ്ഞും നടക്കണം…
ഈ ദുരന്തം തരണം ചെയ്‌താൽ നമ്മൾ ഉണ്ടായേക്കാം എങ്കിലും പലരുടെയും ജീവിതത്തിൽ ഒരു ശൂന്യത നിറച്ചിട്ടേ ഇത് കടന്ന് പോകുള്ളൂ… ഒരു മനുഷ്യ രാശിയെന്ന രീതിയിൽ… ഒരു മലയാളി എന്ന രീതിയിൽ… ഒരു പ്രവാസി മലയാളി എന്ന രീതിയിൽ… ഒരു അമേരിക്കൻ മലയാളി എന്ന രീതിയിൽ… ഒക്കെ ഈ വിഷു ജീവിതത്തിൽ നഷ്ടങ്ങളുടെ കഥ പറയുന്നതാണ്…
കഴിഞ്ഞ ദിവസം എന്റെ അടുത്ത ഒരു സുഹൃത്തിന്റെ ഫേസ്‌ബുക്ക് മെസേജ് കണ്ടു… അവന്റെ അച്ഛൻ നാട്ടിൽ മരിച്ചു… കൊറോണയല്ല കാരണം…
അവൻ പ്രവാസിയാണ്…
ഞാൻ മെസേജ് അയച്ചു…
“അറിഞ്ഞു … നീ എവിടെയാടാ…”
മറുപടി വിട്ടിട്ടില്ല…
അവൻ നാട്ടിലാണോ… അറിയില്ല…
നാട്ടിലേക്ക് പോകാൻ കഴിയാതെ അവൻ പരദേശത്തിലാണോ…?
അറിയില്ല….
ഓർമ്മ വരുന്നത് പണ്ട് എന്റെ അച്ഛൻ ഇറാനിൽ (അന്നത്തെ പേർഷ്യ) ഉണ്ടാവുന്ന എഴുപതുകളുടെ കാലത്തെ കുറിച്ചാണ് … അന്ന് മാസത്തിൽ ഒരിക്കലാണ് ഡെൽഹിയിലേക്കോ ബോംബയിലേക്കോ ഒരു ഫ്‌ളൈറ്റ് ഉള്ളത്…
അച്ഛൻ അവിടുള്ളപ്പോഴാണ് അച്ഛന്റെ ‘അമ്മ മരിക്കുന്നത്.. ടെലിഗ്രാം വഴിയാവണം വിവരമറിയിച്ചത്…. നാട്ടിലേക്ക് വരാൻ വഴികൾ ഒന്നുമില്ല….
അച്ഛൻ അന്ന് അമ്മക്കയച്ച കത്തിന്റെ ഒരു ഭാഗം ഇന്നും ഓർമ്മയിലുണ്ട്..
“wish I was a child today”…
ഇന്ന് ഞാനൊരു കുഞ്ഞായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു…
നമ്മൾ പലതും വെട്ടിപ്പിടിക്കാനും പലതും നേടാനും… പലതും ആവാനും… ആണെന്ന് കാണിക്കാനും നെട്ടോട്ടമോടുന്നു…. പലപ്പോളും നഷ്ടങ്ങളുടെ പല വർണ്ണ ഭേതങ്ങൾ പോലും മനസ്സിലാക്കാതെ പോകുന്നു…
അഹങ്കാരത്തിന് കുറവില്ല താനും…
ഇന്ന് ഈ വിഷു.. ഒരു കാര്യം ഓർമ്മപ്പെടുത്തുന്നുണ്ട്….
അന്നും ഇന്നും നന്മയും സൗഹാർദവുമായിരുന്നു നമ്മളെ ഒന്നിപ്പിച്ചിരുന്നത്…
ഇനി അങ്ങോട്ടും അതാവണം…
മറ്റൊരാളുടെ ദുഃഖത്തിൽ നമുക്ക് പങ്ക് ചേരാം… നമ്മുടെ ദുഃഖത്തിൽ പങ്ക് ചേരാൻ മറ്റൊരാൾക്ക് കഴിയും….
ഇത് തന്നെയല്ലേ ഇന്നും നമ്മുടെ ഏറ്റവും വലിയ സന്പത്ത്…?
ആ തിരിച്ചറിവിന്റെ നിമിഷങ്ങളാണിത്..
നമുക്ക് അറിയാത്തവരുടെ ദുഖത്തിൽ നമുക്കും, നമുക്ക് അറിയാത്തവർക്ക് നമ്മുടെ ദുഖത്തിലും പങ്കു ചേരാൻ കഴിയുന്ന വിശാലമായ മനസ്സുകൾക്ക് നമ്മൾ ഉടമകളാണെന്ന് നമ്മളെ തിരിച്ചറിയിപ്പിക്കുന്ന ഈ വിഷുവിന് നിങ്ങൾക്ക് എന്റെ വക ആശംസകളില്ല…
നാളെ ഇവിടെ വിഷുവാണ്… നിങ്ങൾ നിങ്ങളുടെ സ്വകാര്യതകളിൽ ഇന്ന് പൂർണ്ണത വാരാതെ ആഘോഷിക്കുന്ന പോലെ ഇവിടെയും ഉണ്ടാവും… നാളെ ഒരു വിഷു…. അപൂർണ്ണമായൊരു വിഷു….
കാരണം….
ജീവിതം ഒന്നേ ഉള്ളു….
നമ്മുടെ ചുറ്റും എന്ത് തന്നെയാണെങ്കിലും മനസ്സിൽ ആദ്യം സഞ്ചരിച്ച ദൂരമേ നമുക്ക് പുറത്തും സഞ്ചരിക്കാൻ കഴിയുള്ളു…
ദി വേൾഡ് മസ്റ്റ് മൂവ് ഓൺ…
ആശംസകളില്ല…
പക്ഷെ നിങ്ങളുടെ ഒരു ഭാഗമാണ് ഞാനെന്ന് പറയണം..
എന്റെ ഭാഗവുമാണ് നിങ്ങൾ….
സ്നേഹം മാത്രം!
പഹയൻ (മർത്ത്യൻ)
Categories: Articles and Opinions
എല്ലവർക്കും നല്ലതു വരട്ടെയെന്നു പ്രാർത്ഥിക്കാനെ ഈ അവസരത്തിൽ സാധിക്കു ! ഞാനും ഒരു പ്രവാസിയാണ് ! സ്റ്റേ സേഫ് ചേട്ടാ!
LikeLiked by 1 person