ഉറുദു ഷായിറി | ഡെയിലി ജേർണൽ | #7

എല്ലാ വർഷവും അമേരിക്കയിൽ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ അലുമിനി ഒരുക്കുന്ന സർ സയ്യദ് ഡേ പ്രമാണിച്ചുള്ള മുഷൈറക്ക് പോകാറുണ്ട്… ഇന്ത്യയിൽ നിന്നും ലോകത്തിന്റെ മാറ്റ് ഭാഗങ്ങളിൽ നിന്നും ഇവിടെ ബേ ഏരിയയിൽ നിന്നുമുള്ള ഉറുദു കവികൾ (ഷായർ) അവരുടെ ഷായിരി (കവിതകൾ) ജനങ്ങളുടെ മുൻപാകെ വായിക്കും…. പേരു കേട്ട പലരും വന്നിട്ടുണ്ട്… വസീം ബറേൽവി, നിദാ ഫസ്‌ലി, നുസ്രത് മെഹ്‌ദി, പോപ്പുലർ മീറൂട്ടി അങ്ങനെ പലരും… ഇത്തവണ വരുന്നത് ജാവേദ് അക്തറാണെന്ന് ഇന്നലെയാണ് അറിഞ്ഞത്…

മ്മക്കും അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിക്കും തമ്മിൽ എന്ത് ബന്ധം എന്നായിരിക്കും ചിന്ത…. അത് ന്റെ കണക്ഷനല്ല.. ന്റെ ബീവിന്റേതാണ്… ഓളടെ ചില സുഹൃത്തുക്കൾ അലിഗഡ് അലുമിനികളാണ്…. അങ്ങനെ ഏതാണ്ട് എട്ട് കൊല്ലം മുൻപ് പോയി തുടങ്ങിയതാണ് ഇന്നും തുടരുന്നു… മാത്രമല്ല ഞങ്ങൾക്ക് രണ്ടാൾക്കും കവിതെന്റെ സൂക്കട്ണ്ട്….

ആദ്യായിട്ട് ബീവിനെ കോഴിക്കോട്ടേക്ക് കൊണ്ടോയപ്പോൾ ഞങ്ങൾ ഒരു ഓട്ടോല് കേറി മ്മളെ നഗരം ചുറ്റി… ബീച്ചിൽ കൂടി തലങ്ങും വെലങ്ങും പോയി… ഓള് പൂനെയിൽ വളരുകയും ഉറുദു പ്രിയയായത് കൊണ്ടും മെഹ്‌ദി ഹസ്സന്റെ ശബ്ദം ഉച്ചത്തിൽ കേട്ടപ്പോൾ ഓള് ന്നെ നോക്കി… ഇതെന്താ ഇവിടെ ഉറുദു ഗസൽ… അപ്പൊ ഞാനൊന്ന് നിവർന്നിരുന്ന് പറഞ്ഞു…

“ഇത് കോഴിക്കോടാണ് മോളെ കലയുടെ, കലാകാരന്മാരുടെ സംഗീതം ഖൽബിൽ വച്ച് നടക്കുന്ന നല്ലവരായ കലാസ്വാദകരായ ജനങ്ങളുടെ അവരുടെ സംഗീതത്തിന്റെ, സന്തോഷത്തിന്റെ സ്നേഹത്തിന്റെ നാടാണ്… മ്മളെ കോഴിക്കോട്… യെഹ് ഹെ മേരാ കോഴിക്കോട്” ഞാൻ അവളോട് അഭിമാനത്തോടെ പറഞ്ഞു…

ശബ്ദം കൂടുതൽ ഉച്ചത്തിലായി…. കടപ്പുറത്ത് കുറെ പേര് നിൽക്കുന്നു…. മീൻ പിടിക്കണ വലയുടെ കുടുക്കുകൾ മാറ്റി ശരിയാക്കുന്ന കുറെ മത്സ്യത്തൊഴിലാളികൾ…. തൊട്ടടുത്ത് ഒരു സ്‌പീക്കറിൽ നിന്നും ഉച്ചത്തിൽ മെഹ്‌ദിയും ഗുലാമലിയും മാറി മാറി പാടുന്നു… രഞ്ജിഷ് ഹി സഹിയിൽ നിന്നും ചുപ്പ്‌കേ ചുപ്പ്‌കേയിലേക്ക് പരിസരത്തുള്ളവരുടെ ചുവടുകൾ മെല്ലെ നീങ്ങുന്നു… ഓട്ടോയുടെ അല്പം നേരം നിർത്താൻ പറഞ്ഞു.. അലിയും ഹസ്സനും പാടുന്നത് എത്രയോ കേട്ടിട്ടുണ്ട്… പക്ഷെ അവിടെ ആ ഓട്ടോയിൽ കോഴിക്കോട് കടപ്പുറത്തിരുന്ന് കേൾക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയായിരുന്നു…

ഗുലോം മെ രംഗ് ഭരേ.. ബാദലോം മെ ബഹാർ ചലേ….
ഗുലോം മെ രംഗ് ഭരേ.. ബാദലോം മെ ബഹാർ ചലേ….

ജാവേദ് അക്തറിനെ മുൻപും കണ്ടിട്ടുണ്ട്… ശബാനയുമൊത്ത് ഇവിടെ ഒരു പ്രോഗ്രാമിന് വന്നപ്പോൾ…. കൈഫിയും ഷൗകത്തും (ശബാനയുടെ അച്ഛനും അമ്മയും) നടത്തിയ കത്തിടപാടുകൾ ജാവേദും ശബാനയും സ്റ്റേജിൽ വായിക്കുന്ന ഒരു പ്രോഗ്രാം ‘കൈഫി ഔർ മേ’ എന്നാണെന്ന് തോന്നുന്നു ആ പ്രോഗ്രാമിന്റെ പേര്… ജാവേദ് അക്തർ എന്ന ഷായറിനെ നേരിട്ട് കേൾക്കണം എന്ന ആഗ്രഹം കുറെ കാലമായി…

ഇതിപ്പോൾ നവംബറിലാണ്… ആ സമയത്ത് നാട്ടിൽ വരണം എന്നുമുണ്ട്…. പക്ഷെ കേൾക്കണം..

ഇതൊക്കെ കേൾക്കണ്ടെ…
“പാസ് ആക്കെ ഭി ഫാസ്‌ലെ ക്യൂ ഹെ
രാസ് ക്യാ ഹെ സമച്ച് മെ യെ ആയാ
ഉസ് കോ ഭി യാദ് ഹെ കോയി അബ് തക്
മേ ഭി തും കോ ഭുലാ നഹീം പായാ…”

സ്നേഹം!! സ്നേഹം മാത്രം!!!
മർത്ത്യൻ (പഹയൻ)Categories: Articles and Opinions

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: