സീൻ-1
വാർത്തകൾ ഓരോന്നായി അവളെ വരിഞ്ഞു മുറുക്കി.. ശ്വാസം മുട്ടുന്ന പോലെ. ചർച്ചാ സിംഹങ്ങൾ ഒക്കെ പട്ടിണിയായിരുന്നെന്ന് തോന്നുന്നു വാക്കുകൾ കൊണ്ട് വലിച്ച് പറിച്ച് കഴിച്ചിട്ടും കടിപിടിയാണ്. ചിലത് അവളുടെ ഭാഗം പറയുന്നവയുമായിരുന്നു. പക്ഷെ ജീവിതത്തിൽ ചില സന്ദർഭങ്ങളിൽ നമ്മളെ പറ്റി ആര് എന്ത് പറഞ്ഞാലും വേദനയെ തോന്നു. അവൾ ടീവിയിൽ കാണുന്ന തന്റെ വിളറിയ മുഖത്തേക്ക് നോക്കി.
സീൻ-2
സ്‌ക്രീനുകൾ നിറഞ്ഞ ചുമരിന്റെ മുന്നിൽ എല്ലാവരും അണി നിരന്നു. ഇന്നലെ മരണ വീട്ടിൽ കുട്ടികളുടെ മുൻപിൽ ധൈര്യം കൈവിടാതെ കരയാതെയിരുന്ന അവളെ ചോദ്യങ്ങൾ ചോദിച്ച് കരയിപ്പിച്ച് കിട്ടിയ ബൈറ്റാണ് ഇന്ന് വൈറലായിരിക്കുന്നത്… ആളുകൾ അവന്റെ പുറത്ത് തട്ടി അഭിനന്ദിക്കുന്നത് അവൻ അനങ്ങാതെ ആസ്വദിച്ചു നിന്നു.
“ഈ പ്രശ്നം പെട്ടന്ന് പരിഹരിക്കപ്പെടില്ല എന്നാശ്വസിക്കാം അല്ലെ?”
എല്ലാവരും ശബ്ദം വന്ന സ്ഥലത്തേക്ക് നോക്കി. ഇന്നലെ ചേർന്ന ട്രെയിനിയാണ്. അല്പം ഉറക്കെയായി പറഞ്ഞത് എന്ന മനസിലാക്കിയ ജാള്യത ട്രെയിനിയുടെ മുഖത്തുമുണ്ട്. മുറിയിൽ കൂടിയിരുന്നവരൊക്കെ അന്യോന്യം നോക്കി. ഒരു പ്രശ്നം എങ്ങിനെയാണ് പരിഹരിക്കപ്പെടുക.. അതിൽ നമ്മുടെ പങ്കെന്താണ് എന്ന ചോദ്യങ്ങൾ ചില മുഖങ്ങളിലെങ്കിലും നിഴലിച്ചു.
ആരും അത് കാര്യമാക്കിയില്ല… ശ്രദ്ധ വീണ്ടും ചുമരിൽ തൂങ്ങുന്ന ടീവികളിലേക്ക് മാറി…
ഇതെല്ലം ഒരാൾ ദൂരെയിരുന്നു കാണുകയായിരുന്നു. തീർത്തും നിർവികാരനായി. അയാൾ എഴുന്നേറ്റ് കോൺഫറൻസ് റൂമിലേക്ക് പോയി എന്നിട്ട് ട്രെയിനിയെ വിളിപ്പിച്ചു.
സീൻ-3
“എന്നാ ജോയിൻ ചെയ്തത്?” അയാൾ ചോദിച്ചു
“ഇന്നലെ..” ട്രെയിനി പറഞ്ഞു
“എന്താ മാധ്യമ ധർമ്മം?” അയാൾ ചോദിച്ചു
ട്രെയിനി അയാളെ നോക്കി…
അയാൾ തുടർന്നു..
“എന്നും രാവിലെ ഇവിടെ എത്തുമ്പോൾ ഒരു കണ്ണാടി കാണും. അതാണ് നമ്മുടെ ലോകം അതിൽ അവരവരുടെ മുഖം കാണാൻ ശ്രമിക്കണം. കണ്ണാടി വൃത്തിയായിരിക്കില്ല.. അതിൽ രക്തക്കറ കാണും… തെറിയെഴുതി വച്ചു കാണും…. പല നിറങ്ങളിലുള്ള അഴുക്കുകൾ കാണും”
അയാൾ ട്രെയിനിയുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി
“ഇയാളുടെ കൈയ്യിൽ ഒരു തുണി തരും… അതാണ് ഇയാളുടെ പണിയായുധം… അത് ക്യാമറയാവാം പേനയാവാം മൈക്കാവാം… ആ തുണി ഒരല്പം നനയ്ക്കുക…. അതായത് പണിയായുധത്തിൽ മനസ്സും വിവേകവും ഹൃദയവും മനുഷ്യത്വവും ചേർക്കുക…. എന്നിട്ട് കണ്ണാടി വൃത്തിയാക്കുക… വൈകീട്ട് വീട്ടിൽ പോകുമ്പോൾ ആ കണ്ണാടിയിൽ സ്വന്തം മുഖം കാണണം.. അതിൽ സന്തോഷവും അഭിമാനവും സംതൃപ്തിയും തോന്നണം”
അയാൾ ട്രെയിനിയെ തന്നെ നോക്കി ഒരല്പം നേരം ഇരുന്നു….
“അഴുക്ക് വെള്ളത്തിലാണ് തുണി നനച്ചത് എന്നുണ്ടെങ്കിൽ കണ്ണാടി വൃത്തിയാവില്ല. രാവിലെ കണ്ടതിനേക്കാൾ വൃത്തികേടായി മുഖം കണ്ടിരുന്നിടത്ത് അഴുക്ക് മാത്രം കണ്ട് വൈകീട്ട് വീട്ടിലേക്ക് പോകേണ്ടി വരും… അങ്ങനെ കണ്ണാടിയിൽ സ്വന്തം മുഖം കാണാൻ കഴിയാത്തവരും ആ കൂട്ടത്തിൽ ഉണ്ടെന്ന് അറിയാമോ?”
ട്രെയിനി അമ്പരന്നിരിക്കുന്നത് കണ്ടിട്ട് അയാൾ തുടർന്നു “യുവർ ജോബ് ഈസ് റ്റു ക്ലീൻ ദാറ്റ് മിറർ… നിങ്ങൾക്കത് അഴുക്കാക്കാനുമുള്ള ശക്തിയുണ്ട് എന്ന് മനസ്സിലാക്കി കൊണ്ടു തന്നെ… മേക്ക് ദി റൈറ്റ് ചോയ്സസ്… നൗ യു ക്യാൻ ഗോ…”
ട്രെയിനി നന്ദി പറഞ്ഞു തിരിഞ്ഞു നിന്നപ്പോൾ അയാൾ വീണ്ടും വിളിച്ചു..
“രാവിലെ മുതൽ വൈകുന്നേരം വരെ വൃത്തിയാക്കിയിട്ടും കണ്ണാടിയിൽ എന്താ സ്വന്തം മുഖം കാണാൻ കഴിയാത്തത് എന്നോർത്ത് ജീവിതം അസഹ്യമാക്കിയവരെ റോൾ മോഡൽ ആക്കാതിരിക്കുക.. അതാണ് ഇന്നാവശ്യമുള്ള മാധ്യമ ധർമ്മം…. പിന്നെ പരിഹാരം…. യു ആർ ദി സൊല്യൂഷൻ… നിങ്ങളാണ് പരിഹാരം… അതാവുക… ഓൾ ദി ബെസ്റ്റ്”
-പഹയൻ-
Categories: കഥ
Leave a Reply