കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് എന്ന് കേട്ടിട്ടുണ്ടോ… ങ്ങാ… അങ്ങനൊരു സംഭവമുണ്ട് കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് വോളീബോൾ ക്ലബ്…. ഇക്കുറി 33rd ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെൻറ്റ് നടത്തുന്നത് കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സാണ്…. മ്മളെ ചില സുഹൃത്തുക്കളായ സ്പോർട്സ് പ്രേമികൾ….
കുറച്ചു ദിവസമായി അതിനെ കുറിച്ച് എഴുതണം എന്ന് കരുതുന്നു. അവരുടെ ലോഞ്ച് പാർട്ടിക്ക് പോയിരുന്നു എങ്കിലും സ്പോർട്സും ഞാനും തമ്മിൽ വലിയ ബന്ധമില്ലാത്തത് കൊണ്ട് എന്തെഴുതാനാണ് എന്ന് കരുതുകയായിരുന്നു.
ഇന്നലെയാണ് മനസ്സിൽ ഒരു കാര്യം തോന്നിയത്. നാട്ടിൽ നിന്നും എത്രയോ ദൂരെ വന്ന് താമസിക്കുന്ന നമ്മളെ നാടുമായി ബന്ധിപ്പിക്കുന്നത് പലതുമാണ്. ഭാഷ, ഭക്ഷണം, പുസ്തകം, സിനിമ, പാട്ട് പിന്നെ സ്പോർട്സും… അതിൽ മുൻപന്തിയയിൽ വോളീബോളും ഫുട്‍ബോളും തന്നെ…
അതും വോളീബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ ഓർമ്മയിലുള്ള ടൂർണമെന്റ് ആവുമ്പോൾ ഒരല്പം ഗുമ്മ് കൂടും… സ്പോർട്സുമായി ബന്ധമില്ലാത്ത എനിക്കും വരും ഒരു ലേശം ഉഷാർ…. എന്താ…?
1987 ലാണ് ജിമ്മി ജോർജ് കാറപകടത്തിൽ പെട്ട് നമ്മളെ വിട്ട് പോകുന്നത്.. ഞാൻ ദേവഗിരി കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്ന വർഷം. ജിമ്മി ജോർജും ഒരു കാലത്ത് ദേവഗിരിയിലുണ്ടായിരുന്നു. അദ്ദേഹത്തിനോടുള്ള ആദരസൂചകം കോളേജിന് അവധിയും ഉണ്ടായിരുന്നു. ഇന്നും ഓർമ്മയുണ്ട്.. പ്രിൻസിപ്പളായിരുന്ന പൈക്കടച്ഛനെ അത്രയും വിഷമിച്ച് ഒരിക്കലും കണ്ടിട്ടില്ല…. ജിമ്മി ജോർജിനെ നേരിട്ടറിഞ്ഞിരുന്ന ധാരാളം പേർ അന്ന് കോളേജിൽ ഉണ്ടായിരുന്നു…
ജിമ്മി ജോർജിനെ കുറിച്ച് ആദ്യം ഞാൻ കേൾക്കുന്നത് എൺപതുകളുടെ തുടക്കത്തിലാണ്. ഞാൻ ദുബായിൽ പഠിക്കുന്ന കാലത്ത്. വോളിബോൾ പ്രാന്തനായ എന്റൊരു കസിൻ ഞങ്ങളുടെ കൂടെ താമസിക്കാൻ വന്നു. അനങ്ങിയാൽ ജിമ്മി ജോർജിന്റെ കളിയെ കുറിച്ചാണ് വർത്തമാനം… ആദ്യമായാണ് ഞാനൊരു ഫാനിനെ കാണുന്നത്… അയാൾ ആക്ഷൻ കാണിക്കുമായിരുന്നു എന്നിട്ട്… ഇതാണ് ജിമ്മി ജോർജ് എന്ന് പറയും… ഒരിക്കൽ പോലും വോളീബോൾ കൈ കൊണ്ട് തൊട്ടിട്ടില്ലാത്ത ഞാൻ ആ കഥയൊക്കെ ആസ്വദിച്ച് കേൾക്കും…
പിന്നീട് കോഴിക്കോട് ഞങ്ങളുടെ വീടിന്റെ തൊട്ടടുത്ത് പുതിയ താമസക്കാർ വന്നു… ജിമ്മി ജോർജിനെ നേരിട്ട് അറിയുന്ന ആളായിരുന്നു…. ദേവഗിരിയിൽ ഒരേ കാലത്ത് പഠിച്ചതാണ്…
എന്റെ ചെറുപ്പം മുതൽക്ക് കേട്ട് മാത്രം പരിചയമുള്ള ജിമ്മി ജോർജിന്റെ ഇടിവെട്ട് സ്മാഷുകൾ പിന്നെ പല തവണ യൂട്യൂബിൽ സെർച്ച് ചെയ്ത് കണ്ടിട്ടുണ്ട്… ഇതെഴുതുമ്പോഴും ഇടയ്ക്ക് ഒരല്പം നിർത്തി വീണ്ടും കണ്ടു…
മുൻപ് പറഞ്ഞ പോലെ നമ്മളെ നാടുമായി ബന്ധിപ്പിക്കുന്ന പലതും ഉണ്ട്…. ജിമ്മി ജോർജിന്റെ ഓർമ്മയിലുള്ള ടൂർണമെന്റ് നമ്മുടെ മുറ്റത്ത് തന്നെ നടക്കുമ്പോൾ നാടുമായും നാട്ടുകാരുമായി ഒന്നും കൂടി കൂടാനുള്ള അവസരം കൂടിയാണിത്….
Categories: Memories
Leave a Reply