ഞാൻ അവനെ കരയാൻ അനുവദിച്ചു
അവൻ കണ്ണീരെന്താണ് അറിയണം
എല്ലാ കണ്ണുനീരും തുല്യമല്ല എന്നുമറിയണം
സൂക്ഷിച്ചു നോക്കിയാൽ നമ്മൾക്കെല്ലാം
അതു കാണാം
നിസ്സഹായതയിൽ നിന്നും പൊഴിയുന്ന
മറ്റുള്ളവരുടെ കണ്ണുകളിലെ കണ്ണുനീർ
കടുത്ത ശാരീരിക വേദനയിൽ
അലർച്ചകൾക്കിടയിൽ ആരുമറിയാതെ
മറഞ്ഞു പോകുന്ന കണ്ണുനീർ
ഒരു കാരണവുമില്ലാതെ അനവസരത്തിൽ
പുറത്തേക്കു എത്തി നോക്കുന്ന കണ്ണുനീർ
കരയുന്നവർക്ക് മാത്രം കാണാൻ കഴിയുന്ന
ഉള്ളിൽ കിടന്ന് നീറുന്ന കണ്ണുനീർ
സന്തോഷം പ്രകടിപ്പിക്കാൻ മറ്റൊരു വഴി
അറിയാത്തതു കൊണ്ട് മാത്രം
നിറഞ്ഞു വരുന്ന കണ്ണുനീർ…
വേർപിരിയലുകൾ കാണാതിരിക്കാൻ
കാഴ്ചകളെ മൂടി മറയ്ക്കുന്ന
അവസരോചിതമായ കണ്ണുനീർ
ലോകവും സമൂഹവും ഒരു വിലയും
നൽകാത്തത് കൊണ്ട് മാത്രം
പുറത്ത് വരൻ വിസമ്മതിക്കുന്ന കണ്ണുനീർ
ഇവകൊണ്ടൊന്നും തീരുന്നില്ല..
ഓരോ സന്ദർഭത്തിനും ഒരോ കണ്ണുനീരുണ്ട്
ഞാൻ അവനെ കരയാൻ അനുവദിച്ചു
കണ്ണുനീരുകളുടെ വ്യത്യാസം അവനറിയണം
അതിനൊപ്പം ജീവിക്കാനും പഠിക്കണം…
സമൂഹത്തെയും മനുഷ്യനെയും
അറിയുവാൻ വേണ്ടി
ഒന്നാണെന്ന ബോധമുണ്ടാവാൻ
ഞാൻ അവനെ കരയാൻ അനുവദിച്ചു
ആണുങ്ങൾക്കും കരയാൻ പറ്റുമെന്ന്
അവനറിയണം…..
കരയാൻ ഒരു നാണവുമില്ലാതെ
അവൻ വളരണമെന്ന് ഞാനാഗ്രഹിക്കുന്നു..
വിയർപ്പ് പോലെ അവന്റെ സ്വന്തമാണ്
അവന്റെ കണ്ണുനീരും എന്നവനറിയണം…
അവൻ കണ്ണുനീരിനെ
ബഹുമാനിക്കണമെന്നും ഞാനാഗ്രഹിക്കുന്നു
അവന്റെ മാത്രമല്ല… മറ്റുള്ളവരുടെയും…
ലോകത്തെ ഓരോ കണ്ണുനീരും
ബഹുമാനം അർഹിക്കുന്നു…
സ്നേഹം ആവശ്യപ്പെടുന്നു…
-പഹയൻ-
Categories: കവിത, Malayalam Poems
Leave a Reply