ഒരു കടലാസ്സിൽ
നെരൂദയുടെ കവിത പകർത്തിയെഴുതി
പല പ്രാവശ്യം വായിച്ച് പഠിച്ചു
ഇന്ന് പറയണം…
ഞാൻ തീരുമാനിച്ചുറച്ചു…
അവൾ നടന്നു വരുന്നിടത്ത്
മാറി നിന്നു… കാത്തിരുന്നു…
ഒന്നും കൂടി കടലാസ്സെടുത്ത്
ഓർമ്മയുണ്ടോ എന്ന് നോക്കി
യെസ് ഓർമ്മയുണ്ട് എല്ലാം കൃത്യമായി…
ദൂരെ നിന്നും അവൾ നടന്ന് വരുന്നു..
ഞാൻ അക്ഷമനായി കാത്തിരുന്നു….
കൂട്ടുകാരിയുടെ കൂടെയാണ്…
അവർ അടുത്തെത്താറായി…
ഞാൻ മെല്ലെ അവരുടെ അടുത്തേക്ക് ചെന്നു…
‘സജിതാ….’ ഞാൻ വിളിച്ചു
അവർ രണ്ടു പേരും എന്നെ നോക്കി..
ഞാൻ കണ്ണടച്ച് അവർക്ക് നെരൂദ വിളമ്പി
കണ്ണ് തുറന്നപ്പോൾ അവരവിടെ തന്നെയുണ്ട്..
അവർ എന്നെ നോക്കി മന്ദഹസിച്ചു..
എന്നിട്ട് അടുത്ത് കൂടി നടന്നു പോയി..
അല്പം കഴിഞ്ഞ്…
കൂട്ടുകാരി എന്നെ തിരിഞ്ഞു നോക്കി
ചിരിച്ചു കൊണ്ട് താങ്ക്സ് എന്നും പറഞ്ഞു…
ഞാൻ നോ മെൻഷൻ എന്ന് തലയാട്ടി
കൂട്ടുകാരിയുടെ കൂടെ
അവൾ തിരിഞ്ഞു നോക്കിയില്ല…
നാണമായിക്കാണും….
അടുത്ത ദിവസം അതാ വീണ്ടും..
കൂട്ടുകാരി മാത്രമുണ്ട്… അവളില്ല…
കൂട്ടുകാരി എന്റടുത്തേക്ക് തന്നെയാണ്..
പ്രശ്നമായോ എന്ന് ഞാൻ പേടിച്ചു…
കൂട്ടുകാരി ചിരിക്കുന്നുണ്ട്…
എന്റെ അടുത്തെത്തി…
കൂട്ടുകാരിഎന്നെ നോക്കി
“സജിതാ എന്നാണെന്റെ പേര്
എന്നെങ്ങിനെ മനസ്സിലായി”
അവൾ കുലുങ്ങി ചിരിച്ച് നടന്നകന്നു…
ഞാൻ അന്തം വിട്ട് നോക്കി നിന്നത്
അവൾ അറിഞ്ഞു കാണില്ല….
അവളും പ്രണയത്തിലായിരിക്കുന്നു….
സജിത…
അതല്ല അവളുടെ പേര്..
നെരൂദയുടെ കവിത ഓർമ്മ വന്നു
പക്ഷെ അവളുടെ പേര് മറന്നു…
എനിക്ക് പിന്നാലെ ഓടി പോയി
പറയണം എന്ന് തോന്നി…
“കൂട്ടുകാരി നീയല്ല..
അവളാണ്…. എന്റെ….”
ഞാൻ നെരൂദയെ നാല് തെറി പറഞ്ഞു..
പക്ഷെ നെരൂദ എന്ത് പിഴച്ചു…
ഇനിയെന്ത് ചെയ്യും…
അവളുടെ പേര് എന്തായിരുന്നു…?
-പഹയൻ-
Categories: കവിത, Malayalam Poems
Leave a Reply