എളുപ്പത്തിൽ തകരുന്ന ജീവിതങ്ങളെ
മോട്ടിവേറ്റ് ചെയ്ത് തകർച്ചകളിൽ നിന്നും
രക്ഷിക്കണം….
വ്യാമോഹമാണ്….
പക്ഷെ ട്രെൻഡിങ്ങാണ്…
മോട്ടിവേഷൻ….
പക്ഷെ…
ചെറിയൊരു തകരാറുണ്ട്…
ജീവിതം അല്പം സങ്കീർണ്ണമാണ്…
അതിൽ….
തകർച്ചയും പതർച്ചയും ചേർച്ചയുമുണ്ട്
നമ്മൾ….
ആവർത്തിച്ചാവർത്തിച്ച് തകരുന്നു
പലപ്പോഴായി പതറുന്നു….
വീണ്ടും ഒന്നിച്ചു ചേരുന്നു…
തകർച്ച തന്നെ ഒരു ജീവിതാനുഭവമാണ്
മനുഷ്യരെ അന്യോന്യം ബന്ധിപ്പിക്കുന്ന
സർവ്വസാധാരണ ജീവിതാനുഭവം…
ആരാന്റെ കണ്ണിൽ കണ്ണുനീർ കണ്ടാൽ
സങ്കടം കൊണ്ടൊരു തകർച്ച…
ആരാന്റെ കണ്ണിൽ മറ്റാർക്കോ വേണ്ടി
സ്നേഹം നിറയുമ്പോൾ…
സന്തോഷം കൊണ്ടും ഒരു തകർച്ച !
ഒറ്റക്ക് തകരുന്ന മനുഷ്യർ
പിന്നെ….
ഒന്നിച്ചൊരുമിച്ച് കൂട്ടം കൂട്ടമായി വന്ന്
തിരിച്ചു ചേരുന്നു…
ഒന്ന് തകർന്നാലൊന്നും കുഴപ്പമില്ല
ഒന്ന് കരഞ്ഞാലും….
പരാജയപ്പെടുന്നതിൽ എന്താണിത്ര പ്രശ്നം?
ചില കാര്യങ്ങൾ അറിയാത്തത് ഒരു കുറ്റമാണോ?
വ്യത്യസ്തനാകുന്നതിൽ എന്തിന് അസ്വസ്ഥത ?
മനുഷ്യനാണ് മാഷേ…. മിഷീനല്ല…..
പ്രചോദനം നല്ലതാണ്…. മോട്ടിവേഷൻ…
പക്ഷെ…. ഒറ്റപ്പെടുമ്പോൾ
മോട്ടിവേറ്റർമാരും തകരുന്നു…
തകർച്ച….
ഓരോ മോട്ടിവേഷൻ ടോക്കിനും മുൻപ്
ഓരോ മോട്ടിവേഷൻ ടോക്കിനും ശേഷം…
അവരെയും ചേർത്തു പിടിക്കണം…
പാവങ്ങളാണ്…..
-വിനോദ്-
Categories: കവിത, Malayalam Poems
Leave a Reply