നല്ല മനസ്സുകളെ നശിപ്പിക്കുന്ന
ഒളിഞ്ഞു കിടക്കുന്നൊരു വിദ്വെഷമുണ്ട്
ഈ ലോകത്ത്…
തീർത്തും ശാന്തരായ ആളുകൾ
അലറി കൊണ്ട് ഓടി നടന്ന്
ചിന്തിക്കാൻ കഴിയാത്ത ഭീകരത
ചെയ്യുന്നത്….
ഓരോ തവണയും നമ്മൾ ആശ്ചര്യപ്പെടും
അത്ഭുതപ്പെടും…
ടീവിയിലും സാമൂഹ്യ മാധ്യമങ്ങളിലും
ചർച്ചിക്കും…
ഛർദിക്കും….
അലറി തിമിർക്കും
ആരെയൊക്കെയോ പഴിചാരും….
നമ്മളെ ഒഴിച്ച്…
എത്രയെത്ര കുറ്റങ്ങൾ
ചെയ്തു തീർക്കേണ്ടതുണ്ട്
ലോകത്തിലെ നല്ല മനസ്സുകൾ
നമ്മൾക്ക് കാര്യങ്ങൾ വ്യക്തമാവാൻ ?
നമ്മളും ഇതിനൊക്കെ
തീർത്തും പ്രാപ്തരാണെന്ന്
ആത്മാർത്ഥമായി മനസ്സിലാക്കാൻ…?
മനുഷ്യന്റെ ചരിത്രത്തിലേക്ക്
ഒന്ന് നോക്കിയാൽ കാണാം….
പറഞ്ഞറിയിക്കാനാവാത്ത ഭീകരത
നമ്മുടെ പൂർവ്വികർ മഹാന്മാരാണ്…..
ചിലരൊക്കെ വമ്പന്മാരാണ്….
നിഷ്കളങ്കതയെ ഈ ഭൂമുഖത്തു നിന്നു
പല തവണ തുടച്ചു നീക്കിയവരാണ്
എന്നിട്ടും നമ്മൾ ഞെട്ടുന്നു… .
ഞെട്ടി തെറിക്കുന്നു
ഓരോ തവണയും…
മുമ്പത്തേക്കാൾ വികാരത്തോടെ
ആശ്ചര്യപ്പെടുന്നു…
വികാരഭരിതരാവുന്നു….
എല്ലാവർക്കും…..
കുറ്റവാളികളിൽ നമ്മളില്ല എന്ന് കാണിക്കണം
നമ്മാളവരിൽ നിന്നും വ്യത്യസ്തരാണെന്ന്
സ്വയം ആശ്വസിക്കണം…
കുറ്റവാളികളുടെ പ്രതിച്ഛായയിൽ
നമ്മുടെ രൂപം കാണാൻ ശക്തിയില്ല..
നമ്മൾ നല്ലവരല്ലേ…?
അവര് മോശവും….
നല്ലവരാണെന്ന് ഉറപ്പിക്കാൻ
ഓരോ തവണയും നമ്മൾ ഞെട്ടണം
പരസ്യമായി തന്നെ ഞെട്ടണം
പ്രശ്നത്തിന് പരിഹാരമല്ലവേണ്ടത്
പ്രശ്നത്തിന്റെ ഭാഗമല്ല എന്ന കാട്ടിക്കൂട്ടലാണ്
നമ്മൾ നല്ലവരാണ്….
മറഞ്ഞു നിൽക്കുന്ന വിദ്വെഷം
നമ്മളെ ബാധിക്കില്ല….
നമ്മളോട് തന്നെ നമ്മൾക്ക് വേണ്ടേ……
ഒരു ലേശം പുച്ഛം ?
-വിനോദ്-
Categories: കവിത, Malayalam Poems
Leave a Reply