സ്നേഹത്തിന്റെ നല്ലൊരുദാഹരണം
ഞാൻ കണ്ടു….
ഇവിടെ നിന്നും അല്പം ദൂരെ
ഒരു ചെറിയ ഹോട്ടൽ മുറിയിൽ,
ഞാനത് അനുഭവിച്ചറിഞ്ഞു !
അവളൊരു വെളുത്ത സ്കാർഫ് ധരിച്ചിരുന്നു
മറ്റൊന്നും ഞാൻ ഓർക്കുന്നില്ല..
വെള്ള സ്കാർഫ് മാത്രമാണ് ഞാൻ കണ്ടത്
അതിൽ ഒരു ഇനീഷ്യലും കുത്തിവച്ചിരുന്നു
ഞങ്ങൾ ആദ്യമായി ഇണ ചേർന്നപ്പോൾ
ഞാൻ അവളോട് ചോദിച്ചു
ആ സ്കാർഫിൽ എഴുതിയത് എന്താണ്…
അവൾ പറഞ്ഞു
അതൊരു തത്വശാസ്ത്രമാണ്…..
അടുത്ത തവണ ഞങ്ങൾ ഇണ ചേർന്നപ്പോൾ
ഞാൻ വീണ്ടും അവളോട് ചോദിച്ചു
അവൾ പറഞ്ഞു
അത് ഒരു ആശയം മാത്രമാണ്….
മൂന്നാം തവണ ഞങ്ങൾ ഇണ ചേർന്നപ്പോൾ
ഞാൻ അവളോട് പറഞ്ഞു
അതിന്റെ അർത്ഥമെന്താണെന്ന് എനിക്കറിയണം
നീ എന്നോടത് പറഞ്ഞെ തീരു
അതൊരു ഓർമ്മയാണെന്ന്
അവൾ പറഞ്ഞു
ഞാൻ അങ്ങനെ അസൂയപ്പെടുന്ന ആളല്ല
എന്നാൽ ഇപ്പോൾ എനിക്ക് അറിയണം..
എന്താണ് ആ ഇനിഷ്യൽ
ആരാണ് ആ ഇനിഷ്യലിനുടമ?
ഞങ്ങൾ ഇണചേരുമ്പോൾ പോലും
അവൾ ആ സ്കാർഫ് ഊരില്ല…
പൂർണ്ണ നഗ്നയായി
സ്കാർഫ് ഇട്ടിരിക്കുന്ന അവൾ
എന്റെ ഉറക്കം കെടുത്താറുണ്ട്…
എനിക്ക് അറിയണം….
അത് മറ്റാരെങ്കിലും ആയിരിക്കും…
അടുത്ത തവണ ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ
ഞാൻ അവളോട് ചോദിച്ചു
നമ്മുടെ ഭാവിയെന്താവും…?
അത് നല്ലതായിരിക്കുമെന്ന് അവൾ പറഞ്ഞു
ഞാൻ പറഞ്ഞു
നല്ലത് അത്ര നല്ലതല്ല
എനിക്ക് വ്യക്തത വേണം
അല്ലാതെ ഈ ബന്ധം മുന്നോട്ട് പോകില്ല !
അവൾ എന്നെ നോക്കി
എന്ത് ബന്ധത്തിന്റെ കാര്യമാണ് പറയുന്നത്…?
നമ്മൾ ഇണ ചേരുന്നവരല്ലേ…?
പൂർണ്ണ നഗ്നരായി അന്യോന്യം കണ്ടവരല്ലേ?
ഒന്നും മറച്ചു വയ്ക്കാത്തവരല്ലേ ?
പരസ്പരം വിശ്വാസമുള്ളവരല്ലേ?
രണ്ടു പ്രായപൂർത്തിയായവരല്ലേ ?
അതിന്റെയൊക്കെ വ്യക്തത ഉണ്ടല്ലോ
പിന്നെ എന്ത് വ്യക്തത വേണം…?
നിങ്ങളുടെയും എന്റെയും ഭാവി നല്ലതാവണം
അതും വ്യക്തമാണ്… അല്ലെ ?
അത് പോരാ….
ആ ഇനിഷ്യൽ ആരുടെ പേരാണ്…?
എനിക്കതറിയണം..
അതറിഞ്ഞാലേ നിങ്ങൾക്ക് തൃപ്തിയാവു ?
അതൊരാളുടേതല്ല..
ഒന്നിൽ കൂടുതൽ പേരുടേതാണ്
‘എനിക്ക് തോന്നി…. പറഞ്ഞ് തുലയ്ക്ക്’
ഞാൻ അരിശം പൂണ്ടു
അവൾ ഒന്ന് ചിരിച്ചു….
അത് പറഞ്ഞാൽ പിന്നെ
അവൾ ഒന്ന് നിർത്തി
ഇത് നമ്മുടെ അവസാന സംഗമമാവും…
‘ആയിക്കോട്ടെ’ ഞാൻ പറഞ്ഞു
അതറിയാതെ ഒരടി മുന്നോട്ടിനിയില്ല…
എന്നാൽ കേട്ടോ…
ഇത് എന്റെ മാതാപിതാക്കളുടെ സ്കാർഫാണ്
ഇനിഷ്യൽ എന്റെ അമ്മയുടെയും അച്ഛന്റെയും
അവരാണ് എന്റെ ജീവിതത്തിലെ തത്വശാസ്ത്രം
ഞാൻ ജീവിക്കുന്ന ആശയമാണ് അവർ
എന്റെ എല്ലാ ഓർമ്മകളും അവരാണ്…
ഞാൻ പോകുന്നു
നമ്മൾ തമ്മിൽ ഇനി കാണില്ല
അവൾ സ്കാർഫ് ഊരി എനിക്ക് തന്നു..
നീ വച്ചോ….
നിനക്കാണ് തത്വശാസ്ത്രങ്ങളുടെയും
ആശയങ്ങളുടെയും ഓർമ്മകളുടെയും
ആവശ്യം…
എനിക്കിനി ഇത് വേണ്ട….
പക്ഷെ..
ഞാൻ എന്തോ പറയാൻ നോക്കി
അവൾ അവസാനിപ്പിച്ചിട്ടില്ലായിരുന്നു
ഒരു മനുഷ്യനായി വളരുക
ജീവിതം മനസ്സിലാക്കാൻ ശ്രമിക്കുക
പ്രണയിക്കുക….
ഇണ ചേരുക….
കഴിയുമെങ്കിൽ സ്വതന്ത്രമാവാൻ ശ്രമിക്കുക…
കരുത്താനാവുക…..
മനസ്സിൽ.. ഉള്ളിൽ… പുറത്തല്ല…
ഞാൻ നിന്റേതല്ല, നീ എന്റേതുമല്ല
നമ്മളൊന്നും ആരുടേയുമല്ല
ആരുടേയും ആവേണ്ടതില്ല
സ്വതന്ത്രരാവാം…. വ്യക്തികളാവാം
പ്രണയിക്കുന്നവരാവാം
സ്നേഹിതരാവാം … മനുഷ്യരാവാം….
നീയെനിക്ക് അടിമപ്പെടരുത്..
സ്വതന്ത്രമാവു…
നിനക്ക് നല്ലത് വരും…
നമ്മളിനി കാണില്ല…
അവൾ മുറി വിട്ട് നടന്നപ്പോൾ
ആ വെള്ള സ്കാർഫ്…..
എന്റെ കയ്യിലിരുന്ന് ഞെരുങ്ങി
-പഹയൻ-
Categories: കവിത, Malayalam Poems
Leave a Reply