നമ്പർ ടൈപ്പ് ചെയ്ത് സ്റ്റോർ ചെയ്തു
മൊബൈൽ ഫോൺ മാറ്റി വെച്ചു
സമയമാകുമ്പോൾ അതടിക്കും
മറ്റൊന്നും ചിന്തിച്ച് വിഷമിക്കേണ്ടതില്ല
പക്ഷെ അതടിക്കുമ്പോൾ
അതെന്റെ ജീവിതത്തെ മാറ്റിമറിക്കുമോ?
ഒരു ചെറിയ തീരുമാനത്തിൽ
യുദ്ധങ്ങളുടെ ഗതി വരെ മാറിയിട്ടുണ്ട്
പിന്നെയാണ് എന്റെയൊരു സാധാരണ ജീവിതം
മൊബൈലടിക്കുന്നത് കേട്ടില്ലെങ്കിലോ ?
ഞാൻ കാത്തിരുന്നു
ഒരു മണിക്കൂർ, രണ്ട് മണിക്കൂർ, മൂന്ന് മണിക്കൂർ
നിങ്ങൾ എന്തെങ്കിലും കാത്തിരിക്കുമ്പോൾ
ആ കാര്യം സംഭവിക്കുന്നതിന് മുമ്പ് തന്നെ
അത് പല തവണ സംഭവിക്കും
എനിക്കും ഫോണടിച്ച പോലെ തോന്നി
ഒന്നല്ല പല വട്ടം…
ഒടുവിൽ അതടിച്ചു,
ഞാനെടുത്തു ചെവിയോടടുപ്പിച്ചു വച്ചു.
മറുവശത്തെ ശബ്ദം പറഞ്ഞു
“സമയമായി….”
അടുത്ത സ്റ്റെപ് വ്യക്തമാണ്
ഞാൻ ഫോൺ ഓഫ് ചെയ്യുന്നു
മുൻപ് ആരോ തീരുമാനിച്ച പോലെ ചെയ്യുന്നു
ജീവിതം മാറാൻ ഒരു തീരുമാനം മതി
അല്ലെങ്കിൽ ഒരു തീരുമാനം
എടുക്കാതിരുന്നാൽ മതി….
ഞാൻ ഫോണിലേക്ക് തിരിച്ച് പറഞ്ഞു
“സമയമായിട്ടില്ല….
ഞാൻ പറയുമ്പോൾ മാത്രമാണ് സമയമാവുക”
അപ്പുറത്തെ നിശ്ശബ്ദതയിലേക്ക് ഞാൻ
വീണ്ടും പറഞ്ഞു…
“നീ ഒരു ശബ്ദം മാത്രമാണ്
ഫോണിന്റെ ഒരു വശത്തുള്ളൊരു ശബ്ദം
മുഖമില്ലാത്ത വെറുമൊരു ശബ്ദം….
ഞാൻ ഒരു മനുഷ്യനാണ്… ജീവനാണ്
ബന്ധങ്ങളാണ്… സ്വപ്നങ്ങളാണ്
യാഥാർഥ്യമാണ്…. മാറ്റമാണ്…
ഞാൻ തീരുമാനിക്കും…
നീയല്ല…”
-പഹയൻ-
Categories: കവിത
Leave a Reply