സമയമുണ്ട്….
ഞങ്ങളും ഇവിടെയുണ്ട്
ഞങ്ങൾ ഇല്ലാതാവുമ്പോഴും
സമയം അവിടെ തന്നെയുണ്ടാവും
ഒരു കായലിൽ….
വെള്ളത്തിൽ…
അനേകം മുഖങ്ങളുടെ പ്രതിഫലനം
അവയ്ക്കിടയിൽ ഞാനുമുണ്ടോ ?
ഇല്ല…. ഞാനില്ല
ഞാനൊരു പ്രതിബിംബമല്ലല്ലോ
ജീവനുള്ള രൂപമല്ലെ…?
വെള്ളത്തിലേക്ക് മെല്ലെ കാലെടുത്തു വച്ചു
പ്രതിഫലനങ്ങളിൽ ഞാനില്ലായിരിക്കാം
കായലിന്റെ ആഴത്തിലെവിടെയെങ്കിലും ഉണ്ടാവാം
വരൾച്ച കാലത്ത് മാത്രം തല പുറത്തിടുന്ന
ചെറിയ പാറകൾക്കും കല്ലുകൾക്കും ഒപ്പം
ആഴം കുറവാണ്
വീണ്ടും മുന്നോട്ട് നടന്നു
കാലുകൾക്ക് പരിചിതമായൊരു സ്പർശം
ആഴത്തിലുള്ള ഓർമ്മകളിൽ എവിടെയോ
മറന്നുപോയൊരില പോലെ എന്തോ
മുങ്ങുക തന്നെ വേണം
ഒരംശം പോലും പുറത്ത് കാണാതെ
കൈയും കാലും ഉപയോഗിച്ചു വീണ്ടും തിരഞ്ഞു
ആ പരിചിത സ്പർശം പിന്നെയില്ല
അത് നഷ്ടപ്പെട്ടിരിക്കുന്നു.
ഇരുട്ടായി
സൂര്യപ്രകാശത്തിന്റേതെന്ന് അവകാശപ്പെടാവുന്ന
കിരണങ്ങൾ എല്ലാം പതുക്കെ അപ്രത്യക്ഷമായി
പുറത്ത് രാത്രിയായിരിക്കണം
ഞാൻ അനങ്ങിയില്ല….
പ്രതിബിംബങ്ങൾ സൂര്യനെ ഉപേക്ഷിച്ചു
ഇപ്പോൾ ചന്ദ്രനോടാണ് കൂറ്…
സൂര്യന് പരാതികൾ ഇല്ല…
ഞാൻ ഇപ്പോഴും തിരയുകയാണ്
ആ പരിചിതമായ സ്പർശം
ഒരു ദിവസം കണ്ടെത്തും..
സമയമുണ്ട്….
ഞങ്ങളും ഇവിടെയുണ്ട്
ഞങ്ങൾ ഇല്ലാതാവുമ്പോഴും
സമയം അവിടെ തന്നെയുണ്ടാവും
-പഹയൻ-
Categories: കവിത, Uncategorized
Leave a Reply