അവിടെ ഒരു നീണ്ട നിരയുണ്ട്
പുതിയൊരു വരിയാണെന്ന് തോന്നുന്നു.
എനിക്കറിയാവുന്ന ആരുമില്ല
പരിചിതമായ ചില മുഖങ്ങളുണ്ട്
അതൊരു പ്രശ്നമല്ല
എന്നെ അവർക്ക് പരിചയമില്ല.
ഇതെന്റെ ആറാമത്തെ വരിയാണ്
മറ്റഞ്ചെണ്ണം ഇതിനെക്കാൾ ചെറുതായിരുന്നു
ഒരു പക്ഷെ എനിക്ക് തോന്നുന്നതാവം
ഭൂതകാലം എപ്പോഴും അങ്ങനെയല്ലേ
വർത്തമാനത്തിന്റെ പുകമറയിൽ.
ഞങ്ങൾക്ക് മറ്റൊന്നും ചെയ്യാനില്ല
വരികളിൽ അങ്ങനെ നിൽക്കുക,
കാത്തിരിക്കുക…
രസകരമായ സംഭവം അതല്ല
ഞങ്ങൾ ഇതിനായി ജനിച്ചതു പോലെയാണ്
വരികൾ, വരികൾ, പിന്നെയും കൂടുതൽ വരികൾ
ആദ്യം രണ്ട് കാലുകളിലും നിൽക്കുക,
പിന്നെ ഒന്നിൽ നിൽക്കുക..
പിന്നീട് വീണ്ടും രണ്ടു കാലിൽ നിൽക്കുക
മുമ്പിലുള്ള ആളുകളെ നിരീക്ഷിക്കുക
മറച്ചു വയ്ക്കുന്ന ചെറിയ അസൂയയോടെ
പിന്നിലുള്ള ആളുകളെ നിരീക്ഷിക്കുക
മറച്ചു വയ്ക്കുന്ന ചെറിയ ആശ്വാസത്തോടെ…
ലോകത്ത് എല്ലായിടത്തും ഇതേ കഥയാണ്
എല്ലാ വർഗ്ഗത്തിലും നിറത്തിലുമുള്ള ആളുകൾ
ഭാഷകളും പൗരത്വവും ലിംഗഭേദവും
ഒന്നിനു പുറകെ ഒന്നായി അണിനിരന്നങ്ങനെ
വ്യത്യസ്ത ജീവിതങ്ങളിലേക്ക് നയിക്കുന്ന
കോടാനുകോടി വരികൾ….
ചിലരവരുടെ ഊഴം വരെ ജീവിച്ചിരിക്കുന്നു
ചിലർ ഇടയ്ക്ക് വച്ച് ഉപേക്ഷിക്കുന്നു
ഇതിനു മുൻപുള്ള അഞ്ചു വരികൾ
ഞാൻ ഇട്ടെറിഞ്ഞ പോലെ…
ചിലരവരുടെ ഊഴത്തിന് തൊട്ട് മുൻപ് മരിക്കുന്നു
ചിലർ ആ വരികളിൽ പുതിയ കാലുകൾക്ക് ജന്മം നൽകുന്നു
വരികൾ, വരികൾ, പിന്നെയും കൂടുതൽ വരികൾ
പേടിക്കണ്ട ഇവിടം കൊണ്ട് തീരില്ല
വരികളില്ലാത്തവരുടെ ജീവിതങ്ങൾ
ഇപ്പോഴും രേഖപ്പെടുത്താതെ കിടപ്പാണ് ….
അത് വായിക്കാൻ നിങ്ങളും
ഒരു വരിയിൽ ചേരുക….
-വിനോദ്-
Categories: കവിത, Malayalam Poems
Leave a Reply