ഒരു ബ്ലാങ്ക് സ്ക്രീനിൽ ടൈപ്പ് ചെയ്യാൻ തുടങ്ങുന്നു
മനസ്സും തീർത്തും ശൂന്യമാണ്
ആദ്യത്തെ വാക്ക് ടൈപ്പ് ചെയ്യുമ്പോൾ
ഒരു പേന ടോർച്ചിലെ വെളിച്ചം പോലൊന്ന്
അനന്തതയിൽ പോയി ഇല്ലാതാവുന്നൊന്ന്
അതും പിടിച്ചു കയറും…
അവിടെ നിന്നാണ് രണ്ടാമത്തെ വാക്ക് കിട്ടുന്നത്
പിന്നെ മൂന്നാമത്തേതും.. അങ്ങനെ പോവും..
മുൻകൂട്ടി പറയാനാവാത്ത
മനോഹരമായ ഒരു പ്രക്രിയ
എവിടേക്കാണ് കൊണ്ടു പോകുന്നത്..?
അറിയില്ല….
പൂർത്തിയാവുന്നത് നല്ലതാവുമോ…?
അതും പ്രസക്തമല്ല….
ലക്ഷ്യസ്ഥാനം മനോഹരമാണോ…?
അതും ചിന്തിക്കുന്നില്ല…
പ്രക്രിയയിൽ മാത്രമാണ് ശ്രദ്ധ….
മനസ്സിനെ അലഞ്ഞുതിരിയാൻ വിടുന്ന
ദിവസവും ഓരോ പുതിയ വനങ്ങളിലൂടെ
നദി പോലെ ഒഴുകുന്ന ചിന്തകൾക്ക് മുകളിൽ
വാക്കുകളുടെ കല്ലുകളിൽ കാൽ വച്ച്
തെന്നി, വഴുതി, വീണ്… വഴിതെറ്റി
എന്നിലൂടെ നടക്കാനൊരവസരം
കവിതയെന്നു പോലും അതിനെ വിളിക്കാറില്ല
അതാണ് ഗവിത…..
ചിന്തകളുടെ പ്രവാഹത്തിൽ
എന്റെ യാത്രയുടെ ഒരു ചെറിയ പ്രതിഫലനം
വാക്കുകളിൽ പ്രകടമാവുന്ന
എന്റെ കഴിവില്ലാമയും അപൂർണ്ണതയും
ഈ യാത്രക്ക് മാത്രം പൂർണ്ണമാക്കാവുന്ന ഒന്ന്
അത് മാത്രമാണ് ഗവിത…
ഗവിത ഒരിക്കലും നല്ലതോ ചീത്തയോ
മഹത്തരമോ അല്ല…
ആവില്ല… ആക്കണം എന്ന ഉദ്ദേശവുമില്ല…..
എനിക്ക് കഴിയുന്നത് ഇത് മാത്രമാണ്
അതാണ് പരമാർത്ഥം…
ഞാൻ സ്വതന്ത്രമായി തീരുന്ന ഒരവസരം
ഇതാ… ഇതു പോലെ….
ഇതാണ് എന്റെ ഗവിത….
ഇത് മാത്രമാണ് എന്റെ ഗവിത…
-പഹയൻ-
Categories: കവിത, Uncategorized
Leave a Reply