വെള്ളം തിളച്ചു മറിയുകയാണ്
കെറ്റിൽ ചൂളം വിളിക്കുന്നുമുണ്ട്
അത് കേൾക്കാൻ ആരുമില്ല
ലോകം വല്ലാതെ തണുത്തിരിക്കുന്നു
തണുപ്പിൽ ആളുകളുടെ ഉള്ളം കാണാൻ കഴിയും
അവർ മറച്ചുവെയ്ക്കുന്ന ഭ്രാന്ത് അനുഭവിക്കാം
അവരിൽ നിന്നും പൊടിയുന്ന ദുഃഖം അടുത്തറിയാം
അവർ അവരെ തന്നെ കാണുന്നതു പോലെയാണ്
നമ്മളും അവരെ കാണുന്നത്
ചൂളം വിളി കേൾക്കാൻ ആരുമില്ല
അത് കെറ്റിലിന്റെ കുറ്റമല്ല
ചൂളം വിളി കുറച്ചു കഴിഞ്ഞാൽ നിലയ്ക്കും
വെള്ളം തീരെ ഇല്ലാതാവുമ്പോൾ
ചൂളം വിളി നിന്നാലും തീ കത്തും
പിന്നെ അതും കെടും…
കെടുന്നതിന് മുൻപ് അത് പടരും
പലതും കത്തും… കെറ്റിലും കത്തും
അതും ആരും അറിയില്ല
വെള്ളം തിളച്ചു മറിയുകയാണ്
കെറ്റിൽ ചൂളം വിളിക്കുന്നുമുണ്ട്
അത് കേൾക്കാൻ ആരുമില്ല
ലോകം വല്ലാതെ തണുത്തിരിക്കുന്നു
Categories: കവിത
Leave a Reply