കഴിഞ്ഞ ദിവസം ഒരാൾ എനിക്കൊരു മെസേജ് അയച്ചു… ഇംഗ്ലീഷിലായിരുന്നു മെസ്സേജ്… അങ്ങോട്ടും ഇങ്ങോട്ടും മെസേജുകൾ അയച്ചു കഴിഞ്ഞപ്പോൾ അവസാനം മനസ്സിലൊരു വിഷമം…. ചില ചോദ്യങ്ങൾ അങ്ങനെ ഉത്തരങ്ങളും തേടി മനസ്സിൽ നടക്കാൻ തുടങ്ങി….
ഇംഗ്ലീഷിൽ എനിക്ക് വന്ന ആ മെസേജിന്റെ മലയാളം വിവർത്തനം ഏതാണ്ട് ഇതാണ്….
“സാർ. നിങ്ങളുടെ ആം ചെയ്ർ രാഷ്ട്രീയം ഒരു പക്ഷം മാത്രം പിടിച്ചാണ്, പരിഹാസ്യവും അപഹാസ്യവുമായ അഭിപ്രായം പറയാൻ ഒരാൾ ഒരു മേഖലയിൽ വിദഗ്ദ്ധനാകേണ്ടതില്ല എന്ന് മനസ്സിലാക്കണം.. സിനിമയെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള താങ്കളുടെ വിവിധ പോസ്റ്റുകളിലൂടെ ഞാൻ നിങ്ങളെ പഠിച്ചിട്ടുണ്ട്… കേരളത്തെ മെച്ചപ്പെടുത്താൻ എന്തെങ്കിലും നല്ല നിർദ്ദേശമുണ്ടെങ്കിൽ നിങ്ങൾക്ക് സ്വാഗതം. എന്നാൽ ഈ ആം ചെയ്ർ രാഷ്ട്രീയം കൊണ്ട് ഒരു പ്രയോജനമില്ല. നിങ്ങൾ ശരിയായി മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആശംസകളോടെ….“
വായിച്ചപാടെ തന്നെ സ്വാതവേ ചെയ്യുന്ന പോലെ ഞാൻ ഒരു ഉത്തരം കൊടുത്തു…..
“എന്നെ പഠിക്കുകയും എന്നോട് ചോദിക്കുകയും ചെയ്യുന്നതിനുപകരം നിങ്ങൾക്ക് എന്തുകൊണ്ട് എന്തെങ്കിലും ചെയ്തുകൂടാ… സ്വയം ഒന്നും ചെയ്യാതെ മറ്റുള്ളവർ എന്തെങ്കിലും ചെയ്യണമെന്ന് എന്തിന് ശഠിക്കുന്നു… എന്നിലൂടെ കേരളത്തെ മാറ്റാൻ ശ്രമിക്കുന്നതിന് പകരം മാറ്റാനായി മുന്നിട്ടിറങ്ങു… കേരളത്തിനെ മാറ്റാനാണ് എന്റെ പോസ്റ്റുകൾ എന്ന് ഞാൻ എപ്പോഴേങ്കിലും പറയുന്നുണ്ടോ ?“
ഇതിന് വന്ന റിപ്ലൈയാണ് എന്നെ ഏറെ അസ്വസ്ഥനാക്കി… അതിങ്ങനെയായിരുന്നു….
”നിങ്ങളുടെ പ്രതികരണത്തിന് നന്ദി സർ.
ഞാൻ നട്ടെല്ലിന് പ്രശ്‌നമുള്ള, 79 വയസ്സുള്ള, ഏറെ കുറേ ബുദ്ധിമുട്ടുകളുള്ള വീട്ടിൽ ഒതുങ്ങി നിൽക്കുന്ന ആളാണ്… സോഷ്യൽ മീഡിയയിലും YouTube-ലും ഞാൻ സമയം ചിലവഴിക്കുന്നു (അതും എന്റെ നടുവേദന എന്നെ അനുവദിച്ചാൽ മാത്രം)… ഞാൻ ഒരിക്കലും നിങ്ങളെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ല. നിങ്ങളോടുള്ള എന്റെ ഈ നിർദ്ദേശത്തിൽ ഞാൻ ഇപ്പോൾ ഖേദിക്കുന്നു …
നിങ്ങൾക്കത് മറക്കാം…. അനുമോദനങ്ങൾ.“
എന്തിന് ഞാൻ ആദ്യം അങ്ങനെ പ്രതികരിച്ചു എന്ന ചിന്തയാണ് ആദ്യം മനസ്സിൽ വന്നത്… പിന്നെ എന്റെ മുന്നിൽ പല ചോദ്യങ്ങളും ഉയർന്നു വന്നു… എന്തിന് സാമൂഹ്യ മാധ്യമം ഉപയോഗിക്കുന്നു…. അങ്ങനെ ഞാനെന്തെങ്കിലും ചെയ്‌താൽ വ്യക്തികളും സമൂഹവും മാറുമോ… വ്യക്തികളെയും സമൂഹത്തിനെയും മാറ്റണം എന്നൊരുദ്ദേശം എനിക്കുണ്ടോ?…. അതില്ലാതെയിരുന്നു കൂടെ….? അടിസ്ഥാനപരമായി ഞാൻ സാമൂഹിക മാധ്യമം ഉപയോഗിക്കുന്നത് എനിക്ക് വേണ്ടി മാത്രമല്ലേ..? അങ്ങനെ അങ്ങനെ അങ്ങനെ…..
തിരിച്ച് ഒരു റിപ്ലൈ കൂടി ചെയ്തു…
“കമന്റ് വായിച്ചപ്പോൾ വളരെ വിഷമം തോന്നി… നിങ്ങൾക്ക് നാട് നന്നാക്കിക്കൂടെ എന്നും ചോദിച്ചു പലരും വരാറുണ്ട്… അത് കൊണ്ടാണ് ഞാൻ അങ്ങനെ പ്രതികരിച്ചത്. മാത്രമല്ല മാറ്റം വരുത്താൻ വേണ്ടിയായി ഞാൻ വീഡിയോകൾ ചെയ്യാറില്ല. മാറ്റം ഓരോ വ്യക്തികളുടെയും ഉള്ളിൽ നിന്ന് വരണം എന്നാണ് ഞാൻ കരുതുന്നത്.. നമ്മൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നമ്മൾ നമ്മളിൽ തന്നെ വരുത്താൻ ശ്രമിക്കുക എന്നത് മാത്രമല്ലേ നമ്മൾക്ക് ചെയ്യാൻ കഴിയു….? എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒരു ജീവിതം നയിക്കുന്നു, ആളുകൾക്ക് അതിൽ നിന്നും എന്തെങ്കിലും പഠിക്കാൻ കിട്ടിയാൽ അവർ അത് ഉൾകൊള്ളും. നമ്മൾ ആളുകളെ മാറ്റാൻ ശ്രമിക്കുകയാണെന്ന് തോന്നിയാൽ ആ നിമിഷം അവർ അതിനെ എതിർക്കും… ആരും മാറ്റം ഇഷ്ടപ്പെടുന്നില്ല… “
സാമൂഹിക മാധ്യമം സമൂഹ നന്മക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്ന ധ്വനി എപ്പോഴെങ്കിലും എന്റെ എഴുത്തിലോ സംസാരത്തിലോ വന്നിട്ടുണ്ടെങ്കിൽ തന്നെ അത് അത്ര സത്യമായിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നു…. വളരെ സ്വാർത്ഥതയോടു കൂടി മാത്രം സാമൂഹ്യ മാധ്യമം ഉപയോഗിക്കുന്നവനാണ് ഞാൻ എന്നാണ് ഇപ്പോൾ തോന്നുന്നത്…. ഇതൊരു ജനസേവനമൊന്നുമല്ല……
ഇത് പോലുള്ള സംവാദങ്ങൾ വഴി പോലും എന്തെങ്കിലും വെളിച്ചം എന്റെ തലയ്ക്കുള്ളിൽ കയറുന്നുണ്ടെങ്കിൽ അതും എന്നെ നന്നാക്കുമെന്ന സ്വാർത്ഥത മാത്രമാണ്….
സാമൂഹ്യ മാധ്യമ അഭ്യാസങ്ങളിൽ ചില ഗുണങ്ങൾ മറ്റുള്ളവർക്ക് ഉണ്ടായിട്ടുണ്ടാകാം എന്നുണ്ടെങ്കിലും ഉദ്ദേശം അതായിരുന്നില്ല എന്ന് വേണം ചിന്തിക്കാൻ…
എനിക്ക് ശരിയെന്ന് തോന്നുന്ന രീതിയിൽ ജീവിച്ചും സാമൂഹ്യ മാധ്യമം ഉപയോഗിച്ചു പോകുന്നു… അഭിപ്രായങ്ങൾ പറയുന്നു… അതിലും തീർത്തും സെലക്റ്റീവ് ആണ് താനും… തെറ്റെന്ന് മനസ്സിലാക്കുന്നവ മാറ്റാൻ ശ്രമിക്കുന്നുണ്ട്… ചിലതിൽ വിജയിക്കുന്നു… ചിലതിൽ പരാജയപ്പെടുന്നു….
ചോദ്യങ്ങൾ ഉത്തരങ്ങൾ തേടി മനസ്സിലുണ്ട്… ചില ഉത്തരങ്ങൾ ഇനിയും ചിന്തകളുടെ മിക്സ്റിൽ ഇട്ട് ഒന്ന് അടിച്ചൊഴിച്ചാൽ മാറ്റാവുന്നതേ ഉള്ളു എന്നും അറിയാം…
എന്തിന് സാമൂഹ്യ മാധ്യമം ഉപയോഗിക്കുന്നു…. അങ്ങനെ ഞാനെന്തെങ്കിലും ചെയ്‌താൽ വ്യക്തികളും സമൂഹവും മാറുമോ… വ്യക്തികളെയും സമൂഹത്തിനെയും മാറ്റണം എന്നൊരുദ്ദേശം എനിക്കുണ്ടോ?…. അതില്ലാതെയിരുന്നു കൂടെ…. അടിസ്ഥാനപരമായി ഞാൻ സാമൂഹിക മാധ്യമം ഉപയോഗിക്കുന്നത് എനിക്ക് വേണ്ടി തന്നെയല്ലേ..? അങ്ങനെ അങ്ങനെ അങ്ങനെ…..
-പഹയൻ-
എന്തിന് ഇതിന് എന്റെ ഫോട്ടോ ഇട്ടു എന്നതിനും രണ്ടു കാരണങ്ങളുണ്ട്… ഒന്ന് എന്റെ ഫോട്ടോ ആവുമ്പം ആരോടും ചോദിക്കണ്ടല്ലോ… രണ്ട് എന്റെ ഉള്ളിലെ നാർസിസിസ്റ്റ് എന്നെ കൊണ്ട് ചെയ്യിക്കുന്നതാണ്….
Categories: Articles and Opinions
Leave a Reply