ഇന്ന് ഡിസംബർ 28 അമ്മയുടെ പിറന്നാൾ… എനിക്ക് 17 വയസ്സും അനിയത്തിക്ക് 12 വയസ്സും പ്രായമുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്…. അമ്മയാണ് പിന്നെ എല്ലാം…
അനിയത്തിയായിട്ട് ഒരു ടെൻഷനും കൊടുത്തിട്ടില്ലെങ്കിലും അതിന്റെ എത്രായോ ഇരട്ടി ഞാൻ കൊടുത്തിട്ടുണ്ട്..
കോളേജിൽ എത്തുന്നത് വരെ നന്നായി പഠിച്ചിരുന്നെങ്കിലും പിന്നെയുള്ള ജീവിതം ഒരുതരം ഉത്തരവാദിത്യമില്ലാത്ത കേട്ടു വിട്ട പട്ടം പോലെയായിരുന്നു..
എന്റെ കോളേജ് കാലം… ധിക്കാരം… രാഷ്ട്രീയം… പാതി വെന്ത ചിന്തകൾ വഴി പോകുന്ന പ്രകൃതം… കോഴിക്കോട്ടെ ബിസിനസ്സ് കാലം….. എന്റെയും തുല്ല്യ പങ്കോട് കൂടി ശരിയാവാതെ പോയ എന്റെ ആദ്യ വിവാഹ ജീവിതവും അതിന് ശേഷമുണ്ടായ വിവാഹ മോചനവും… പ്രവാസ ജീവിതമടക്കം അങ്ങനെ ഓരോ ഘട്ടത്തിലും ആശങ്കയും ടെൻഷനും നിരാശയും ആവോളം ഞാൻ കൊടുത്തിട്ടുണ്ട്….
ഇന്നും സാമൂഹ്യ മാധ്യമത്തിൽ ഓരോന്ന് പറയുമ്പോഴും ആളുകളിൽ നിന്നും ചീത്ത വിളി കേൾക്കുമ്പോഴും ഇടക്ക് ചോദിക്കും.. ‘എന്തിനാ വിനു ഇങ്ങനെ ആളുകളെ കൊണ്ട് പറയിപ്പിക്കുന്നത്’ എന്ന്.. ഞാൻ എന്തെങ്കിലും ഫിലോസഫി പറഞ്ഞു രക്ഷപ്പെടും….
പിന്നെയാണ് മനസ്സിലായത് നമ്മൾ എങ്ങനെ നീങ്ങിയാലും അല്പം വേവലാതിയാണ് അമ്മമാർക്ക് 🥰
ദേശവും സമയവും കടന്ന് എത്ര ദൂരം പോയാലും എപ്പോഴും നമ്മളെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്നവർ അധികമുണ്ടാവില്ല… അങ്ങനൊരാൾ ഇന്നും ഉണ്ടെന്നത് വലിയൊരു ഭാഗ്യമാണ്….
പട്ടം പറന്നകന്ന് പോകുമ്പോഴും കൈയ്യിലെ നൂലിൽ നിന്നും പിടി വിടാതെ വിരലുകളിൽ ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും വർഷങ്ങളും എണ്ണി അങ്ങനെ….
അമ്മ….
അമ്മക്ക് ജന്മദിനാശംസകൾ 🥰
Categories: Memories
Leave a Reply