Remainder Of A Life
ഒരു ജീവന്റെ ബാക്കി ഭാഗം
———————-
ഇന്ന് വൈകുന്നേരത്തേക്ക് നിങ്ങൾ മരിക്കുമെന്ന്
ഞാൻ നിങ്ങളോട് പറയുകയാണെങ്കിൽ
അതു വരെ നിങ്ങളെന്ത് ചെയ്യും.
ഞാനെന്റെ കയ്യിൽ കെട്ടിയ വാച്ച് നോക്കും
പിന്നെ ഒരു ഗ്ലാസ്സ് ജ്യൂസ് കുടിക്കും
ഒരു ആപ്പിളിൽ നിന്നും ഒരു കടിയെടുക്കും
ഭക്ഷണം കണ്ടെത്തിയ ഒരു ഉറുമ്പിനെ കുറിച്ച് ഗാഢമായി ചിന്തിക്കും
എന്നിട്ട് വീണ്ടും കയ്യിൽ കെട്ടിയ വാച്ച് നോക്കും.
എന്റെ താടി വടിക്കാനും ഒന്ന് കുളിക്കാനും
എന്തിലെങ്കിലും വ്യാപൃതനാവാനും സമയം ബാക്കിയുണ്ടാവും:
എഴുത്തെഴുതാൻ ചില അലങ്കാരങ്ങൾ വേണം
ഒരു നീല വസ്ത്രം തന്നെയാവട്ടെ,
ഒരുച്ചവരെ ഞാൻ ജീവനോടെ എന്റെ മേശക്ക് മുന്പിലിരിക്കും
പക്ഷെ എന്റെ വാക്കുകളിലെ വർണ്ണങ്ങളുടെ ഗന്ധം മനസ്സിലാക്കാതെ പോവും
വെള്ള….. തൂവെള്ള…. എല്ലാം വെള്ള നിറം….
ഞാനെന്റെ അവസാനത്തെ അത്താഴമുണ്ടാക്കും
രണ്ടു ഗ്ലാസ്‌സിലായി വീഞ്ഞൊഴിക്കും
ഒന്നെനിക്ക്
മറ്റേത് സമയം നിശ്ചയിക്കാത്ത ആ അതിഥിക്ക്
എന്നിട്ട് ഞാൻ രണ്ടു സ്വപ്നങ്ങളുടെ ഇടയിലായി ഒരുറക്കം പാസാക്കും
പക്ഷെ എന്റെ കൂർക്കംവലി എന്നെ ഉണർത്തും
ഞാൻ വീണ്ടുമെന്റെ കയ്യിൽ കെട്ടിയ വാച്ച് നോക്കും.
കുറച്ച് വായിക്കാനായി സമയം ബാക്കിയുണ്ടാവും
ഡാൻറെയിൽ നിന്നും ഒരദ്ധ്യായം വായിക്കും
പിന്നെ മുലാക്കാത്തിന്റെ പകുതിയും
എന്നിട്ട് എന്റെ ജീവൻ എന്നിൽ നിന്നും മറ്റൊരാളിലേക്ക് പോകുന്നത് നോക്കിയിരിക്കും
ആ യാത്രയിൽ അതിൽ നിന്നും നഷ്ടപ്പെടുന്നതെല്ലാം ആര് നികത്തും എന്ന് ഞാൻ അന്വേഷിക്കില്ല
അത് തന്നെ… പിന്നെ?
അത് തന്നെ… അത്രയേ ഉണ്ടാവു
പിന്നെ.. എന്ത് വേണം?
ങാ.. പിന്നെ ഞാൻ മുടിയൊന്ന് ചീകും
എഴുതിയ കവിത വലിച്ചെറിയും
ഈ കവിത….
നേരെ ചവറ്റു കൊട്ടയിലേക്ക്
പിന്നെ ഏറ്റവും ലേറ്റസ്റ്റ് ഫാഷനുള്ള ഇറ്റാലിയൻ ഷർട്ടെടുത്തിടും
എന്നിട്ട് സ്പാനിഷ് വയലിനുകളുടെ അകമ്പടിയോടെ
ഒരു ഘോഷയാത്രയായി
ശവകുടീരത്തിലേക്ക് നടന്ന് നീങ്ങും
മെഹമൂദ് ഡാർവിഷ്
(പരിഭാഷാ-മർത്ത്യൻ)
Categories: Malayalam translation
Leave a Reply