എല്ലാ യുദ്ധങ്ങളും പരാജയമാണ്…. പക്ഷെ ചിലത് പറയാനുണ്ട്…
ചൈനയിലെ ഭരണകൂടം ശരിയല്ല… ചൈനീസ് അല്ല… ചൈനയിലെ ഭരണം… അതെന്റെ അഭിപ്രായം…. മനുഷ്യാവകാശ ലംഘനം നടക്കുന്നു എന്നത് മാത്രമല്ല… അതിനെതിരെ ശബ്ദിക്കാൻ പറ്റാത്ത ഒരു സ്ഥലമാണ് ചൈനാ എന്നതാണ് പ്രശ്നം… ലോക ശക്തിയാണോ… കഴിവുണ്ടോ… ഭയങ്കര സാന്പത്തിക മുന്നേറ്റം ഉണ്ടായിട്ടുണ്ടോ… ലോകശക്തികളുടെ ബാലൻസ് ചെയ്യലാണ് ഇത്… ഇതൊന്നും വ്യക്തിപരമായി എനിക്ക് വിഷയമല്ല…
ചൈനയിൽ പോയിട്ടില്ല പക്ഷെ ചൈനയിൽ നിന്നും പാലായനം ചെയ്ത പലരുമായി സംസാരിച്ചിട്ടുണ്ട്… ചൈനയിൽ നിന്ന് മാത്രമല്ല… ജനാധിപത്യ വിരുദ്ധ ലോകങ്ങളിൽ നിന്നും രക്ഷപ്പെട്ട പലരുമായിട്ട് ജീവിതത്തിൽ പല പ്രാവശ്യം സംവദിച്ചിട്ടുണ്ട്…. 19ആം വയസ്സിൽ പോൾപോട്ടിന്റെ കന്പോഡിയയിലെ കില്ലിംഗ് ഫീൽഡ്‌സിൽ അകപ്പെട്ട് അവിടെ നിന്നും രക്ഷപ്പെട്ട ഒരു പരിചയക്കാരൻ അടക്കം…
മനുഷ്യാവകാശം.. മാനവികത… അതിനെ ഈ ലോകത്ത് അർത്ഥമുള്ളൂ…. അതിനെ നിങ്ങൾ എന്ത് വച്ചും വ്യാഖ്യാനിച്ച് കൊള്ളൂ… മതം.. പ്രത്യശാസ്ത്രം… രാജ്യസ്നേഹം… ആത്മീയത…. അത് നിങ്ങളുടെ ഇഷ്ടം…
മാനവികതക്ക് ഒരു നിറമേ ഉള്ളു… പിടയുന്ന ജീവന്റെയും, ചിന്തുന്ന രക്തത്തിന്റെയും, പൊടിയുന്ന കണ്ണുനീരിന്റെയും നിറവും സ്വാദും… അതെ ഉള്ളു…. അല്ലാത്തതൊന്നും മാനവികതയിൽ പ്രസക്തമല്ല… എനിക്ക്… ലോകത്തിന്റെയും നിങ്ങളുടെയും കാര്യം എനിക്കറിയില്ല…
അതിർത്തികൾ ഇല്ലാത്ത ഉരുണ്ട ഭൂമിയിൽ അതിരുകൾ സൃഷ്ടിച്ച് പരിണമിച്ച മാനവികതയാണ് ഇതെന്ന് അറിയാം… എങ്കിലും ചില പ്രദേശങ്ങളിലുള്ള അനാവശ്യ അതിക്രമം മാനവികതയുടെ ഭാഗമല്ല… വെറും ഊച്ചാളി ശക്തി പ്രകടനത്തിന്റെ ഭാഗമാണ്…
കോവിഡിന്റെ കുറവ് നികത്താനാകും ഭാരതത്തിലെക്ക് ചൈന കടന്നു കയറാൻ ശ്രമിക്കുന്നത്… അതിന് തക്കതായ ഉത്തരം ഭാരതത്തിലെ ധീര യോദ്ധാക്കള്‍ നൽകിയിട്ടുണ്ട്.. ഇപ്പോഴും അനാവശ്യമായി നമ്മുടെ മേൽ കുതിരകയറുന്ന ചൈനീസ് പട്ടാളത്തെ ഇന്ത്യ ചെറുത്ത് കൊണ്ടിരിക്കുന്നു… പക്ഷെ എല്ലാ രാജ്യത്തിന്റെയും യോദ്ധാക്കളുടെ മരണം അതാത് രാജ്യത്തിന്റെ പരാജയമാണ്… എല്ലാ മരണവും മാനവികതയുടെ പരാജയമാണ്…
മനുഷ്യര്‍ മരിക്കുന്നു… നിങ്ങളെയും എന്നെയും പോലുള്ള മനുഷ്യർ… അതിർത്തിയിലെ സംഘർഷങ്ങൾ ഇന്നത്തെ കാലത്തും ഒരു അനിവാര്യതയായി മാറുന്നത് മനുഷ്യന്റെയും രാജ്യങ്ങളുടെയും അഹന്തയും പരസ്പര ബഹുമാനമില്ലായ്മയുമാണ്… പിന്നെ ഒടുക്കത്തെ പവർ സ്ട്രഗിളും…. ഇത് എന്റെ അഭിപ്രായം… നിങ്ങൾക്ക് ഇതിനെ രാജ്യസ്നേഹവും മതവും പ്രത്യയശാസ്ത്രവും ഒക്കെ വേണ്ട രീതിയിൽ ചേർത്ത് സേവിക്കാം…
പക്ഷെ… ഈ പോസ്റ്റ് ഇതിനല്ല..
യുദ്ധത്തിനെ കുറിച്ച് ഒന്നും മനസ്സിലാക്കാതെ വീറോടെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പൊരുതി രണ്ടു ഭാഗത്തെയും മരണപ്പെട്ടവരുടെ കണക്കെടുപ്പ് നടത്തി ആഹ്ലാദ പ്രകടനവും തുക്കടാ രാഷ്ട്രീയവും കളിച്ച് യൊദ്ധാക്കള്‍ ചമയുന്ന ചില ഭൂലോക അല്പന്മാര്‍ക്ക് വേണ്ടി സമര്‍പ്പയാമി….
യുദ്ധക്കണക്ക്
————–
യുദ്ധത്തിന്റെ തിയതി കുറിച്ചതിനു ശേഷംഅവർ തിരികേ പോയി…..
അവരുടെ കണക്കു പുസ്തകംപൂർത്തിയാകാൻ സമയമെടുത്തിരുന്നു.
മരണത്തിന്റെ എണ്ണത്തിൽ അവർ ഏറെ നേരം ചര്‍ച്ച ചെയ്ത് ഒരുഒത്തുതീർപ്പിലെത്തി…
വലത്തേ കൈ നഷ്ടപ്പെടുന്നവരുടെ എണ്ണം
ഇടത്തെ കൈ നഷ്ടപ്പെടുന്നവരുടെ എണ്ണവുമായി
ഏകദേശം ഒപ്പിച്ചെടുത്തു….
സ്ത്രീകൾക്ക് രണ്ടു കൈയ്യും നഷ്ടമായാൽ
ആലിംഗനം കഴിയില്ലെന്ന് പറഞ്ഞപ്പോൾ
അമ്മമാരുടെ പേര് ഒരുത്തൻ വെട്ടി മാറ്റി.
അത് ശരിയല്ല..
അമ്മമാരിൽ സുന്ദരികളുടെ പേര് മാത്രം
വെട്ടിയാൽ മതിയെന്ന് മറ്റൊരുത്തൻ പറഞ്ഞു…
അവർ അത് ശരിവച്ചു.
മക്കൾ ചത്താൽ അമ്മക്കെന്തിന് കൈകൾ
സുന്ദരികളായാൽ വിഷയം വേറെ.
ആലിംഗനം ചെയ്യാൻ കഴിയാത്ത സുന്ദരികൾ
യുദ്ധങ്ങളുടെ മാനം കെടുത്തും
എന്നും അവർ തിരുമാനിച്ചു.
അങ്ങനെ സുന്ദരികളല്ലാത്ത അമ്മമാർ
ലിസ്റ്റിൽ പെട്ടു…
സുന്ദരികൾ രക്ഷപ്പെട്ടു….
ഒരു കാൽ നഷ്ടപ്പെടുന്നവരുടെ എണ്ണം
അല്പം കൂടിയോ എന്നും വാദമുയർന്നു,
അതാരും കണക്കിലെടുത്തില്ല..
മരണത്തിനേക്കാൾ വലുതല്ലല്ലോ
ഒരു കാൽ നഷ്ടപ്പെടുന്നത്…..
രണ്ടു കാലും നഷ്ടപ്പെടുന്നവരുടെ പേർ
രണ്ടു തവണ രേഖപ്പെടുത്താതിരിക്കാൻ
അവർ പ്രത്യേകം ശ്രദ്ധിച്ചു…
പിന്നെ അവസാനം…
കൈകളും കാലുകളും നഷ്ടപ്പെട്ട്
ഉടലിൽ തുന്നി വച്ച തലകൾ
ഏതു വകുപ്പിൽ പെടുത്തണമെന്നറിയാതെ
അവർ വളരെ ബുദ്ധിമുട്ടി…
പക്ഷെ സമയം അധികമായതിനാൽ
അവർ ആ എണ്ണം മരണപട്ടികയിൽ
ചേർത്ത് തൃപ്തരായി….
പിന്നെ യുദ്ധത്തിന്റെ തിയതി കുറിച്ചതിനു ശേഷം
അവർ തിരികേ പോയി…..
-മർത്ത്യൻ-
Categories: Articles and Opinions
ശക്തമായ വാക്കുകൾ
LikeLike