എനിക്ക് ശ്വാസം മുട്ടുന്നു…..
“I Can’t Breathe”…. എന്ന് പറയുന്നത് കേട്ടിട്ടും തന്റെ മുട്ടുകാൽ എടുക്കാതെ അവിടെ തന്നെ വച്ച് ഇരിക്കുന്ന പോലീസുകാരന്റെ ചിത്രം മനസ്സിൽ നിന്നും അടുത്തൊന്നും പോകില്ല… പോകുകയുമരുത്….
ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി ചർച്ച ചെയ്യപ്പെടുകയും അരുത്…. വർണ്ണ വിവേചനം മനസ്സിലുള്ള… മനസ്സിലുണ്ടായിട്ടും പുറത്ത് കാണിക്കാത്ത.. മനസ്സിലുണ്ടെന്ന് തിരിച്ചറിയാത്ത അനേകം പേർ ഇന്നും ലോകത്ത് ജീവിക്കുന്നുണ്ട്… അറിഞ്ഞും അറിയാതെയും ജീവിതത്തിൽ വിവേചനങ്ങൾ ചെയ്ത് ജീവിക്കുന്നവർ….
ജോർജ് ഫ്ലോയിഡിന്റെ കൊലപാതകം ഒരു പോലീസ് സംഭവം മാത്രമായി കാണാൻ എനിക്ക് കഴിയില്ല…. ഇത് ചർച്ച ചെയ്യുന്പോൾ വെള്ളക്കാർ കറുത്ത വർഗ്ഗക്കാർ എന്ന രണ്ടു ഭാഗമായി മാത്രം കണ്ട് ജീവിതം മുന്നോട്ട് നീങ്ങാൻ ബുദ്ധിമുട്ടുണ്ട്…. ഇടയിൽ ജീവിക്കുന്ന ബ്രൗൺ നിറക്കാരുടെ വർണ്ണ വിവേചനത്തിനെ കുറിച്ച് പറയാതെ പോകുന്നതും ശരിയല്ല…..
ജാതി ഒരു വിവേചനമല്ല എന്ന് കരുതുന്നവർക്ക് വർണ്ണ വിവേചനം വളരെ എളുപ്പത്തിൽ വരും എന്നാണ് എനിക്ക് തോന്നുന്നത്…. കറുപ്പിനോട് വെറുപ്പും വെളുപ്പിനോട് ആരാധനയും ഉള്ളത് ഒരു വർണ്ണ വിവേചനമാണ്….. അത് മാധ്യമങ്ങളിലും, പ്രവർത്തികളിലും ചിന്തയിലും മാർക്കറ്റിംഗിലും സിനിമയിലും സമൂഹത്തിലും നിറഞ്ഞ് നിൽക്കുന്നതും വിവേചനമാണ്….
ചുറ്റും നോക്കിയാൽ വർണ്ണ വിവേചനത്തിനെ എതിർക്കാതെ…. സംസാരിക്കാതെ… ചർച്ച ചെയ്യപ്പെടാതെ പോകുന്ന എത്രയെത്ര സംഭവങ്ങൾ നമുക്ക് കാണാൻ കഴിയും…. ഇവിടെ അമേരിക്കയിൽ ഞാൻ കാണുന്നുണ്ട്… നാട്ടിലും ലോകത്ത് പലയിടത്തും കാണാം…
2015ൽ ആലബാമയിൽ തന്റെ കുട്ടികളെ കാണാനായി നാട്ടിൽ നിന്നും വന്ന സുരേഷ് ഭായ് പട്ടേലിനെ നിങ്ങൾക്ക് ഓർമ്മയുണ്ടോ എന്നറിയില്ല… രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ നാട്ടിലെ പോലെ ഓരോ വീടുകളിലേക്ക് നോക്കി നടന്നു നീങ്ങി… കണ്ടപ്പോൾ സംശയം തോന്നി ആരോ പോലീസിനെ വിളിച്ചു… പോലീസ് വന്നപ്പോൾ സുരേഷ്ഭായി പിന്നിൽ കൈയും കെട്ടി നിൽക്കുകയായിരുന്നു, ഇംഗ്ളീഷും മനസ്സിലായിരുന്നില്ല…
പോലീസ് നമ്മളെ പിടിച്ചാൽ കൈകൾ അവർക്ക് കാണുന്ന വിധത്തിൽ പിടിക്കണം… അത് അദ്ദേഹത്തിന് അറിഞ്ഞിരുന്നില്ലായിരിക്കണം.. പോക്കറ്റിൽ വയ്‌ക്കുകയോ പിന്നിൽ പിടിക്കുകയോ ചെയ്‌താൽ ആയുധമുണ്ടെന്ന് തെറ്റിദ്ധരിക്കപ്പെടും… പോലീസ് അയാളെ പിടിച്ച് കമഴ്‌ത്തിയടിച്ചു…. ഈ സംഭവം സുരേഷ്‌ഭായിയെ പാരലൈസ് ചെയ്ത് ആജീവനാന്ത പരിക്കുകൾ നൽകി… എറിക് പാർക്കർ എന്ന ആ പോലീസുകാരൻ എന്തോ recertification ചെയ്ത് തിരിച്ച് ജോലിയിൽ പ്രവേശിച്ചിരുന്നു….
അന്ന് ധാരാളം ഇന്ത്യൻ വംശജർ അതിനെതിരെ സംസാരിച്ചു…. കറുത്ത വർഗ്ഗക്കാർക്കെതിരെ നടക്കുന്ന വർണ്ണ വിവേചനം കണ്ടിട്ടും കാണാതെ പോയവർക്കും ചിലർക്ക് ശബ്ദമുണ്ടെന്ന് അന്നെനിക്ക് മനസ്സിലായി…. അന്ന് നമ്മുടെ ഇന്ത്യൻ സമൂഹത്തിനോട് അതിനുള്ളിൽ നിന്ന് തന്നെ ചിലർ ഒരു ചോദ്യം ചോദിച്ചിരുന്നു..
ഈ സംഭവം ഒരു ഇന്ത്യക്കാർ തിങ്ങി പാർക്കുന്നിടത്ത് ഒരു കറുത്ത വർഗ്ഗക്കാരൻ നടക്കുകയാണെങ്കിൽ എത്ര പേർ സംശയത്തോടെ നോക്കുമെന്നും പോലീസിനെ വിളിക്കുമെന്നും… ചോദ്യത്തിന് ലഭിച്ച മൗനം പലരുടെയും ഉള്ളിൽ വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കിയിരിക്കണം…
വിവേചനം പലരുടെയും ഉള്ളിൽ ശബ്ദമുണ്ടാക്കാതെ ആരും അറിയാതെ ജീവിക്കുന്നു എന്ന യാഥാർഥ്യം ശ്വാസം മുട്ടിക്കുന്നതാണ്….. സമയം വരുന്പോൾ അറിയിച്ചും അറിയിക്കാതെയും അത് പുറത്ത് വരുന്നു…..
പോലീസിന്റെ പെരുമാറ്റം ഒരു പ്രശ്നം തന്നെയാണ്… പ്രത്യേകിച്ച് ഈ പോലീസുകാരന് ഇതിന് മുൻപും ധാരാളം പ്രശ്നങ്ങളിൽ പെട്ടിട്ടുണ്ട്…. മാത്രമല്ല അതിൽ ഒന്നും അയാൾ ശിക്ഷിക്കപ്പെട്ടിരുന്നില്ല എന്നും മനസ്സിലാക്കണം… ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ഇങ്ങനെ സംഭവിക്കില്ലായിരിക്കണം….
പോലീസിന്റെ ക്രൂരതയും അനാസ്ഥയും മുന്നിൽ നിൽക്കുന്പോൾ തന്നെ വിവേചനം എന്ന ഒരു വസ്തുത കറുത്തവനും വെളുത്തവനും തമ്മിൽ മാത്രമല്ല അതിനിടക്ക് കിടക്കുന്ന ബ്രൗൺ നിറക്കാരനും ഉണ്ടെന്ന് നമ്മൾ മനസ്സിലാക്കണം… വിവേചനം, അത് എല്ലാ രീതിയിലും എതിർക്കപ്പെടണം… ജാതിയും പൊതിഞ്ഞ് കെട്ടി കടൽ താണ്ടി അമേരിക്കയിൽ എത്തുന്നവർ ഇല്ലെന്ന് കരുതരുത്…. നാട്ടിലെക്കാൾ ഏറെ മത വിദ്വഷവും അന്ധവിശ്വാസവും ജാതീയതയും വച്ച് പുലർത്തുന്ന അമേരിക്കക്കാർ ഇവിടുണ്ട്…. സായിപ്പവാനുള്ള തിരക്കിൽ ചിലപ്പോൾ കാണാതെ പോകുന്നതാവാം….
വംശീയ വേർതിരിവ്, മുൻവിധി, വിദ്വേഷം, വെറുപ്പ്, വേർതിരിവ്, വിവേചനം, അതിക്രമം, അടിച്ചമർത്തൽ…. ഇവിടെ ജാതിയും വർണ്ണ വിവേചനവും ഒരേ പോലെയാണ്… ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് വളരെ എളുപ്പത്തിൽ മനസ്സിന് ചേക്കേറാം…
ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ജാതി വിവേചനം ഉണ്ടോ എന്ന് ചോദിക്കുന്ന എത്രയോ പേരെ എനിക്കറിയാം…. നിങ്ങൾക്കും അറിയുമായിരിക്കും… അവരും ജോർജ് ഫ്ലോയിഡീന് നീതി കിട്ടാനായി “I Can’t Breathe” കാന്പയിനിന്റെ ഭാഗമായി ഉണ്ടായിരിക്കണം…. അവരും ഉറക്കത്തിൽ നിന്നും ഉണരുമെന്ന് പ്രതീക്ഷിക്കാം…
മുൻപ് ഈ വിഷയത്തിൽ രണ്ട് ലേഖനങ്ങൾ എഴുതിയിരുന്നു….
ഒന്ന് ബോബി ജിൻഡാൽ എന്ന (സായിപ്പാവാൻ സ്വന്തം പെയിന്റിങ് വരെ വെളുപ്പിച്ച) ഇന്ത്യൻ വംശജനായ ഒരു കോപ്പൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരാർത്ഥിയാവാൻ ശ്രമിക്കുന്ന സമയത്താണെന്ന് തോന്നുന്നു.. അയാളെ ‘ഇന്ത്യൻ അമേരിക്കൻ’ എന്ന് അഭിസംബോധന ചെയ്യരുത് എന്ന് പറഞ്ഞപ്പോൾ എഴുതിയത്….
https://vinodnarayan.com/…/the-brown-white-indian-american…/
രണ്ടാമത്തേത് അതേ സമയത്ത് എന്ത് കൊണ്ട് കറുത്ത വർഗ്ഗക്കാരുടെ നേരെ നടക്കുന്ന വർണ്ണ വിവേചനങ്ങളെ എതിർക്കുന്നതിൽ ബ്രൗൺ നിറക്കാരന്റെ പ്രവർത്തികൾ അപൂർണ്ണമാണ് പോകുന്നു എന്നത്…. വേണമെങ്കിൽ വായിക്കാം… വർണ്ണ വിവേചനത്തെ എതിർക്കുന്നതിൽ ബ്രൗൺ നിറക്കാരന്റെ ഉത്തരവാദിത്തം….
https://vinodnarayan.com/…/the-brown-responsibility-fighti…/
എനിക്ക് ശ്വാസം മുട്ടുന്നു….. നിങ്ങൾക്കും ശ്വാസം മുട്ടണം…. കാരണം ശ്വാസം മുട്ടുന്നു എന്ന് പറയുന്പോൾ മനസ്സിലാവാതെ മുട്ടുകാലുകൾ മാറ്റാൻ തയ്യാറാവാത്തവർ ധാരാളമുണ്ട് നമ്മുടെയിടയിൽ…. അവിടെയും ജീവനുകൾ ഹോമിക്കപ്പെടുന്നു…. അവിടെയും ആത്മഹത്യകളും കൊലപാതകങ്ങളും നടക്കുന്നു….
അറിയാതെ പോകരുത്…. പറയാതെ പോകരുത്….
എനിക്ക് ശ്വാസം മുട്ടുന്നു…
നിങ്ങൾക്കും ശ്വാസം മുട്ടണം…..
മർത്ത്യൻ
Categories: Articles and Opinions
Leave a Reply