ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനമാണ്… മൗലാനാ അബുൽ കലാം ആസാദിന്റെ ജന്മ വാർഷികം…. ‘വിദ്യ’ എന്നത് ഒരേ ആശയങ്ങളുടെ ഉള്ളിൽ കിടന്ന് വീർപ്പുമുട്ടലല്ല… പകരം വ്യത്യസ്ത ചിന്തകളെ അന്വേഷിച്ച് പോവുകയും ആ ആശയങ്ങളെ മനസ്സിലേക്ക് എടുത്ത് അവയെ പല രീതിയിൽ മനസ്സിലാക്കാനുള്ള ശ്രമവുമാണ്….
ഒരു വ്യക്തി എന്ന രീതിയിൽ വൈരുദ്ധ്യങ്ങളായ ആശയങ്ങൾക്ക് പോലും മനസ്സിൽ ഇടം കൊടുക്കുക എന്നതുമാണെന്ന് തോന്നാറുണ്ട്… ഒരേ ആശയത്തിൽ മാത്രം ഊന്നി നിന്ന് ലോകത്തിനെ നോക്കിയാൽ മറ്റൊരാളെ മനസ്സിലാക്കാൻ നമുക്ക് കഴിയില്ലല്ലോ… പക്ഷെ ഇന്ന് മറ്റൊരാളെ മനസ്സിലാക്കാൻ നേരമില്ലാതെ പോകുന്നു…. അല്ല എന്തിന് മനസ്സിലാക്കണം…?
തോൽവികളുടെയും ജയങ്ങളുടെയും മാത്രം ലോകമാണ് ഇതെന്ന് കരുതുന്നവർ എത്രയോ പേരുണ്ട് നമ്മുടെ ഇടയിൽ…. ഒരാളുടെ വെട്ടിപ്പിടിക്കലും ജയവും ചിലപ്പോൾ മറ്റൊരാളുടെ കണ്ണിൽ പരാജയം മാത്രമായി തോന്നിക്കുന്ന സങ്കീർണ്ണമായൊരു ലോകത്താണ് നമ്മൾ കഴിയുന്നത് എന്നിടക്ക് തോന്നിയിട്ടുണ്ട്… സങ്കീർണ്ണമായ ലോകവും സങ്കീർണ്ണമായ ബന്ധങ്ങളും “My Success is not necessarily a success for others”
നമ്മളിൽ നിന്നും തീർത്തും വ്യത്യസ്‍തമായ ചിന്തകൾ വച്ച് പുലർത്തുന്നൊരാളുടെ അടുത്തേക്ക് “എന്തൊക്കെയുണ്ട്..? നമുക്കൊന്ന് സംസാരിച്ച് കൂടെ..?” എന്നും ചോദിച്ച് കയ്യും നീട്ടി ചെല്ലുന്പോൾ അത് നോക്കി നിൽക്കുന്ന പലരും ജയാപജയങ്ങളുടെ പട്ടികയിൽ ടിക് മാർക്ക് ഇടാൻ തുടങ്ങും… പൊരിടാനല്ലാതെ പൊരുത്തപ്പെടാൻ കഴിയാത്തൊരു സമൂഹമായി നമ്മൾ മാറിയിരിക്കുന്നു എന്നിടക്ക് തോന്നും… ഇങ്ങനെയാവാൻ നമ്മൾ കുറച്ച് ബുദ്ധിമുട്ടിയിട്ടുണ്ട്… അത് കൊണ്ട് തന്നെ ഇതിൽ നിന്നും മാറാനും ഇനി അല്പം ബുദ്ധിമുട്ടാണ്…
തങ്ങളെ പോലെ ചിന്തിക്കുന്നവരുമായി മാത്രം ചോറ്റു പാത്രം പങ്കു വയ്ക്കുള്ളു എന്നും പറഞ്ഞ് മുഖം വീർപ്പിച്ചിരിക്കുന്ന കുട്ടികളെ പോലെയായി തീർന്നു ഒരു പരിധി വരെ…. നമ്മളിൽ നിന്നും വ്യത്യസ്‍തമായ ചിന്തകളെ മനസ്സിലാക്കാൻ ശ്രമിക്കണം എന്ന് നാഴികക്ക് നാപ്പത് വട്ടം പ്രസംഗിച്ചിട്ട് കാര്യമില്ല… അതിന് തുനിഞ്ഞിറങ്ങണം…. ആ വഴി ചിലപ്പോൾ അത്ര വെളിച്ചമുള്ളതാവില്ല…. സമൂഹത്തിന്റെ ഇടുങ്ങിയ ഇടവഴികളിൽ കൂടി നടന്നു നീങ്ങണം… പക്ഷെ പ്രകാശമുള്ള ഒരു മൈദാനത്തിലേക്ക് തന്നെയാണ് അത് വഴി തുറക്കുക…. നടത്തം നിർത്തണ്ട….
ആശയങ്ങൾ തമ്മിൽ എതിർപ്പുകൾ വേണം…. തർക്കവും വേണം…. തീർച്ചയായും…. പക്ഷെ അതിന്റെ കൂടെ മനുഷ്യരെ പോലെ വിദ്യ അഭ്യസിക്കുന്നവരെ പോലെ സംവദിക്കാനൊരു വേദിയും വേണം…. വിദ്യാലയങ്ങൾ അതിന്റെ ഉറവിടമായിരുന്നു… ഇന്നുമായിരിക്കും പലയിടങ്ങളിലും….
പക്ഷെ ഇന്ന് വിദ്യാലയങ്ങളുടെ ചുവരുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ലല്ലോ വിദ്യാഭ്യാസം…. അതിനാൽ സമൂഹത്തെ മുഴുവൻ ഒരു വിദ്യാകേന്ദ്രമായി മാറ്റാൻ കഴിയണം… കഴിയുമോ….? എന്ത് പഠിപ്പിക്കണം എന്നല്ല… എന്തൊക്കെ പഠിക്കാം എന്നതാവും അതിന്റെ ഭംഗി…. എല്ലാവർക്കും അവരവരുടെ വേഗതയിലും കഴിവിലും പഠിക്കാനും മുന്നോട്ട് പോകാനുമുള്ള ഒരു സാമൂഹ്യ വിദ്യാ കേന്ദ്രം…. A Social Learning Experience for all….
തെറ്റുകൾ കണ്ടു പിടിക്കാൻ മാത്രമല്ല.. തെറ്റുകൾ പറ്റാനും അത് ആവർത്തിക്കാതിരിക്കാനും… അതിൽ നിന്നും പഠിക്കാനും ഒക്കെയുള്ളോരു ഇടം…. How do we make the society a learning ground….. ? ചോദ്യം ആരോടുമല്ല…. എന്നോട് തന്നെയാണ്…..
-മർത്ത്യൻ-
Categories: Articles and Opinions
Leave a Reply