ഇന്നലെ ഞാൻ ഫിറോസുമായി നടത്തിയ whatsapp വീഡിയോ സംഭാഷണം നിങ്ങളിൽ കുറച്ച് പേരെങ്കിലും കണ്ടിട്ടുണ്ടാവും… അതിന്റെ താഴെ കുറെ കമന്റുകൾ വന്നു… ചില സ്ഥിരം കമന്റുകൾക്ക് ഉത്തരം നൽകാം എന്ന് കരുതി… കൂടാതെ ആ വീഡിയോയുടെ ക്ലാരിറ്റി കുറവ് കാരണം ചിലർ അത് കണ്ടിട്ടുമുണ്ടാവില്ല…. അതിനാൽ അതിനെ കുറിച്ചൊരു കുറിപ്പുമാവാം എന്ന് കരുതി…
ഇങ്ങനെ ഒരു ഫോൺ കാൾ ചെയ്യാനുള്ള സാഹചര്യം വളരെ സിംപിളാണ്… ഫിറോസിന്റെ സുഹൃത്ത് അനീസ് കുമ്മാളി ബന്ധപ്പെട്ടു… ഞങ്ങൾ തമ്മിൽ അൽപ നേരം സംസാരിച്ചപ്പോൾ, ഫിറോസുമായി നേരിൽ സംസാരിക്കണം എന്ന് തോന്നി… ഫിറോസിന്റെ പേരും പറഞ്ഞ് പേജിൽ തെറി പറയുന്ന ഊളകൾ മാത്രമല്ല ഫിറോസിന്റെ കൂടെ എന്ന് മനസ്സിലാക്കിയത് കൊണ്ടും കൂടിയാണ്….
ഇനി ഈ ഫോൺ കാൾ ആദ്യമേ ചെയ്താൽ പോരെ എന്നും പറഞ്ഞ് വരുന്നവരോട് ഒന്നേ പറയാനുള്ളു…. ഫിറോസിന്റെ ആദ്യത്തെ ലൈവിൽ ഫിറോസ് ഒരു സ്ത്രീയെ അഭിസംബോധന ചെയ്ത് ഉപയോഗിച്ച പദം കാരണം മാത്രമാണ് ആദ്യത്തെ വീഡിയോ ചെയ്തത്…. ഇനിയും അങ്ങനെ ഉണ്ടായാൽ ഇനിയും വീഡിയോ ചെയ്‌തെന്ന് വരും… ഫാനുകൾ എന്ന പേരിൽ തെറി പറയുന്ന ക്രിമിനൽ സ്വഭാവമുള്ളവർ കിടന്ന് നെലോളിച്ചിട്ട് കാര്യമില്ല… ആ കാര്യത്തിൽ ഫിറോസ് മാപ്പ് പറഞ്ഞത് കൊണ്ട് അതായിരിക്കരുത് ഞങ്ങളുടെ സംഭാഷണത്തിന്റെ ഉള്ളടക്കം എന്നും തോന്നി…. അതിനാലാണ് ആ വിഷയം ഞാൻ ഫോണിൽ ചർച്ച ചെയ്യാതിരുന്നത്.. പിന്നെ ഫിറോസ് ആ പദം ഉപയോഗിച്ചത് കൊണ്ട് മാത്രം ഫിറോസിന്റെ ഫാൻ ആയത് പോലെയാണ് ചിലവരുടെ കമന്റുകൾ…. അവരെ നന്നാക്കാൻ ആർക്കും കഴിയില്ല….
ഫിറോസിൽ നിന്നും വളരെ ദൂരത്ത് നില്ക്കണം എന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്തായി എന്ന ചോദ്യവുമായി വരുന്നവർക്ക്… സത്യത്തിൽ അതായിരുന്നു ഉദ്ദേശം… പക്ഷെ വീഡിയോയുടെ താഴെ വന്ന തെറികളും ഇൻബോക്സിൽ വന്ന ഭീഷണികളും കണ്ടപ്പോൾ സത്യത്തിൽ ഫിറോസൊക്കെ ഈ ഫാൻ എന്നും പറഞ്ഞ് വരുന്നവരേക്കാൾ എത്രയോ നല്ലതാണെന്ന് തോന്നിപ്പോയി… ഫിറോസിന് ഒരു ലൈവിൽ ചിലപ്പോൾ അറിയാതെ പറ്റിയതാകാം ആ വാക്ക്.. പക്ഷെ പല ഫാന്സിനും അവരുടെ മനസ്സിലെ യഥാർത്ഥ മാലിന്യമാണ് അവരുടെ ചിന്തകൾ… അപ്പോൾ ഈ ഫാന്സിനെ കുറിച്ച് ഫിറോസുമായി സംസാരിക്കുക കൂടി വേണം എന്ന് തോന്നി…. ഫാൻസിനെ കുറിച്ച് ഫിറോസ് തന്നെ അവസാനം പറയുന്നുണ്ട് കേൾക്കാൻ മറക്കണ്ട…
ഇനി ചർച്ചയുടെ ഉള്ളടക്കങ്ങളിലേക്ക്… ഏതൊരു കഥക്കും രണ്ടു വശങ്ങൾ ഉണ്ടാവും എന്ന് പൂർണ്ണമായി വിശ്വസിക്കുന്ന ആളാണ് ഞാൻ… കൂടാതെ വളരെ സിംപിളായ ചില ചോദ്യങ്ങൾ ഉണ്ടായിരുന്നു മനസ്സിൽ… അത് ഫിറോസുമായി സംസാരിക്കുക എന്നതായിരുന്നു ഉദ്ദേശം… മാത്രമല്ല ചാരിറ്റിയെ കുറിച്ചുള്ള എന്റെ മനസ്സിൽ തോന്നിയ ചെറിയ ചില കാര്യങ്ങൾ പറയുക എന്നും… അത് കേൾക്കാൻ ഫിറോസ് വളരെ താല്പര്യം പ്രകടിപ്പിച്ചു എന്നതിൽ സന്തോഷമുണ്ട്..
പിന്നെ നമ്മുടെ നാട്ടിൽ ചാരിറ്റിയെ കുറിച്ച് ചില ചിന്തകൾ ഉണ്ട്… ചാരിറ്റി ചെയ്യുന്നവൻ ഒരിക്കലും മൂന്ന് നേരം ഭക്ഷണം കഴിക്കരുത് എന്ന വികലമായ ചിന്ത തെറ്റാണ്… അതിനാൽ ഫിറോസ് ഇന്നോവ വാങ്ങിയെന്നതും വീട് വയ്ക്കുന്നു എന്നൊന്നും എന്നെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല…. മൂപ്പർക്ക് ഉത്‌ഘാടനങ്ങൾ വഴിയും വരുമാനമുണ്ടെന്ന് ഞാൻ മനസിലാക്കുന്നു…. ആളുകളുടെ സഹായവുമുണ്ടാകും… അപ്പോൾ അതവടിരിക്കട്ടെ…
ഇനി ഇത് വരെ ഫിറോസ് എത്ര പണം കളക്ട് ചെയ്തിട്ടുണ്ട് എത്ര പൈസ ചികിത്സക്ക് ചിലവായി എത്ര പൈസ അല്ലാത്ത കാര്യങ്ങൾക്ക് ചിലവായി എത്ര രോഗികൾ ചികിത്സിക്കപ്പെട്ടു എന്നിങ്ങനെയുള്ള ചോദ്യങ്ങൾ…. കോഴിക്കോട്ട് ഓഡിറ്റർ ഉണ്ടെന്നും ഉടൻ തന്നെ കാര്യങ്ങളുടെ കണക്ക് വരുമെന്നും… അവ പബ്ലിക്കായി ഒരു വെബ്‌സൈറ്റിൽ ഉണ്ടാവും എന്നും ഫിറോസ് പറയുന്നുണ്ട്… എനിക്ക് ആ കാര്യത്തിൽ ഫിറോസിനെ വിശ്വസിക്കാനാണ് ഇഷ്ടം…. ഇനി കണക്ക് വന്നിട്ട് വേണമെങ്കിൽ വീണ്ടും സംസാരിക്കാം…
ഞാൻ ഫിറോസിനോട് മുന്നോട്ട് വച്ച ചില കാര്യങ്ങൾ ഉണ്ട്… ട്രൂസ്റ്റിൽ ആരൊക്കെയുണ്ട് എന്നതാണ് ഒന്ന്… ഒരു ആരോഗ്യവും ചികിത്സയുമായി ബന്ധപ്പെട്ടുള്ള ട്രൂസ്റ്റിൽ ഒരു ഡോക്ടറും മറ്റും വേണമെന്നാണ് എന്റെ പക്ഷം…. അതെന്ത് കൊണ്ടില്ല എന്ന് എനിക്ക് ഇപ്പോഴും അറിയില്ല…. അതിലേക്ക് നോക്കാം എന്ന് ഫിറോസ് വിഡിയോയിൽ പറയുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്… അത് ഈ സേവനം മുന്നോട്ട് കൊണ്ട് പോകുന്നതിൽ വളരെ ആവശ്യമാണ്… ഇത് വലിയൊരു പ്രസ്ഥാനമായി കൊണ്ടു പോവാൻ ഫിറോസിന് താല്പര്യമില്ല എന്ന് പറഞ്ഞു… പക്ഷെ ഇന്നത് ഫിറോസിന്റെ തീരുമാനമല്ല എന്നാണ് എനിക്ക് തോന്നുന്നത്… അത് വളരെ structured ആയൊരു രീതിയിൽ ഡോക്ടർമാരും ഓഡിറ്റർമാരും പലരും പങ്കാളികളായി പറ്റുമെങ്കിൽ സർക്കാരിന്റെ സഹായവും കൂടി ഉണ്ടായി മുന്നോട്ട് കൊണ്ട് പോകുന്ന വഴിയേ അതിന് നിലനിൽക്കാൻ കഴിയൂ എന്നാണ് എനിക്ക് തോന്നുന്നത്…. ഫിറോസ് അതിലേക്ക് കാര്യമായി ചിന്തിക്കും എന്ന് പറഞ്ഞതായി മനസിലാക്കുന്നു…
പിന്നെ മെഡിക്കൽ കോളേജ് തരു ഞാൻ ശരിയാക്കി തരാം എന്ന പരാമർശം… അത് വിസ്തരിച്ച് ഫിറോസ് പറയുന്നുണ്ട്… ആധികാരികമായി അത് ശരിയെന്നോ തെറ്റെന്നോ പറയാൻ എനിക്ക് ആവശ്യത്തിന് അറിവില്ല.. പക്ഷെ ഒരു കാര്യം എനിക്കറിയാം… വളരെ നവീനമായ ചിന്തകൾ എപ്പോഴും പഠിപ്പും വിദ്യാഭ്യാസവുമുള്ളവരുടെ മണ്ടയിലല്ല ഉദിക്കുക എന്നത് തന്നെ… ചിലരുടെ പഠിപ്പും പരിശീലനവും അവരെ നവീനമായി ചിന്തിക്കാൻ പോലും വിലക്കും… ഫിറോസിന് ആ വിധ വിലക്കുകൾ ഇല്ല അതിനാൽ ഫിറോസിന്റെ ആ ചിന്തയെ കുറിച്ച് കൂടുതൽ ഗഹനമായി ചർച്ച ചെയ്യണം എന്നാണെനിക്ക് തോന്നുന്നത്… മെഡിക്കൽ കോളേജ് എന്നത് ആശുപത്രി എന്നാകാം ഫിറോസ് ഉദേശിച്ചത്… ഇനി ഒരു മുഴുവൻ ആശുപത്രി അല്ലെങ്കിലും ഒരു ചെറിയ ചാരിറ്റി വിഭാഗം ഒരു പരീക്ഷണം എന്ന രീതിയിൽ ഒരു ഗോവെന്മേന്റ് ആശുപത്രിൽ ശ്രമിച്ച് കൂടെ…? അതിന് ഫിറോസിന്റെ സഹായം ഉപയോഗിച്ച് കൂടെ…?
പിന്നെ നവീനമായ ഐഡിയകൾ അന്ധമായി വിഴുങ്ങുന്ന ഫാൻസിന്റെ ഭാഗത്തും തെറ്റുണ്ട്… ഏതൊരു നവീന ചിന്തയുണ്ടെങ്കിലും അതിന്റെ അടുത്ത പടി ആ കാര്യങ്ങളിൽ വിദ്യാഭ്യാസവും പരിശീലനവും അനുഭവവും ലഭിച്ചവർ അതിനെ ചോദ്യങ്ങളിൽ കൂടി അതിന്റെ എല്ലാ വശങ്ങളിലെയും പ്രാവർത്തിക യോഗ്യത മനസിലാക്കുക എന്നതാണ്… അത് രണ്ടു ചേരി തിരഞ്ഞ് നിന്ന് ചെളിവാരിയെറിഞ്ഞാൽ നടക്കില്ല… സമൂഹം പേർസണൽ heroics അല്ല… ഒരു collaborative effort ആണ്… ആവണം…
പിന്നെ മെഡിക്കൽ കോളേജിൽ ചാരിറ്റി എന്ന വകുപ്പിൽ ഫിറോസിന്റെ ടോക്കുകൾ ഉണ്ടാവുന്നത് നല്ലതല്ലേ എന്നും എനിക്കൊരു ചിന്തയുണ്ട്… ഫിറോസെന്നല്ല… ഫിറോസിനെ പോലെയുള്ള മറ്റു പലരും…
ചർച്ചയിൽ ഫിറോസ് പറഞ്ഞ ഒരു കാര്യത്തിനോട് എനിക്ക് വളരെയേറെ വിയോജിപ്പുണ്ട്, അത് ഞാൻ അവിടെ തന്നെ പറയുകയും ചെയ്തു… “ഇപ്പോൾ ചില രോഗങ്ങളെ പറ്റിയും മറ്റും എനിക്ക് റിപ്പോർട്ട് വായിച്ചാൽ മനസ്സിലാകും” എന്നത്.. അത് ഒരിക്കലും ശരിയല്ല… ഇനി എന്തെങ്കിലും മനസ്സിലായാൽ തന്നെ അതിന് അല്പം പോലും സാധുത നമ്മൾ കൽപ്പിക്കാൻ പാടില്ല കാരണം അങ്ങനെ റിപോർട്ടുകൾ വായിച്ച് മനസ്സിലാക്കാനുള്ള ദൗത്യം ഫിറോസ് ഏറ്റെടുക്കരുത്… ഇത് കൊണ്ട് തന്നെയാണ് ട്രസ്റ്റിൽ ഫിറോസ് ഡോക്ടർമാരെയും ചേർക്കണം എന്ന് ഞാൻ പറയുന്നത്…. പഠിച്ച് പാസായി വരുന്ന ഡോക്ടർമാരെ ഫിറോസിനെന്നല്ല ആർക്കും replace ചെയ്യാൻ കഴിയില്ല അത് റിപ്പോർട്ട് വായിച്ച് കാര്യങ്ങൾ മനസ്സിലാക്കുന്നതിലായാലും…
ഇനി ഇപ്പോൾ ഫിറോസ് ചെയ്യുന്ന കാര്യങ്ങളിലേക്ക് ഫിറോസ് explain ചെയ്തിട്ടുണ്ട്…. ആദ്യം പണം സ്വന്തം പേരിൽ വാങ്ങി.. പിന്നെ അത് ശരിയല്ലെന്ന് മനസ്സിലാക്കിയപ്പോൾ അത് രോഗിയുടെ പേരിൽ വാങ്ങി പിന്നെ അതും ശരിയല്ല എന്ന് പറഞ്ഞപ്പോൾ ട്രസ്റ്റ് ഉണ്ടാക്കി.. പക്ഷെ ട്രസ്റ്റിന്റെ പേരിൽ വാങ്ങാൻ ഇനിയും കടന്പകൾ ഉണ്ടെന്ന കാര്യം… പിന്നെ രോഗിയുടെ പേരിൽ വാങ്ങുന്ന പണം ചികിത്സ കഴിഞ്ഞ് ബാക്കി വരുന്നത് ആദ്യം ഫിറോസിന്റെ പേർസണൽ അക്കൗണ്ടിലേക്കും പിന്നെ ട്രൂസ്റ്റിലേക്കും ആണ് മാറ്റിയത് എന്നത്… ഇത് വരെ ഏതാണ്ട് 2 കോടി 40 ലക്ഷമാണ് ഈ വകുപ്പിൽ ഉള്ളത് എന്നാണ് ഫിറോസ് പറഞ്ഞത്…. ഇത് വരെ എത്ര പിരിച്ചു എന്ന കണക്ക് വരുന്പോൾ ബാക്കി സംസാരിക്കാം..
ഇതിൽ ഏതാനും കാര്യങ്ങൾ ഞാൻ ഫിറോസുമായി സംസാരിച്ചു… അത് ഫിറോസിന് മനസ്സിലായി എന്നും കരുതുന്നു… ഒന്ന് കഴിവതും വേഗം ട്രസ്റ്റിന്റെ പേരിൽ തന്നെ ഫണ്ട് വാങ്ങാനുള്ള രീതിയിലേക്ക് കാര്യങ്ങൾ മാറണം… ഇതിന് സർക്കാരിന്റെ സഹായം ചോദിക്കണം.. രോഗിയുടെ പേരിൽ പണം വാങ്ങുന്നതിൽ പ്രശ്നങ്ങൾ ഉണ്ട്…. ചികിത്സ കൂടാതെ മറ്റു ആവശ്യങ്ങൾ രോഗിയുടെ വീട്ടുകാർക്ക് ഉള്ള കടം എന്നിങ്ങനെ ചില കാര്യങ്ങൾക്കും ഈ പണം ഉപയോഗിക്കാറുണ്ട് എന്ന് ഫിറോസ് പറഞ്ഞതായി കേട്ടു.. അതിൽ ചെറിയൊരു പ്രശ്നമുണ്ട്.. ചികിത്സക്ക് വേണ്ടിയാണ് പണം പിരിക്കുന്നത്, അത് നല്ലതെങ്കിലും മറ്റു ഒരു കാര്യത്തിനും ഉപയോഗിച്ച് കൂടാ എന്നാണ് എനിക്ക് തോന്നുന്നത്… അതിന് ഫണ്ടുകൾ ട്രസ്റ്റിലേക്ക് തന്നെ വരുന്നത് അത്യാവശ്യമാണ്..
പിന്നെ സർക്കാർ ആശുപത്രിയിൽ കിഡ്‌നി ലിവർ transplantation ഒന്നും നടക്കുന്നില്ല എന്ന് ഫിറോസ് പറഞ്ഞതിനെ കുറിച്ച് എനിക്ക് അറിയില്ല… മാത്രമല്ല… 3 ലക്ഷത്തിന് സർജറി നടക്കും എന്ന മറു വാദങ്ങളെ കുറിച്ചും എനിക്കറിയില്ല… ഇതൊക്കെ പക്ഷെ ചർച്ചകളിൽ നിന്നും മാത്രമേ മനസ്സിലാവാൻ കഴിയു…. അതിന്റെ യഥാർത്ഥ വ്യക്തികൾ തമ്മിൽ ഇരുന്ന് സംസാരിച്ചാൽ മാത്രം…
ഈ ചർച്ചയിൽ ഞാൻ മനസ്സിലാക്കിയ ഒരു കാര്യം ഫിറോസിന് പല അക്കൗണ്ടിംഗ് ലീഗൽ കാര്യങ്ങളെ കുറിച്ചും ധാരണയില്ലാതെയാണ് ഈ സേവന രംഗത്തേക്ക് ആദ്യം വന്നത്… പിന്നെ ഓരോന്ന് പഠിക്കുന്നത് വഴി മാറി വരുന്നു.. പക്ഷെ ഇന്ന് ഫിറോസ് കരുതുന്നതിനേക്കാൾ അതിലെ പണമിടപാടുകളും complexityയും വളർന്നിരിക്കുന്നു…. അത് പഴയ രീതിയിൽ കൊണ്ട് പോകുന്നതിൽ കുറെ പ്രശ്നങ്ങളുമുണ്ട്… വിമർശനങ്ങൾ നിരന്തരം വരും… എല്ലാ കാര്യങ്ങളിലും നമുക്ക് രണ്ടു വഴിയുണ്ട്… ഒന്നുങ്കിൽ വിമർശനങ്ങൾക്ക് മുൻപ് നമുക്ക് കാര്യങ്ങൾ ചെയ്യാം അല്ലെങ്കിൽ വിമർശനങ്ങൾക്ക് കാത്തിരുന്ന് അത് കഴിഞ്ഞ് നിർബന്ധിതമായി ചെയ്യാം… ഇതിൽ ഏത് വേണമെന്നത് നമ്മുടെ തീരുമാനമാണ്…. ഫിറോസ് വിമർശനങ്ങൾക്ക് മുൻപ് തന്നെ കാര്യങ്ങൾ ചെയ്യും എന്ന് വിശ്വസിക്കുന്നു…
ഇത്രയും നേരം സംസാരിച്ചപ്പോൾ ഫിറോസിന്റെ സദുദ്ദേശത്തെ ചോദ്യം ചെയ്യാനെനിക്ക് തോന്നുന്നില്ല… വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്.. പക്ഷെ അതിന്റെ പ്രവർത്തനത്തെയും അതിന്റെ പല അപാകതകളെ കുറിച്ചും ധാരാളം ചോദ്യങ്ങൾ അവശേഷിക്കുന്നു.. ഇതിൽ രാഷ്ട്രീയവും മതവും ഒന്നും എനിക്ക് വിഷയമല്ല… ഇത് ഒരു ചേരി തിരിഞ്ഞുള്ള യുദ്ധമാവാതെ സമൂഹത്തിലെ ബുദ്ധിമുട്ടുന്നവർക്ക് ശാശ്വതമായൊരു പരിഹാരത്തിലേക്ക് എത്തണം…
ഫിറോസിനെ പോലുള്ള copycat ചാരിറ്റി സെലിബ്രിറ്റികൾ ഉയർന്നു വരുന്നതിനേക്കാൾ വേണ്ടത് അതിനായുള്ള സർക്കാർ യോജനയുടെ സഹായത്തോടുള്ള മുന്നേറ്റങ്ങളാണ്… അതിനാൽ ഇവിടെ ഫാൻസും വിമർശകരും ഞാനും ഒന്നും പ്രസക്തമല്ല… ഫിറോസും സർക്കാരുദ്യോഗസ്ഥരും ഡോക്ടർമാരും ഒക്കെ ഒരുമിച്ച് വന്ന് ചർച്ച ചെയ്യണം എന്നാണ്… ഒരു പാരലൽ സംഭവം ശാശ്വതമല്ല…
പിന്നെ പണം വെളുപ്പിക്കൽ ഹവാല എന്നൊക്കെയുള്ള കാര്യങ്ങൾ… അത് അമിതമായ പണമിടപാടുകൾ ഉള്ള എല്ലായിടത്തും പരിശോധിക്കപ്പെടേണ്ടതാണ്… അത് ഫിറോസായാലും ഞാനായാലും നിങ്ങളായാലും.. അതിന് കണക്കുകൾ വരുകയും അത് കഴിഞ്ഞാൽ സംശയമുണ്ടെങ്കിൽ ലീഗലായി (ഫോളോ ദി മണി) പോകേണ്ടതാണ്…. ഫിറോസ് ഞാൻ കണക്കുകൾ അന്വേഷിക്കാറില്ല എന്ന് പറഞ്ഞത് അല്പം എന്നെ അലോസരപ്പെടുത്തി… അപ്പോൾ ആരാണ് നോക്കുന്നത് എന്ന ചോദ്യം മനസ്സിൽ നിർത്തിയാണ് ഞാൻ സംഭാഷണം നിർത്തിയത്… ഓഡിറ്ററുണ്ട് കണക്ക് വരും എന്ന് പറഞ്ഞതിനാൽ.. കണക്കുകൾ വന്നാൽ അവയെ പരിശോധിക്കുകയും വേണം എന്നാണ് എന്റെ ചിന്ത….
അന്ധമായ വിശ്വാസവും അന്ധമായ എതിർപ്പും മാത്രമായാൽ സമൂഹത്തിന് ഒരു ഗുണവുമില്ല… എല്ലാവരും ഫിറോസിനെതിരാണ് എന്ന രീതിയിലുള്ള ലൈവുകൾ ഫിറോസും ഒഴിവാക്കണം…
സ്നേഹം!!
മർത്ത്യൻ (പഹയൻ)
Categories: Articles and Opinions
Leave a Reply