2015ലെ ഒരു ഒക്ടോബർ ശനിയാഴ്‌ച്ച, നാട്ടിൽ ബീഫ് ബാനുമായി ബന്ധപ്പെട്ട് കാര്യങ്ങൾ കൊടുംപിരി കൊള്ളുന്ന കാലം.. ബീഫ് കറിയെ ഉള്ളിക്കറിയുടെ കാക്കി നിക്കറിടിച്ചു ദേശഭക്തി പഠിപ്പിക്കുന്ന കാലം… ഒരു പുട്ടും കുറ്റിയും പുട്ടു പൊടിയും പിന്നെ ഒരു പൊതിയുമായി ഞാൻ രാവിലെ യാത്രയായി…
സാൻഫ്രാൻസിസ്കോ ബേ ഏരിയയിൽ കേരളാ ക്ലബ്ബിന്റെ ഒരു പുട്ട് ഫെസ്റ്റിവൽ…. മ്മളും പങ്കെടുക്കാൻ തീരുമാനിച്ചു…. ജയിക്കുക എന്നതിലും ഉപരി ഞാൻ വിശ്വസിക്കുന്ന ഒരു സാമൂഹിക ചിന്തയുണ്ട്….അത് വ്യക്തമാക്കാൻ ഒരു തുറന്ന വേദി… ഉപയോഗിക്കാം എന്ന് കരുതി….
പുട്ട് ഫെസ്റ്റിവൽ നടക്കുന്ന പാർക്കിൽ നേർത്തെ എത്തി… വിസിലടിക്കായി കാത്ത് എല്ലാം ഒരുക്കി റെഡിയായി…. എല്ലാവരും എത്തി സമയമായപ്പോൾ വിസിൽ അതിന്റെ കർമ്മം എന്ന രീതിയിൽ ആരുടെയോ ചുണ്ടിൽ കിടന്ന് കൂവി വിളിച്ചു… ഞാൻ പുട്ട് പൊടിയും തേങ്ങാ പീരയും കൂട്ടി കുഴച്ചു… അല്പം വെള്ളം ചേർത്തു…. വീണ്ടും കുഴച്ചു… തൃപ്തിയായപ്പോൾ നിർത്തി….
പിന്നെ വളരെ ശ്രദ്ധിച്ച് ആർക്കും വൃണപ്പെടാത്ത രീതിയിൽ തന്നെ പൊതി തുറന്നു…. ഒന്ന് കണ്ണടച്ച് മുഖം താഴ്‌ത്തി നീട്ടി ശ്വാസം ഉള്ളിലേക്ക് വലിച്ചു….
വിവാഹരാത്രിയിൽ മധുവിധു തീരുന്നതിന് മുൻപ് വിളിച്ചിറക്കി തന്നെ കൊണ്ടുപോയി ജന സമക്ഷം ലോകം സാക്ഷിയാക്കി വറുത്തരച്ച ഉള്ളിയുടെയും തേങ്ങയുടെയും മലയാളി മണം… അതിൽ കുതിർന്നു തിമിർത്ത് തുള്ളുന്ന ആത്മാവ് പോലും വേർതിരിച്ച് വേവിച്ച ഒന്നാന്തരം ബീഫും…….
ഒരു ആർട്ടിസ്റ്റിന്റെ ബ്രഷിനെ അന്പരപ്പിക്കുന്ന വിദഗ്ദ്ധതയിൽ ഞാൻ കത്തി കൊണ്ട് മുറിച്ച കഷ്ണങ്ങൾ… പിരിയാൻ കഴിയാതെ തമ്മിൽ തൊട്ടുരുമ്മി സ്വയം മറന്ന് കിടക്കുന്നു…
ഗ്യാസ് സ്റ്റോവ് കത്തിച്ചു…. കുറ്റിയിൽ അല്പം തേങ്ങാ പീര് ഇട്ടു.. പിന്നെ കുറച്ച് പുട്ട് പൊടി… അല്പം കൂടി തേങ്ങാ പീര്.. പിന്നെ അളവ് തെറ്റിക്കാതെ രണ്ടു സ്പൂൺ ബീഫ് അലുക്കുലുത്ത്… പിന്നെയും അല്പം തേങ്ങാ പീര്…. പുട്ട് പൊടി… അങ്ങിനെ പോയി…. അടച്ചിട്ട് അടുപ്പിൽ വച്ചു…
കുറച്ച് നേരം മറ്റുള്ളവരുടെ പാചകം നോക്കി അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞ് നടന്നു…. തിരിച്ചെത്തിയപ്പോൾ ആവി തല പൊക്കി എന്നെയും തിരക്കി പുറത്തു വരാൻ തുടങ്ങിയിരുന്നു… നാട്ടിൽ നിന്നും കൊണ്ട് വന്ന വെള്ള തോർത്ത് വച്ച് കുറ്റി കയ്യിലെടുത്തു… മൂടി മാറ്റി… ഒരു ചെറിയ മന്ദഹാസത്തോടെ കോലെടുത്ത് കുറ്റിയുടെ കുണ്ടിക്കിട്ട് കുത്തി… കുറേശ്ശെയായി പുട്ട്.ജി പുറത്തേക്ക് വന്നു….
പുട്ടും തേങ്ങാ പീരും ബീഫ് അലുക്കുലുത്തും മാറി മാറി മാറി ലോകത്തിലെ മഹാത്ഭുതങ്ങളെ കടത്തി വെട്ടുന്ന ഏറ്റവും സുന്ദരമായ സിലിണ്ടർ അന്ന് ഞാൻ കണ്ടു…. ഇറച്ചി പുട്ട്…..
ഒരു ബോളിവുഡ് നായകനെ വെല്ലുന്ന സുന്ദരനായ പുട്ട്.ജിയെ ഒരു പ്ലേറ്റിലേക്കാക്കി…. ഒരു പേപ്പർ എടുത്ത് അതിൽ വെണ്ടക്കാ അക്ഷരത്തിൽ എഴുതി…. Erachi Puttu… പിന്നെ അല്പം ആലോചിച്ച് ബ്രാക്കറ്റിൽ ‘BEEF’ എന്ന് എഴുതി ചേർത്തു…. അല്ലെങ്കിൽ എങ്ങിനെ നമ്മുടെ സാമൂഹിക രാഷ്ട്രീയ ബോധം വ്യക്തമാവും…..
അറിഞ്ഞിരുന്നു…. (BEEF) എന്ന് വായിക്കുന്പോൾ നമ്മുടെ സ്റ്റാളിൽ കയറാതെ പലരും പോകും…. പക്ഷെ വിജയമല്ല പല മത്സരങ്ങളുടെയും ലക്ഷ്യം… ചില മത്സരങ്ങൾ സമ്മുടെ സാമൂഹിക രാഷ്ട്രീയ നയം വ്യക്തമാക്കാനുള്ള വേദികളാണ്….
ഗപ്പൊന്നും കിട്ടിയില്ലെങ്കിലും പങ്കെടുത്തതിന് ഒരു സർട്ടിഫിക്കറ്റ് കിട്ടി…. രാത്രി വീട്ടിൽ ചെന്ന് മാറ്റി വച്ചിരുന്ന ബീഫ് അലുക്കുലുത്ത് തൊട്ട് നക്കി കസേരയിൽ ഇരുന്നപ്പോൾ…. ഒരു വല്ലാത്ത അസ്വസ്ഥത… ഭക്ഷണത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെടുന്നതിന്റെ ഭീകരാവസ്ഥ ഒരു പ്രേതത്തെ പോലെ തലക്ക് ചുറ്റും പറന്ന് എന്നെ തുറിച്ച് നോക്കി….
ഭക്ഷണം മാറ്റി വച്ച് ഞാൻ കിടക്കയിലേക്ക് നീങ്ങി….. എങ്ങിനെയും ജീവിക്കാം പക്ഷെ ഭക്ഷണം കഴിക്കാൻ പേടിച്ച് ജീവിക്കേണ്ട അവസ്ഥ വരരുത്… ആർക്കും……
സ്നേഹം!!!
മർത്ത്യൻ (പഹയൻ)
Categories: Articles and Opinions
Leave a Reply