ഇടക്ക് തോന്നും…. എന്നെങ്കിലും ഈ വ്ലോഗ്ഗിങ് പരിപാടി നിർത്തില്ലേ എന്ന്…. നിർത്തും എന്ന് തന്നെയാണ് വിശ്വാസം… ഈ പരിപാടി ജീവിതത്തിൽ നിന്നും കൂടുതൽ സമയം എടുക്കുകയും വിഡിയോകൾ ചെയ്യുന്നതിൽ എനിക്ക് സംതൃപ്തി നഷ്ടപ്പെടുകയും ചെയ്യുന്പോൾ നിർത്തിയേക്കാം… എത്രയോ ആളുകൾ അങ്ങനെചെയ്തതായി കേട്ടിട്ടുണ്ട്….
കൂടുതൽ ആളുകൾ കാണുകയും കമന്റ് ചെയ്യുകയും ചെയ്യുന്പോൾ അതിനൊക്കെ റിപ്ലൈ ചെയ്യാൻ സമയം തികയാതെ വരും… ഇപ്പോൾ തന്നെ അങ്ങിനെയായിട്ടുണ്ട്… മെസ്സേജുകളും കമന്റുകളും… എന്തിന് ഇൻബോക്സിൽ വരുന്ന ഈമെയിലുകളും ഒക്കെ പിന്നിലാണ്… പലതും ഒരിക്കലും എത്താതെ കുഴിച്ച് മൂടപ്പെട്ടിട്ടുണ്ടാവാം… മുൻപത്തെ പോലെ പലരുമായി കണക്ട് ചെയ്യാൻ പറ്റാതെ പിന്നെ വീഡിയോ ചെയ്യുന്നത് എന്തിനെന്ന് സ്വയം തോന്നിയേക്കാം….
നിരന്തരം വീഡിയോ ഇട്ടില്ലെങ്കിൽ…… അല്ലെങ്കിൽ ഒന്നും പോസ്റ്റിയില്ലെങ്കിൽ എന്തെങ്കിലും നഷ്ടപ്പെടും എന്ന തോന്നൽ എല്ലാ വീഡിയോ ക്രിയേറ്ററുടെയും മനസ്സിൽ കുത്തിക്കയറ്റുകയാണ് യൂട്യൂബ്, ഫേസ്ബുക് പോലുള്ള എല്ലാ സോഷ്യൽ മീഡിയയുടെയും ലക്ഷ്യം…. ഇറങ്ങാൻ പറ്റാതെ ഒരു പുലിയുടെ മുകളിൽ കയറി ആൾക്കാരുടെ മുൻപിൽ വന്പത്തരം കാട്ടാൻ ഞെളിഞ്ഞിരിക്കുന്നത് പോലെ…. സത്യാവസ്ഥ പുലിക്ക് പോലും അറിയില്ല എന്നതാണ് സത്യം….
പക്ഷെ ഇത് തന്നെയാണ് സോഷ്യൽ മീഡിയക്ക് പുറത്തും കാര്യങ്ങൾ… ‘എന്തിന് ചെയ്യുന്നു?’ എന്ന ആ ചെറിയ ചോദ്യം പലപ്പോഴായി പല കാര്യങ്ങൾക്ക് മുൻപിലും നമ്മൾ വിളന്പി വയ്ക്കും… ചിലതിന് ഉത്തരം കിട്ടും… ചിലത് ചോദ്യമായി അവശേഷിക്കും…. നമ്മൾ മാറ്റങ്ങളില്ലാതെ അതെ പോലെ ചില കാര്യങ്ങൾ തുടർന്നും ചെയ്തു കൊണ്ട് നീങ്ങും…
ഈ വ്ലോഗിന് എന്റെ സംതൃപ്തി എന്നതിൽ ഉപരി എന്തെങ്കിലും ഒരു ലക്ഷ്യം കൊടുക്കേണ്ടതുണ്ടോ..? എന്നാലേ അതിനൊരു long term ലക്ഷ്യം ഉണ്ടാവു എന്ന പരുവത്തിലാവുമോ…? ഇതാണ് മറ്റെന്നെ അലട്ടുന്ന ചിന്ത…. ഒരു മീഡിയ കന്പനി എന്നത് വലിയൊരു ഭാരമാവുമോ…? അങ്ങിനെ ഒരു മീഡിയ പോർട്ടൽ തുടങ്ങിയാൽ അതിൽ എന്തൊക്കെ വേണം….? കുറെ ചോദ്യങ്ങൾ ഉണ്ട്….
തമാശയിൽ മുക്കിയ പ്രതികരണങ്ങളാണ് എന്റെ വിഡിയോകൾ വൈറലാക്കിയത് എന്നുണ്ടെങ്കിലും അതിപ്പോൾ കുറവാണെന്ന് പലരും പരാതിപ്പെട്ടു… മനപ്പൂർവ്വമാണ്…. പ്രതികരണങ്ങൾ ചെയ്ത് ലഹള കൂടുന്നതിന് ഒരു വലിയ ഡോപ്പമിൻ എഫ്ഫക്റ്റ് ആണ്… അതിൽ കുടുങ്ങിയാൽ പുറത്ത് കടക്കാൻ ബുദ്ധിമുട്ടാണ്…. കൂടാതെ പല പ്രതികരണങ്ങളും വീഡിയോ ഇടുന്പോൾ തന്നെ അപ്രസക്തമാകുന്നു … പ്രശ്നങ്ങളുടെ തന്നെ ആയുസ്സും പ്രസക്തിയും ചുരുങ്ങി ചുരുങ്ങി വരുന്നു…. നിത്യേന നടക്കുന്ന ഓരോ spicy വാർത്തക്കും പ്രതികരിച്ചാലും ഇല്ലെങ്കിലും സമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാവില്ല എന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു….
പ്രതികരണങ്ങൾ ഇല്ലാതെ എന്ത് മീഡിയ കന്പനി…. അല്ലെ….?
Short Term ഡോപ്പാമിൻ കയറ്റങ്ങൾ ആദ്യം stress reliever ആയി തോന്നിയാലും പിന്നീട് ഒരു Stress Causer മാത്രമായി മാറിയേക്കാം…. ലഹളയിലും ബഹളത്തിലും കോലാഹലത്തിലും തർക്കങ്ങളിലും അഭിപ്രായവ്യത്യാസങ്ങളിലും മാത്രം ജീവന്റെ തുടിപ്പ് കാണുന്നവർ ഉണ്ടാവാം…ഞാനങ്ങനയല്ല എന്നൊരു തോന്നൽ…. തെറ്റാകാം….
“എന്നാൽ പിന്നെ വാചകമടിക്കാതെ ഇതൊക്കെ നിർത്തി പോയി കിടന്നുറങ്ങിക്കൂടെ കോപ്പേ” എന്ന് ചിലർക്കെങ്കിലും ഈ അവസരത്തിൽ തോന്നിയേക്കാം…..
ചെയ്യുമായിരുന്നു… പക്ഷെ അങ്ങനെ ചെയ്യാത്തതിന് കാരണമുണ്ട്…
പ്രതികരണ വിഡിയോകൾ അല്ലാതെ അധികം ആരും കാണാത്ത പുസ്തകത്തിന്റെയും ചില ആശയങ്ങളുടെയും വീഡിയോസ് ഞാൻ ഇട്ടിട്ടുണ്ട്….. വലിയ വ്യൂയും ലൈക്കും ഒന്നുമില്ലാത്ത ഈ വീഡിയോസ് ചിലരുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടു വന്നു എന്ന് മെസ്സേജുകൾ അടുത്തിടെ കിട്ടി തുടങ്ങി…
എവിടെയോ എങ്ങിനെയോ നമ്മൾ പോലും അറിയാതെ നമ്മൾ ചില കാര്യങ്ങൾ ചിലർക്കെങ്കിലും ഗുണം ഉണ്ടാവുന്നുണ്ടെന്ന് തോന്നിത്തുടങ്ങി… കുറെ കാലം ഞാൻ തന്നെ ഒരു self denial രൂപത്തിലായിരുന്നു…. വീഡിയോ ചെയ്യുന്നു എന്നത് എന്റെ സന്തോഷം മാത്രം.. അത് സമൂഹത്തിൽ ഒരു മാറ്റവും കൊണ്ട് വരുന്നില്ല.. അതിനുദ്ദേശമില്ല, എന്നൊക്കെയുള്ള ചിന്തകളായിരുന്നു…
ഇന്ന് ‘വ്ലോഗ്ഗിങ് എന്തിന്’ എന്ന ചോദ്യം വീണ്ടും പ്രസക്തമായിരിക്കുന്നു…. അതിന്റെ ഉത്തരം ചിലപ്പോൾ ഈ പുസ്തകങ്ങളുടെ 30 ഡേ ചലഞ്ചിൽ അടങ്ങിയിട്ടുണ്ടാവാം….. ഈ വിഡിയോകൾ ഒരുതരം retreat ആണ് ഒരു തരം self discovery….
പക്ഷെ തമാശയില്ലാതെ പിന്നെന്ത് പഹയൻ… അല്ലെ….? അപ്പോൾ തമാശയും കാര്യങ്ങളും ട്രോളിലേക്ക് വഴുതാതെ ചെയ്യാനൊരു വഴി കണ്ടെത്തണം…. അല്പം ഔട്ട് ഓഫ് ദി ബോക്സ് ചിന്തിക്കേണ്ടിയിരിക്കുന്നു…. ജേർണലിലെ എഴുത്തുകൾ വഴി അടുത്ത ദിവസങ്ങളിലായി ചില തിരുമാനങ്ങൾ ഐഡിയാസ് ഒക്കെ പങ്ക് വയ്ക്കാം….
“ഇന്നലെ വൈദ്യർക്കിട്ട് കൊട്ടിയിട്ടാണോ കോപ്പേ ഈ ‘ട്രോളിലേക്ക് വഴുതാതെ’ എന്ന ഡയലോഗൊക്കെ” എന്ന് ചോദിക്കാൻ വെന്പി നിൽക്കുന്നവരോട് പണ്ടൊരു മഹാൻ പറഞ്ഞ പോലെ “സഫറോം കി സിന്ദഗി കഭി ഖത്തം നഹിം ഹോത്താ ഹി ഹു ഹം ഹ” അത്ര തന്നെ….. കൊട്ടേണ്ടിടത്ത് കൊട്ടിയില്ലെങ്കിൽ ഇങ്ങനെ ചെണ്ടയും കോലും തൂക്കിയിട്ട് ജീവിച്ചിട്ടെന്തിന്… തോ കൽ മിലത്തെ ഹെ….
സ്നേഹം!!!
മർത്ത്യൻ (പഹയൻ)
Categories: Articles and Opinions
Leave a Reply