പുതിയ അധ്യയന വർഷം തുടങ്ങുന്പോൾ ഒരു ഉഷാറാണ്….. എനിക്കൊക്കെ ചെറുതാവുന്പോൾ അത് പഠിക്കാനല്ല മറിച്ച് പുത്തൻ ഉടുപ്പിനും പുസ്തകങ്ങൾക്കും സുഹൃത്തുക്കളെ വീണ്ടും കാണുന്നതിനും ഒക്കെയാണ്… ഇന്നലെ ചെക്കന് പുതിയ അധ്യയന വർഷം തുടങ്ങി… മാത്രമല്ല പുതിയ സ്‌കൂളും…. ഇവിടുത്തെ മിഡിൽ സ്‌കൂളിലേക്ക് (മ്മടെ UP സ്കൂള് പോലെ) ഏഴാം ക്ലാസ്സിലേക്ക് പോകുന്നു…. ഇനി രണ്ടു വർഷം അവിടെ നിന്നും.. പിന്നെ അഞ്ച് വർഷത്തേക്ക് ഹൈസ്കൂളിലേക്ക്…..
ചെക്കൻ കിന്റർഗാർഡനിൽ ചേർന്നത് ഇപ്പോഴും ഓർമ്മയുണ്ട്…. അന്ന് അവനെ സ്‌കൂളിൽ കൊണ്ടു ചെന്നാക്കുന്പോൾ പറഞ്ഞു കൊടുത്തത് 84 ആം വയസ്സിൽ ഒന്നാം ക്‌ളാസ്സിൽ ചേർന്ന കെനിയയിലെ കിമാനി മറുഗെയുടെ കഥയാണ്…. ലോകത്തിൽ വിദ്യാഭ്യാസത്തിനും അറിവിനും വേണ്ടി ബുദ്ധിമുട്ടുന്ന എത്രയോ ജനങ്ങളുണ്ടെന്ന് മനസ്സിലാക്കി കൊടുക്കാൻ….
സ്വന്തം പ്രിവിലേജിനെ പറ്റി കുട്ടികൾക്ക് പൂർണ്ണ ബോധ്യം വേണം… എന്നാൽ അവർ ലോകത്തിനെ കാണുന്പോൾ കൂടുതൽ considerate ആവും എന്ന് തോന്നുന്നു….. കണക്കും ശാസ്ത്രവും ആവശ്യമാണ്…. ജോലി കന്പോളത്തിൽ പിടിച്ച് നിൽക്കാനെങ്കിലും… പക്ഷെ ചരിത്രം ആർട്ട്സ് കല എന്നിവയാണ് മനുഷ്യന്റെ സ്വഭാവത്തിനെ സമൂഹത്തിന് വേണ്ടി എല്ലാവരെയും ഉൾക്കൊള്ളാൻ പാകത്തിനായി രാകി മിനുക്കിയെടുക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്…..
ഈ വർഷം കഥകൾ ഒന്നുമില്ല…കിന്ററിൽ പറഞ്ഞ മറുഗെയുടെ കഥയിൽ നിന്നും അവനെന്ത് പഠിച്ചു എന്നറിയില്ല… ചോദിച്ചുമില്ല… പകരം…. അവനോട് ചില ജീവിത സങ്കൽപ്പങ്ങൾ പങ്ക് വച്ചു…. ലോകം സുന്ദരവും ആളുകൾ എല്ലാവരും നല്ലവരാവണം എന്ന ആഗ്രഹം ഉദാത്തവും മഹത്വവും ആണെങ്കിലും അത് പ്രായോഗികമാക്കാൻ അദ്ധ്വാനം വേണമെന്ന്…. വളർന്നു വരുന്ന കുട്ടികളിൽ ഐഡിയലിസം നല്ലതാണ് പക്ഷെ പ്രായോഗികത അനിവാര്യമാണ്…. ലോകത്തിൽ ശാശ്വതമായ മാറ്റങ്ങൾ എത്ര തന്നെ ചെറുതായാലും, ആ മാറ്റങ്ങൾ ആഗ്രഹിക്കുന്പോൾ ഒരു idealistic dreamer മാത്രമായാൽ പോരാ ഒരു realist കൂടിയാവണം എന്ന്….
ഇനി വരും ദിവസങ്ങളിൽ രാവിലെ സ്‌കൂളിൽ കൊണ്ടാക്കുന്പോൾ സ്വപ്നങ്ങളെ കുറിച്ചും careerനെ കുറിച്ചും സംസാരിക്കണം….. തോൽവികളെ കുറിച്ചും സമത്വത്തെ കുറിച്ചും പണത്തെ കുറിച്ചും മിനിമലിസത്തെ കുറിച്ചും എല്ലാം സംസാരിക്കണം…. പിന്നെ സ്വപ്നങ്ങൾ പിന്തുടർന്ന് പോകുന്പോൾ ചുറ്റും നിന്ന് ചോദ്യം ചെയ്യുന്ന പെസിമിസ്റ്റുകളിൽ നിന്നും പഠിക്കാനുള്ളത് പഠിക്കണം പക്ഷെ അവർ വിരിക്കുന്ന വലയിൽ വീഴരുതെന്നും അവരെ പേടിച്ച് യാത്ര പകുതിക്ക് വച്ച് നിർത്തരുത് എന്നും പറയണം…
അങ്ങനെ പലതും… വരും ദിവസങ്ങളിൽ….. കൂട്ടത്തിൽ എന്റെ ജീവിതത്തിലെ പരാജയങ്ങളിലേക്കുള്ളൊരു വ്യൂ അവന് നൽകണം… ആരും സഞ്ചരിക്കാത്ത വഴി പോകുന്പോൾ ലക്ഷ്യത്തെക്കാൾ സുന്ദരം യാത്രയാണെന്ന് അവൻ മനസ്സിലാക്കുമോ എന്നറിയില്ല… നമുക്ക് കുട്ടികൾക്ക് നൽകാനുള്ളത് ഒരു വെട്ടിത്തെളിച്ച കോൺക്രീറ്റ് പാതയല്ല…. ഷൂസ് ഇല്ലാതെയും ഏത് പാതയിലൂടെയും സന്തോഷത്തിൽ നടക്കാനുള്ള ആത്മവിശ്വാസമാണ്… ജയിച്ചില്ലെങ്കിലും പങ്കെടുക്കുന്നതിൽ സന്തോഷം കാണാനുള്ള ചങ്കൂറ്റമാണ്…..
നമ്മൾ വളർന്ന് വന്ന സാഹചര്യമല്ല ഇന്ന്…. അവനിൽ നിന്നും ഞാനും കുറെ പഠിക്കാനുണ്ട്…. ഇനി അവന്റെ പിന്നാലെ നടക്കണം കാരണം നമ്മൾ ഇപ്പോഴും വഴി കാട്ടി നടന്നാൽ… നമ്മൾ നടത്തം നിർത്തുന്പോൾ അവർ വഴി മുട്ടി പോകും……
സ്നേഹം!!!
മർത്ത്യൻ (പഹയൻ)
Categories: Articles and Opinions
Leave a Reply