സൗദി കവി അഷ്റഫ് ഫയദിന്റെ (born 1980 in Saudi Arabia) കവിതയാണ് ഇന്ന് പരിഭാഷപ്പെടുത്തുന്നത്… നിരീശ്വരവാദം പ്രചരിപ്പിക്കുന്നു എന്ന പേരിൽ 2015ൽ അറസ്റ്റ് ചെയ്യപ്പെടുകയും വധ ശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ശിക്ഷക്ക് ഇളവു വരുത്തി എട്ട് വർഷം തടവിനും 800 ചാട്ടവാറടിക്കും വിധിച്ചു… ഇന്നും ശിക്ഷയിലാണ്… സ്വാതന്ത്രത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കലയ്ക്കും എതിരെയുള്ള ആക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഈ പരിഭാഷ… മോനാ കരീം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത ചില കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു..
അഷ്റഫ് ഫയദിന്റെ കവിതകൾ
————-
എണ്ണ നിരുപദ്രവകാരിയാണ്,
ബാക്കി വയ്ക്കുന്ന ദാരിദ്ര്യത്തിന്റെ അവശിഷ്ടമൊഴിച്ച്
മറ്റൊരു എണ്ണക്കിണർ കണ്ടുപിടിക്കുന്നവരുടെ മുഖങ്ങൾ കറക്കുന്ന ദിവസം,
നിങ്ങളുടെ മനസ്സ് ഒരു പുതിയ ജീവൻ കൊണ്ട് നിറയും..
നിങ്ങളുടെ ആത്മാവ് പൊതുജനത്തിന്റെ ഉപഭോഗത്തിനായുള്ള എണ്ണ പോലെ
ഉയിര്ത്തെഴുന്നേല്ക്കും
സമാപ്തം
***********
പറയപ്പെട്ടിരുന്നു: അവിടെ സ്ഥിരതാമസമാക്കാം എന്ന്..
പക്ഷെ നിങ്ങളിൽ ചിലർ എല്ലാവരുടെയും ശത്രുക്കളാണ്
അത് കൊണ്ട് ഇപ്പോൾ സ്ഥലം വിടണം
പുഴയുടെ അടിത്തട്ടിൽ നിന്നും നിങ്ങളിലേക്ക് നോക്കുക
മുകളിൽ നിൽക്കുന്നവർ താഴെ നിൽക്കുന്നവരോട് അല്പം കരുണ കാണിക്കണം
സ്ഥാനഭ്രംശം സംഭവിച്ചവർ നിസ്സഹായരാണ്,
ആർക്കും വിലക്ക് വാങ്ങണ്ടാത്ത
എണ്ണ കംബോളത്തിലെ രക്തം പോലെ
****************
എനിക്ക് മാപ്പ് തരണം, എന്നെ പൊറുക്കണം
നിനക്ക് വേണ്ടി കൂടുതൽ കണ്ണുനീർ പൊഴിക്കാത്തതിന്
ഗൃഹാതുരത്വത്തിൽ നിന്റെ പേര് ഉരുവിടാത്തതിന്.
ഞാൻ എന്റെ മുഖം നിന്റെ കരങ്ങളുടെ ഊഷ്മളതയിലേക്ക് തിരിച്ചു
എനിക്ക് നീയല്ലാതെ സ്നേഹം ലഭിച്ചില്ല, നീ മാത്രം,
ഞാൻ നിന്നെ തിരഞ്ഞു വന്ന ആദ്യത്തെ ആളാണ്
*********************
നാടുകടത്തപ്പെടുന്ന ദിവസം,
നിങ്ങൾ മലിനജലം ഒഴുകുന്ന തുരുന്പ് പിടിച്ച ഓടകളിൽ നഗ്നപാദരായി നീന്തുന്പോൾ
അവർ നഗ്നരായി നിൽക്കും,
ഇത് പാദങ്ങൾക്ക് ആരോഗ്യകരമായിരിക്കും
പക്ഷെ ഭൂമിക്കല്ല..
************************
പ്രവാചകർ എല്ലാം വിരമിച്ചിരിക്കുന്നു
നിങ്ങളുടേത് വരാനായി കാത്തിരിക്കണമെന്നില്ല
പിന്നെ നിങ്ങൾക്ക്
വിദഗ്ദർ അവരുടെ ശന്പളം പറ്റാനായി
ദൈനംദിന റിപ്പോര്ട്ടുകൾ തരുന്നുണ്ടല്ലോ
അന്തസ്സുള്ളൊരു ജീവിതത്തിന്
പണത്തിന് എത്രകണ്ട് പ്രാധാന്യമുണ്ട്
അഷ്റഫ് ഫയദ്
പരിഭാഷ – മർത്ത്യൻ
Categories: Malayalam translation
Leave a Reply