ഇന്ന് റേഡിയോയിൽ ഒരു പാട്ട് കേട്ടു “ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ”. ഓർമ്മകൾ എന്നെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ടു പോയി. ഏഴാം ക്ലാസ്സ് കഴിഞ്ഞ് ഹൈസ്‌കൂളിലേക്ക് പോകുന്ന ആ അവധി കാലം. അന്ന് ബേപ്പൂർ ഐ.ടി.ഐ ക്ക് സമീപമുള്ളൊരു ടാക്കീസിലാണ് (എന്ന് തോന്നുന്നു) ‘എങ്ങിനെ നീ മറക്കും’ എന്ന മോഹൻലാൽ-ശങ്കർ സിനിമ കണ്ടത്. മോഹൻലാൽ വില്ലനിൽ നിന്നും സൈഡ് റോളുകൾ വഴി നായക സ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു.
മോഹൻലാൽ വില്ലനല്ലാതെ അഭിനയിച്ച ഞാൻ കണ്ട ആദ്യ സിനിമയിതായിരുന്നു എന്നാണോർമ്മ . മാത്രമല്ല അന്ന് ശങ്കർ തന്നെയായിരുന്നു മുന്നിൽ. അതുകൊണ്ടായിരിക്കണം ട്രയാങ്കിൾ ലൗ സ്റ്റോറി പറയുന്ന ഈ സിനിമയിൽ മരണം വിധിച്ചത് ശങ്കറിനല്ല മോഹൻലാലിനാണ്. മോഹൻലാൽ സിനിമയുടെ അവസാനം വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയാണ്.
എന്റെ ഓർമ്മകൾ അങ്ങനെ പെട്ടന്നെന്നെ വിടാൻ ഒരുക്കമുണ്ടായിരുന്നില്ല. ആരൊക്കെയായിരുന്നു അന്ന് സിനിമ കാണാൻ എന്റെ കൂടെ, എന്ന് മനസ്സ് തിരയാൻ തുടങ്ങി.
ഒഴിവുകാലം ചിലവഴിക്കാൻ കവി എൻ.എൻ കക്കാടിന്റെ (കക്കാട്ട് എന്ന് ഞങ്ങൾ വിളിക്കുന്ന) വീട്ടിൽ വന്നിരുന്ന അജയേട്ടൻ (പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞന്‍ പുല്ലേരി വാദ്യൻ അജയ് നന്പൂതിരി), പിന്നെ കക്കാട്ട് താമസിച്ച് ബേപ്പൂർ ഐ.ടി.ഐയിൽ പഠിച്ചിരുന്ന ജയേട്ടൻ. ഇവരുടെ കൂടെയായിരുന്നു സിനിമ.
ഞാനും അജയേട്ടനും ചേവായൂരിൽ നിന്നും ബസ്സ് പിടിച്ച് ബേപ്പൂര് ചെന്നിറങ്ങി. ജയേട്ടന് അന്ന് ക്ലാസ്സുണ്ടായിരുന്നു. ബസ്സ് പിടിച്ച് പോയി എന്ന് തെല്ലൊരഹംഭാവത്തോടെയാണ് ഇന്നും പറയുന്നത്.
ദുബായിൽ നിന്നും നാട്ടിലേക്ക് പറിച്ചു നട്ട മലയാളം തെറ്റില്ലാതെ എഴുതാൻ കഴിയാത്ത പെപ്സിയും ചിക്കനും മാത്രം കഴിച്ചിരുന്ന ഒരു ശരാശരി മല്ലു ബാലന് മുതിർന്നവരുടെ ചങ്ങലകളിൽ നിന്നും വിട്ട് സ്വന്തം യാത്ര ചെയ്യാനുള്ള അവസരമായിരുന്നു. നാട്ടിൽ ധാരാളം സഞ്ചരിച്ച് പതിവുള്ള എന്നെക്കാളും ഒരു വയസ്സ് മൂപ്പുള്ള അജയേട്ടൻ കൂടെയുണ്ടായിരുന്നെങ്കിലും ഞാൻ ഒറ്റക്ക് യാത്ര ചെയ്യുന്ന ത്രില്ലിലായിരുന്നു. ഏതായാലും അവിടെ ചെന്ന് ജയേട്ടനുമായി സിനിമ കണ്ട് തിരിച്ച് വീട്ടിലെത്തി. ഓർമ്മകളങ്ങനെ പറന്ന് പറന്ന് പലയിടത്തും പലരിലും പോയി ചെന്നിരുന്നു.
മലയാളം അറിയാത്ത എന്നെ മലയാളം പഠിപ്പിക്കാൻ ശ്രമിക്കുന്ന എൻ.എൻ കക്കാടിന്റെ മകൻ മണിയേട്ടൻ. മണിയേട്ടന്റെ അനിയൻ ഉണ്ണിയേട്ടൻ, ഇന്ന് ഉണ്ണിയേട്ടന്റെ സഹധർമ്മിണിയും അന്ന് ഞങ്ങളുടെയൊക്കെ റിങ് ക്യാപ്ടനുമായിരുന്ന പ്രിയചേച്ചി, അവരുടെ അനിയത്തി ശുഭ, അവരുടെ അമ്മയും എന്നെ കവിത പോലെ കണക്ക് പഠിപ്പിച്ച സാവിത്രിയേടത്തി, ഉണ്ണിയേട്ടന്റെ സുഹൃത്ത് ഹരീഷേട്ടൻ (ഹരീഷ് കടയപ്രത്ത്), കവിയുടെ ബെറ്റർ ഹാഫും എഴുത്തുകാരിയുമായ ശ്രീദേവിയേടത്തി, ശ്രീദേവിയേടത്തിയുടെ അനിയത്തി ഗീതേടത്തി, ഗീതേടത്തിയുടെ ഭർത്തവ് ഉണ്ണിയേട്ടൻ, അവരുടെ മകൻ ഉല്ലാസ്, അവിടെ ഇടയ്ക്കിടക്ക് വന്നിരുന്ന കവി വിഷ്ണുനാരായണൻ നന്പൂതിരി, അജയേട്ടന്റെ സഹോദരങ്ങൾ ബാബുവേട്ടനും സത്യനും, പിന്നെ വർഷങ്ങൾക്ക് ശേഷം ഞാൻ ദേവഗിരിയിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് എന്റെ സുഹൃത്തും പാർട്ടണർ ഇൻ ക്രൈമുമായിരുന്ന, കക്കാട്ട് താമസിച്ച് പൊളിടെക്നിക്കിന് പഠിച്ചിരുന്ന അനിയൻ (അനുജൻ)… അങ്ങനെ ഇവിടെ പറഞ്ഞവരും അല്ലാത്തവരുമായ എത്രയോ പേരിലേക്ക് എന്റെ ചിന്ത പോയി.. പിന്നെ അൽപ നേരം അത് എന്റെ അമ്മയിലേക്കും അച്ഛനിലേക്കും അനിയത്തിയിലേക്കും എന്ന് വേണ്ട കുറെ നേരം അങ്ങനെ അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞു.
ഇന്ന് മലയാളം എഴുതുന്പോൾ പലപ്പോഴും ആ വീടിനെയും അതു വഴി പരിചയപ്പെട്ട പലരെയും കുറിച്ചുള്ള ഓർമ്മ കോർത്താണ് ഓരോ വാക്കും വരികളിലേക്ക് പൊട്ടാതെ ഇറക്കുന്നത്. അവിടെയുള്ള മലയാളം പുസ്തക ശേഖരമാണ് ഭാഷയുമായി എന്നെ ഇത്രക്ക് അടുപ്പിച്ചതെന്ന് തോന്നുന്നു. അല്ലെങ്കിൽ പത്ത് കഴിഞ്ഞ് ഇനി മലയാളം വേണ്ടല്ലോ എന്നാലോചിച്ചപ്പോൾ സന്തോഷിച്ച് തുള്ളിചാടിയ ഞാൻ വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചു വന്ന് മലയാളം ബ്ലോഗും കവിതാ വിവർത്തനവും നടത്തുമെന്ന് ആരറിഞ്ഞു.
അറിവല്ല, ആഗ്രഹങ്ങളും ഭാഷാസ്നേഹവും അറിവില്ലായ്മയിൽ തെല്ലും ലജ്ജയില്ലായ്മയുമാണ് എന്നും മർത്ത്യനെ എഴുതാൻ പ്രേരിപ്പിക്കുന്നത്.
അങ്ങനെ അവിടെ പലരുമായി സമയം പങ്കിട്ട് ഓർമ്മകൾ വീണും ഐ.ടി.ഐ.യിൽ പഠിച്ചിരുന്ന ജയേട്ടനിൽ ചെന്നെത്തി. ജയേട്ടൻ ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ അങ്ങനെ ആ സിനിമ ഞാൻ കാണുമായിരുന്നില്ല. ആദ്യത്തെ ഒറ്റക്കുള്ള യാത്ര എന്നെനിക്ക് ഓർമ്മിച്ചെടുക്കാൻ ഇതുണ്ടാവില്ല. അതിനു ശേഷം ജയേട്ടൻ പഠിത്തം കഴിഞ്ഞ് തിരിച്ചു പോയി. ജയേട്ടനെ പിന്നെ ഞാൻ കണ്ടതായി ഓർക്കുന്നില്ല. ഒന്നു രണ്ട് വർഷങ്ങൾക്ക് ശേഷം ജയേട്ടൻ ജീവിതം സ്വയം മതിയാക്കി യാത്രയായി.
ആത്മഹത്യയുമായി എനിക്കുള്ള ആദ്യത്തെ പരിചയം. അതിനു മുൻപേ ആത്മഹത്യ ചെയ്തൊരാളെ ഞാൻ അറിഞ്ഞിരുന്നില്ല. അച്ഛന്റെ ഒരു സഹപാഠിയെ കുറിച്ച് അച്ഛൻ പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ.
അതിനു ശേഷം പരിചയത്തിലുള്ള പലരും സ്വയം അവസാനിപ്പിച്ച് കളരിയിൽ നിന്നും പിന്മാറിയിട്ടുണ്ട്. എല്ലാ സമയത്തും നിസ്സഹായനായി നിൽക്കാനും വാർത്ത കേളക്കാനും മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതായിരിക്കാം വർഷങ്ങൾക്ക് ശേഷം സൂയിസൈഡ് കൺസൽട്ടൻറ് എന്ന ഇംഗ്ലീഷ് കഥയെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ആത്മഹത്യ, അത് എല്ലാ മനുഷ്യരുടെയും കയ്യെത്തും ദൂരത്ത് പതിയിരിക്കുന്നുണ്ട്, അത് വേണ്ടെന്നു വയ്ക്കാനുള്ള സഹായവും അടുത്ത് തന്നെയുണ്ട് എന്നായിരുന്നു കഥയുടെ പ്രമേയം. ആ കഥ പിന്നീട് (ഇന്നും പുറത്തിറക്കാത്ത) ഒരു ഷോർട്ട് ഫിലീമുമാക്കി.
അറിയുന്ന ആരെങ്കിലും ആത്മഹത്യ ചെയ്‌താൽ നമുക്കാദ്യം തോന്നുന്നതിതാണ് “എന്തിന്….” “നമ്മളറിഞ്ഞിരുന്നെങ്കിൽ ഇങ്ങിനെയുണ്ടാവില്ലായിരുന്നു”…. പക്ഷെ ആരും അറിയില്ല എന്നത് തന്നെയാണ്ആത്മഹത്യയുടെ പ്രശ്നം അല്ലെങ്കിൽ അത് കൊലപാതകമാകില്ലെ?
നമ്മൾ ഇടപ്പെട്ട് ഒഴിവാക്കിയ ആത്മഹത്യകൾ ഏതായിരിക്കാമെന്നും എത്രയാണെന്നും നമുക്കറിയാൻ വഴിയില്ല. അത് കൊണ്ടാണ്, ആത്മഹത്യ എന്നും എല്ലാവരെയും തോൽപ്പിച്ചിട്ടേയുള്ളു, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ഒരുപോലെ.
ഒരിക്കലെങ്കിലും ആത്മഹത്യയെ കുറിച്ചോർക്കാത്ത ആരുമുണ്ടാവില്ല എന്നാരോ പറഞ്ഞതോർക്കുന്നു. അതിനർത്ഥം നിഷ്ഫലമായ ആത്മഹത്യാ ശ്രമങ്ങളുടെയും ചിന്തകളുടെയും ജീവിക്കുന്ന പ്രതീകങ്ങളാണ് നമ്മളെല്ലാം. ആത്മഹത്യ ചെയ്തവരേക്കാൾ കൂടുതൽ അത് വേണ്ടെന്നു വച്ചവരാണെന്നു തന്നെ.
മൃത്യു ഉള്ളവനാണ് മർത്ത്യൻ, പക്ഷെ ഉണ്ടെന്ന് കരുതി അത് പെട്ടന്നാക്കണം എന്നില്ലല്ലോ… അങ്ങനെ പലരിൽ നിന്ന് വീണ്ടും ചിന്തകൾ ജീവിതത്തിലേക്കും മരണത്തിലേക്കും ജീവിതത്തിലെ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരിലേക്കും നീങ്ങി പോകുന്നു. ജീവിതം നമ്മളുണ്ടാക്കുന്ന അർത്ഥങ്ങൾക്കുപരി ഒന്നുമല്ല എന്നും മനസ്സിലാക്കുന്നു. നമ്മളുണ്ടാക്കുന്ന അർത്ഥമാണ് ജീവിതം എന്നത് തന്നെയാണ് അതിന്റെ മഹത്വം.
ആത്മീയതയിലും, ആരാന്റെ തത്ത്വജ്ഞാനത്തിലും, പണത്തിനു പിറകെയുള്ള പരക്കം പാച്ചിലുകളിലും ഒന്നുമല്ല നമ്മളിലോരോരുത്തരുടേയും ഉള്ളിലുള്ള മർത്ത്യന്റെ ജീവസ്സുറ്റ പരസ്‌പരവിരുദ്ധതയിലാണ് നമ്മൾ ഈ ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നത്.
ഓർമ്മകൾ അങ്ങനെ ഒരു ഞായറാഴ്ചയുടെ നല്ലൊരു പങ്കും കൊണ്ട് കടന്നുപോയി. ഇതും ജീവിതത്തിന്റെ ഒരർത്ഥതലം തന്നെ.
-മർത്ത്യൻ-
Categories: Memories
ഇത് വളരെ ഇഷ്ടപ്പെട്ടു. കക്കാട് മണി(ശ്രീകുമാർ)യുമായി ഞങ്ങൾ ഇപ്പോൾ നല്ല അടുപ്പത്തിലാണ്. മണിയുടെ പത്‌നി വിഷ്ണുനാരായണന്റെ രണ്ടാമത്തെ മകൾ അപർണ. ഡിസംബറിൽ എന്റെ പുസ്‌തകം അടിച്ചു പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ മണിയുടെ സഹായം വളരെ വലുതായിരുന്നു. ആകാശവാണിയിൽ ജോലിചെയ്യുന്ന മണി ഇപ്പോൾ തൃശൂർ നിലയത്തിലാണ്.
എം എൻ
LikeLike