നമ്മളോരോരുത്തരും മനസ്സിൽ ധാരാളം ആഗ്രഹങ്ങൾ കൊണ്ടു നടക്കുന്നവരാണ്. അതിൽ വളരെ ചെറിയൊരു വിഭാഗം മാത്രമേ സ്വപ്നങ്ങൾ കാണാനുള്ള ധൈര്യം കാണിക്കാറുള്ളു. അതിലും ചെറിയൊരു പറ്റം ആളുകൾക്ക് മാത്രമേ ആ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനുള്ള പരിശ്രമങ്ങളിലേക്ക് കാലെടുത്ത് വയ്ക്കാനുള്ള നെഞ്ചുറപ്പ് ഉണ്ടാകു. അങ്ങിനെ അവർ അനേകം ആളുകളുടെ മനസ്സിലെ ആഗ്രഹത്തെ സ്വപ്നത്തിൽ പലതവണ ചാലിച്ചെടുത്ത് നിരന്തരം പരിശ്രമത്തോടെ ഒരു വേദിയിൽ യാഥാർഥ്യമാകുന്നു. അതാണ് ഒരു നാടകത്തിന് ആവിഷ്കാരം.
അഞ്ചാറു മാസം മുൻപ് സർഗ്ഗവേദിയുടെ ഒരു മീറ്റിംഗിൽ ഒരു മുഴുനീള മലയാള നാടകം സ്റ്റേജിൽ ബേ ഏരിയയിലെ മലയാളികൾക്കായി കൊണ്ട് വരണം എന്ന് പലരും ആഗ്രഹം പ്രകടിപ്പിച്ചു. ഒരു തുടക്കമായി ഹിന്ദിയിലും ഇംഗ്ളീഷിലും ഇന്ത്യൻ ഡിയാസ്പൊറ നടത്തിവരുന്ന തീയറ്ററിക്കൽ സംരംഭങ്ങളിലേക്ക് ഒരു മലയാളി ചുവടുവെപ്പ്. ഒരു വെറും ചുവടുവെപ്പല്ല, ഒരു കാട്ടുകുതിരയുടെ കുളന്പടികൾ തന്നെയാവട്ടെ എന്നായിരുന്നു അഭിപ്രായം. ഞാനും ആഗ്രഹത്തിൽ പങ്കു ചേർന്നു.
പക്ഷെ എന്റെ മനസ്സിൽ അത് വെറും ഒരാഗ്രഹമായിരുന്നിരിക്കണം, മീറ്റിങ്ങുകളിലും സദസ്സുകളിലും ചർച്ചകളിൽ മാത്രം തങ്ങി നിൽക്കാൻമാത്രം പാകമുള്ള ഒരാഗ്രഹം. അത് സ്വപ്നമായി കണ്ട് തോളിലേറ്റി നടന്ന് അഹോരാത്രം പരിശ്രമിക്കാനുള്ള ചങ്കുറപ്പ് ഉണ്ടായിരുന്നില്ല എന്നു തന്നെ. പക്ഷെ എന്നെ പോലുള്ള ആരംഭശൂരത്തകാരല്ലല്ലോ എല്ലാവരും. ആയിരുന്നെങ്കിൽ ലോകം എന്തൊരു ബോറായിയേനെ.
വിശേഷങ്ങൾ ഫേസ്‌ബുക്ക് വഴി വായിച്ചറിഞ്ഞ് നാടകം കാണാനുള്ള കാത്തിരിപ്പായി പിന്നെയുള്ള ദിവസങ്ങൾ. മടിക്കാതെ സ്വപ്നം കണ്ട ആ നാടക പ്രേമികളുടെ കൂടെ പലരും സഹായവുമായി വന്നു. ഇഞ്ചിഞ്ചായി നീങ്ങി ആ കാട്ടുകുതിരയുടെ കുളന്പടികൾ നാലു മാസത്തെ നിരന്തര പരിശ്രമത്തിനു ശേഷം വേദിയിലേക്കായി ഒരുങ്ങിയെന്നും അറിഞ്ഞു. ആദ്യത്തെ മീറ്റിംഗിൽ പങ്കെടുത്ത് പിന്നെ ഒരു സഹായവും നൽകാൻ കഴിഞ്ഞില്ല എന്നതിന്റെ തെല്ലൊരു ജാള്യതയോടെയാണ് ഞാൻ ആ നിറഞ്ഞ സദസ്സിൽ ചെന്നിരുന്നത് എന്ന് പറയുന്നതായിരിക്കും അതിന്റെ ശരി.
ഒരു നാടകത്തിന്റെ തിരശ്ശീല പൊങ്ങി കയ്യടിയുയരുന്നതിനു മുൻപായി രണ്ടോ മൂന്നോ സെക്കൻഡ് ദൈർഖ്യമുള്ള ഒരു നിശബ്ദദയുണ്ട്. സ്റ്റേജ് സെറ്റപ്പ് വഴി ആ നാടകത്തിന്റെ ആത്മാവിന്റ ഒരു ഭാഗം സദസ്സിലിരിക്കുന്നവരിലേക്ക് പകരുന്ന നിമിഷങ്ങൾ. ആർട്ട് ഡയറക്ടർ ശ്രീജിത്ത് ശ്രീധരന്റെ തന്‍മയത്വമാർന്ന സ്റ്റേജ് സെറ്റപ്പ് മുന്നിൽ കണ്ടപ്പോൾ സദസ്സിലുള്ളവരുടെ മനസ്സ് നാട്ടിലേക്ക് പോയി തിരിച്ചു വരാൻ സമയമെടുത്തത് കൊണ്ടാവണം ആ നിശബ്ദദക്ക് അല്പം നീളം കൂടിയത്. നാടകം തുടങ്ങുന്നതിന് മുൻപേ ഇത്രയും കയ്യടി ഞാൻ മുൻപ് ബേ.ഏരിയയിൽ കണ്ടിട്ടില്ല എന്നതാണ് വാസ്തവം. നന്ദി ശ്രീജിത്ത്…
അഭിനയം വഴി സ്റ്റേജിൽ ആനയുണ്ടോ എന്നു വരെ സംശയം തോന്നിക്കുന്ന വിധമായിരുന്നു ഉമേഷ് നരേന്ദ്രന്റെ ആന നായർ. ബിന്ദു ടി.ജി യുടെ കുറത്തി കല്ല്യാണിക്ക് കിട്ടിയ കയ്യടികൾ സാക്രമെന്റോയിലേക്ക് കൊണ്ടു പോകാൻ ബിന്ദു ഒരു യൂ.ഹാൾ ബുക്ക് ചെയ്തു എന്നാണു കേട്ടത്. ഇന്നസെൻസിൽ പൊതിഞ്ഞ ഹാസ്യവുമായി ബാലകൃഷ്ണ മേനോന്റെ കഥാപാത്രം ചെയ്ത സതീഷ് മേനോൻ സിനിമയിലെ ഇന്നസെന്റിനെക്കാൾ ശോഭിച്ചു. ലതയായി ലാഫിയയും മോഹനായി ആർ.ക്കെയും അഭിനയിച്ചപ്പോൾ കൗമാര പ്രേമത്തിന്റെ നിഷ്ക്കളങ്കതയായിരുന്നു ഹാളിൽ നിറഞ്ഞു നിന്നിരുന്നത്. മങ്കയായി വന്ന സന്ധ്യ സുരേഷ്, സാജൻ, ലിജിത്ത്, തരുൺ എല്ലാവരും വളരെ ഭംഗിയായി അവരുടെ ഭാഗം നിർവഹിച്ചു. തിരശ്ശ്ശീലക്ക് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും ഓഡിയോ, വീഡിയോ, മ്യൂസിക്ക്, ആലാപനം, അതിനെല്ലാം പറയാൻ എന്റെ പക്കിൽ വാക്കുകൾ കുറവാണ്. ഒരു വലിയ നന്ദിയിൽ ചുരുക്കുന്നു.
നാടകവേദിയിൽ രാജൻ പി. ദേവിന്റേയും, വെള്ളി സ്‌ക്രീനിൽ തിലകന്റെയും രുപത്തിൽ മാത്രം സദസ്സിലുണ്ടായിരുന്നവരുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്ന കൊച്ചു വാവയിലേക്ക് നടന്നു കയറുക എളുപ്പമല്ല. നാടകവും അഭിനയവും തൊഴിലാക്കിയ പഴക്കംചെന്ന നടന്മാർക്ക് പോലും ഒരു വലിയ വെല്ലുവിളിയാണ് ഈ കഥാപാത്രം. അങ്ങനെയിരിക്കെയാണ് ആ വേഷത്തിലേക്കും കാണികളുടെ ഭാവനയിലേക്കും വളരെ അനായാസം മധു മുകുന്ദൻ നടന്നു വന്നത്. എൻട്രിയും, ‘ഡിം’ഉകളും ‘ഒവ്വ’ കളും മാത്രമല്ല ഭാഷയിലും ഡയലോഗ് ഡെലിവെറിയിലും എല്ലാം കൊച്ചു വാവ തന്നെ.
ഇടവേളക്കും നാടകത്തിനു ശേഷവും ഞാൻ ചിലരായി സംസാരിച്ചു. ഒരു അവിശ്വസനീയതയാണ് അവരുടെ മുഖത്ത് കാണാൻ കഴിഞ്ഞത്. ഒരു മുഴുനീള നാടകം, അതും അമേരിക്കയിൽ, അതും ഇത്രയും ജനപ്രീതി നേടിയെടുത്ത, ഏതൊരു മലയാളിക്കും തന്റേതായ വീക്ഷണങ്ങളുള്ള, മനസ്സിൽ പതിഞ്ഞ കഥാപാത്രങ്ങളുള്ള ഒരു നാടകം; ആദ്യ സംരംഭമായി കാണികളുടെ മുൻപിലേക്ക് എത്തിക്കുക എന്നത് മുൻപേ പറഞ്ഞത് പോലെ ചങ്കുറപ്പുള്ളവർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്. അതിന് സംവിധായനായ ജോൺ കൊടിയനും സഹ സംവിധായകാനായ വിനോദ് മേനോനും പിന്നെ സർഗ്ഗവേദിയുടെ പ്രധാന ഊർജ്ജമായി രാജി മേനോനും വെറുമൊരു നന്ദിയിൽ ഒതുക്കുന്നത് ശരിയല്ല. സത്യത്തിൽ അതാണ് സമയമെടുത്ത് ഈ പോസ്റ്റ് എഴുതാനുള്ള കാരണം.
ഈ നാടകത്തിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് അത്യാവശ്യമുള്ള ഒരു മുൻകാല നാടക സംവിധായകനായി മാറ്റി വച്ചിരിക്കുന്നു എന്നത് ഈ സംരംഭത്തിന്റെ ഭാഗമായവരുടെ വലിയ മനസ്സിന്റെ ഉദാഹരണമാണ്. ഏതൊരു കലാരൂപവും അവതരിപ്പിക്കപ്പെടുന്പോൾ അത് അതിന്റെ മുൻകാലത്തിലെ അവതരണങ്ങൾക്കും അവതാരകർക്കും കടപ്പെട്ടിരിക്കുന്നു. തിരിച്ച് സമൂഹത്തിലേക്ക് എന്തെങ്കിലും നൽകാൻ കഴിയുന്ന കലാരൂപങ്ങളുടെയും കലാകാരന്മാരുടെയും സഹൃദയരുടെയും മൂല്യം ഞാനായി പ്രത്യേകിച്ച് പറഞ്ഞു തരേണ്ടതില്ലല്ലോ. അതു കൊണ്ട് തന്നെ ആ നിറഞ്ഞ സദസ്സിൽ വന്നിരുന്ന ഓരോരുത്തരെയും ഈ നല്ല കാര്യത്തിന്റെ ഭാഗമാക്കിയതിന് സംഘാടകരോട് നന്ദി രേഖപ്പെടുത്തുന്നു.
ഇങ്ങനെയൊരു ദൃശ്യ വിസ്മയം ബേ.ഏരിയ മലയാളികൾക്ക് കാഴ്ച്ച വച്ച സർഗ്ഗവേദിക്ക് എന്റെ അഭിന്ദനങ്ങൾ. ഇത് ഒരു തുടക്കമായി കൂടുതൽ മുഴുനീള നാടകങ്ങൾ വരട്ടെ എന്ന് നമുക്ക് ആശംസിക്കാം. മാത്രമല്ല ഈ കാട്ടുകുതിരയുടെ കുളന്പടികൾ അമേരിക്ക മുഴുവൻ കേൾക്കണം വേദിയിൽ നിന്നും വേദികളിലേക്ക് അത് നീങ്ങട്ടെ.
ഇത്രയും വലിയ പോസ്റ്റിടാൻ കാരണം ഒന്ന് കൂടിയുണ്ട്. ആദ്യം പറഞ്ഞത് പോലെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും തമ്മിൽ വലിയൊരു വ്യത്യാസമുണ്ട്. ആഗ്രഹങ്ങൾ ചിലപ്പോൾ മനുഷ്യനെ ദൂരെ ഒരു സ്വപ്നലോകത്തിൽ കൊണ്ടു ചെന്നെത്തിക്കും. പലരുടെയും കാര്യത്തിൽ ആഗ്രഹങ്ങൾക്ക് ആ സ്വപ്നലോകത്ത് നിന്ന് തിരിയാൻ മാത്രമേ യോഗമുണ്ടാവുകയുള്ളു. പക്ഷെ ചിലരുടെ കാര്യത്തിൽ അവിടെ വച്ച് സ്വപ്നങ്ങൾ അവരെ ഉറങ്ങാൻ അനുവദിക്കാതെ യാഥാർഥ്യമാക്കി മാറ്റാൻ നിർബന്ധിച്ചു കൊണ്ടിരിക്കും. അവർ ധൈര്യത്തോടെ ആത്മവിശ്വാസത്തോടെ മുന്നേറും. ആ ഒരു വസ്തുത മുന്നിൽ കൊണ്ടുവരാൻ കൂടി വേണ്ടിയാണ്.
ഇംഗ്ളീഷിൽ പറഞ്ഞാൽ ‘A post from someone who developed a cold feet after the first energy’ 🙂
നന്ദി
മർത്ത്യൻ
Categories: Articles and Opinions
Leave a Reply